IND vs ENG: ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നായകനാര്? ബാറ്റിങ് അടിസ്ഥാനത്തില്‍ റാങ്കിങ് അറിയാം
ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയകരമായി മുന്നോട്ട് പോവുകയാണ്. ആദ്യ മൂന്ന് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ചരിത്ര ജയം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ ശക്തമായി തിരിച്ചെത്തിയ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തി.
നാലാം മത്സരം ഓവലില്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം ആശങ്ക ഉണ്ടാക്കുകയാണ്. പ്രധാനമായും ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോം ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2018ല്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ കളം വാണ കോലിക്ക് 2021ല്‍ ഇംഗ്ലണ്ട് പേസ് കരുത്തിന് മുന്നില്‍ അടി പതറുകയാണ്.
ഓഫ് സൈഡിന് പുറത്ത് പേസര്‍മാര്‍ ഒരുക്കുന്ന കുരുക്കില്‍ വിരാട് കോലി സ്വയം തലവെച്ച് കൊടുക്കുകയാണ്. സമാനമായ രീതിയില്‍ ഒന്നിലധികം തവണ അദ്ദേഹം പുറത്തായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ലോര്‍ഡ്‌സിലെ ജയം നായകനെന്ന നിലയില്‍ കോലിക്ക് അഭിമാന നേട്ടമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് കോലിക്ക് എളുപ്പമല്ല. 21ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള നാല് ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

കോലിക്ക് നാലാം സ്ഥാനം
നിലവിലെ ഇന്ത്യന്‍ നായകനായ വിരാട് കോലിക്ക് ഈ പട്ടികയില്‍ നാലാം സ്ഥാനമാണ്. 33.62 ശരാശരിയില്‍ 908 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയപ്പോഴെല്ലാം ജെയിംസ് ആന്‍ഡേഴ്‌സനാണ് കോലിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത്. 2014ലെ പര്യടനത്തില്‍ കോലിയെ നാല് തവണ പുറത്താക്കിയ ആന്‍ഡേഴ്‌സന് 2018ല്‍ ഒറ്റ തവണ പോലും അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താനായില്ല. 2021ലും ആന്‍ഡേഴ്‌സന് മുന്നില്‍ കോലി പതറുകയാണ്.
നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം പറയാമെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹത്തിന് അടിപതറുകയാണ്. അദ്ദേഹം സെഞ്ച്വറി നേടിയിട്ട് 51 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്. 2019 സെപ്തംബറിന് ശേഷം ഇതുവരെ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായിട്ടില്ല. ഇനിയും രണ്ട് മത്സരങ്ങള്‍ കൂടി പരമ്പരയില്‍ ശേഷിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ശക്തമായി തിരിച്ചുവരാന്‍ ഇന്ത്യന്‍ നായകന് മുന്നില്‍ അവസരമുണ്ട്.

എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകനായ എംഎസ് ധോണിക്ക് ടെസ്റ്റില്‍ വലിയൊരു കരിയര്‍ അവകാശപ്പെടാനാവില്ല. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത അദ്ദേഹം പരിമിത ഓവര്‍ കരിയറിനായി നേരത്തെ തന്നെ ടെസ്റ്റിനോട് വിടപറഞ്ഞിരുന്നു. ഈ റെക്കോഡ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ധോണി. 37.04 ശരാശരിയില്‍ 778 റണ്‍സാണ് അദ്ദേഹം ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്.
വലിയ സെഞ്ച്വറി പ്രകടനങ്ങള്‍ സെന രാജ്യങ്ങളില്‍ നടത്താനായിട്ടില്ലെങ്കിലും എന്നും ശരാശരി ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ധോണി. 2007ല്‍ ഓവലില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 82 പന്തില്‍ 91 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒമ്പത് ഫോറും നാല് സിക്‌സും ഉള്‍പ്പെടും.

സൗരവ് ഗാംഗുലി
മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടില്‍ സെഞ്ച്വറിയടിച്ച് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 54.54 ശരാശരിയില്‍ 600 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ വേഗ പിച്ചില്‍ 2002ലെ പരമ്പരയില്‍ ഓവലില്‍ ഗാംഗുലി സെഞ്ച്വറി നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെങ്കിലും മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന നായകനാണ് സൗരവ് ഗാംഗുലി.

രാഹുല്‍ ദ്രാവിഡ്
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടുള്ള നായകനാണ് രാഹുല്‍ ദ്രാവിഡ്. 69.94 ശരാശരിയില്‍ 1189 റണ്‍സാണ് ബാറ്റിങ് വന്മതിലായ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടില്‍ നേടിയിട്ടുള്ളത്. 2002ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 600ലേറെ റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി തിളങ്ങിയത് ദ്രാവിഡായിരുന്നു. ഇംഗ്ലണ്ടില്‍ ആറ് സെഞ്ച്വറികളും രണ്ട് അര്‍ധ സെഞ്ച്വറികളും ദ്രാവിഡിന്റെ പേരിലുണ്ട്. വിദേശ മൈതാനത്തെ ഇന്ത്യയുടെ ബാറ്റിങ്ങിലെ വിശ്വസ്തനായ ദ്രാവിഡ് എന്നും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിച്ചിട്ടുള്ള താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications