Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇതാണോ കോലിക്ക് പകരക്കാരന്‍? ഇനിയൊരു ടെസ്റ്റില്‍ കാണില്ല! പാട്ടിധാറിന് വിമര്‍ശനം

രാജ്‌കോട്ട്: മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വന്ന രജത് പാട്ടിധാര്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിരാശപ്പെടുത്തി. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വലിയൊരു ഇന്നിങ്‌സുമായി ടീമിന്റെ ഹീറോയാവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. പക്ഷെ പാട്ടിധാര്‍ ഇതു പാഴാക്കുകയായിരുന്നു. പതിവുപോലെ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷമാണ് അഞ്ചു റണ്ണെടുത്ത് താരം പുറത്തായത്.

15 ബോളുകള്‍ നേരിട്ട പാട്ടിധാറിന്റെ ഇന്നിങ്‌സില്‍ ഒരു ഫോറുള്‍പ്പെട്ടിരുന്നു. സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുടെ ബൗളിങില്‍ ബെന്‍ ഡക്കെറ്റാണ് താരത്തെ പിടികൂടിയത്. ഒമ്പത് റണ്‍സെടുക്കുന്നതിനിടെ യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മന്‍ ഗില്‍ (0) എന്നിവരെ നഷ്ടമായതിനു ശേഷമാണ് ആറാമത്തെ ഓവറില്‍ പാട്ടിധാര്‍ ക്രീസിലേക്കു വന്നത്. ഏഴു ബോളുകള്‍ക്കു ശേഷം എട്ടാമത്തെ പന്തിലാണ് താരം സിംഗിളെടുത്ത് അക്കൗണ്ട് തുറന്നത്.

RAJAT PATIDAR

തുടര്‍ന്നുള്ള ബോളില്‍ സ്പീഡ് സ്റ്റാര്‍ മാര്‍ക് വുഡിനെതിരേ കിടിലന്‍ ബൗണ്ടറി പായിക്കുകയും ചെയ്തു. ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോള്‍ കവര്‍ ഏരിയയിലൂടെ പാട്ടിധാര്‍ ബൗണ്ടറി കടത്തുകയായിരുന്നു. ഇതു താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷെ തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിക്കു മുന്നില്‍ പാട്ടിധാര്‍ വിക്കറ്റ് സമ്മാനിച്ചു മടങ്ങുകയായിരുന്നു.

ഓഫ്സ്റ്റംപിനു പുറത്തായിരുന്നു ബൗളര്‍ കെണിയൊരുക്കിയത്. കട്ട് ഷോട്ട് കളിക്കാനാണ് പാട്ടിധാര്‍ ശ്രമിച്ചത്. പക്ഷെ അപ്രതീക്ഷിത ടേണും ബൗണ്‍സും താരത്തിന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റിക്കുകയായിരുന്നു. കവര്‍ ഏരിയയിലേക്കുയര്‍ന്ന ബോള്‍ നേരെ ബെന്‍ ഡക്കെറ്റിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ പാട്ടിധാറിനു ഒരിക്കല്‍ക്കൂടി നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

ടെസ്റ്റ് പരമ്പരയില്‍ നിന്നും കോലി തികച്ചും അപ്രതീക്ഷിതമായി പിന്‍മാറിയതോടെയാണ് പകരക്കാരനായി പാട്ടിധാറിനു ടീമിലേക്കു വിളിയെത്തിയത്. ആദ്യ ടെസ്റ്റില്‍ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറുകയും ചെയ്തു. നാലാം നമ്പറില്‍ കോലിയുടെ അഭാവം നികത്തുകയെന്ന വലിയ ദൗത്യമായിരുന്നു പാട്ടിധാറിനുണ്ടായിരുന്നത്. കന്നി ഇന്നിങ്‌സില്‍ താരം നന്നായി തന്നെ തുടങ്ങുകയും ചെയ്തു.

അരങ്ങേറ്റത്തില്‍ പാട്ടിധാര്‍ ഫിഫ്ഫ്റ്റി കുറിക്കുമെന്നു കരുതിയെങ്കിലും നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്താവുകയായിരുന്നു. 72 ബോളില്‍ മൂന്നു ഫോറുള്‍പ്പെടെ 32 റണ്‍സാണ് താരം നേടിയത്. രണ്ടാമിന്നിങ്‌സില്‍ പാട്ടിധാറിനു കാര്യമായൊന്നും ചെയ്യാനായില്ല. 19 ബോളില്‍ ഒരു ഫോറുള്‍പ്പെടെ ഒമ്പതു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഇപ്പോഴിതാ മൂന്നാമിന്നിങ്‌സില്‍ വീണ്ടും ഒറ്റയക്ക സ്‌കോറില്‍ താരം പുറത്തായിരിക്കുകയാണ്.

RAJAT PATIDAR

ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം മികച്ച പ്രകടനം നടത്തിയ ശേഷം ദേശീയ ടീമിലേക്കു വന്നതിനു ശേഷം പാട്ടിധാര്‍ ഈ തരത്തില്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചതില്‍ ആരാധകര്‍ നിരാശരാണ്. അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും ചെയ്തു.

ഇതു രജത് പാട്ടിധാറിന്റെ കരിയറിലെ അവസാനത്തെ ടെസ്റ്റായിരിക്കുമെന്നു ഊഹിക്കുകയാണ്. അടുത്ത മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ ടീമിലേക്കു വരും. തുടര്‍ച്ചയായി മൂന്നു അവസരങ്ങളാണ് പാട്ടിധാര്‍ പാഴാക്കിയിരിക്കുന്നത്. രണ്ടാമിന്നിങ്‌സ് അദ്ദേഹത്തെ സംബന്ധിച്ച് അവസാന അവസരമായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, മൂന്നാം ടെസ്റ്റില്‍ ആദ്യദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 93 റണ്‍സെടുത്തിട്ടുണ്ട്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. 98 ബോളില്‍ 60 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു ചേര്‍ത്തുകഴിഞ്ഞു. രോഹിത് 52 റണ്‍സുമായും ജഡേജ 24 റണ്‍സുമായുമാണ് ക്രീസിലുള്ളത്.

Story first published: Thursday, February 15, 2024, 12:08 [IST]
Other articles published on Feb 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+