IND vs ENG: 9, 32, 0, 5, 17, ഇനിയും രജത് വേണോ? ദേവ്ദത്ത് പടിക്കല്‍ വരണം- തകര്‍ക്കും
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിച്ച താരമാണ് രജത് പാട്ടീധാര്‍. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനൊപ്പവും മികവ് കാട്ടിയ താരത്തെ ഇന്ത്യ സീനിയര്‍ ടീമിലേക്ക് പരിഗണിച്ചെങ്കിലും ലഭിച്ച അവസരങ്ങളെല്ലാം താരം കളഞ്ഞ് കുളിക്കുകയാണ്. മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ രജത്തിന് സാധിക്കുന്നില്ല. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 17 റണ്‍സാണ് രജത് നേടിയത്.
ആത്മവിശ്വാസമില്ലാതെ കളിക്കുന്ന താരത്തിന് മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ പോലുമാകുന്നില്ല. ഇപ്പോഴിതാ രജത്തിനെതിരേ ആരാധക വിമര്‍ശനം ശക്തമാവുകയാണ്. രജത്തിനെ പുറത്താക്കി പകരം ദേവ്ദത്ത് പടിക്കലിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രജത്തിനെ ഇനിയും ടീമില്‍ പരിഗണിക്കുന്നതില്‍ കാര്യമില്ല. ദേവ്ദത്ത് ഇന്ത്യക്കൊപ്പം ടെസ്റ്റ് അരങ്ങേറ്റം അര്‍ഹിക്കുന്നുണ്ട്. കര്‍ണാടകക്കാരനായ താരം രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
രജത്തിനെക്കാളും വിശ്വസ്തനായ താരം ദേവ്ദത്താണ്. 9, 32, 0, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയിലെ രജത്തിന്റെ പ്രകടനം. അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ പ്രകടനം രജത് മാതൃകയാക്കണം. യശ്വസി ജയ്‌സ്വാള്‍ കളിക്കുന്നത് കണ്ട് പഠിക്കണമെന്നും രജത്തിന് ടെസ്റ്റ് കളിക്കാനുള്ള പക്വതയായിട്ടില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട കണക്കുകള്‍ മാത്രമാണ് രജത്തിന് അവകാശപ്പെടാന്‍ സാധിക്കുന്നത്.
അതുകൊണ്ടുതന്നെ അഞ്ചാം ടെസ്റ്റില്‍ ദേവ്ദത്തിനെ രജത്തിന് പകരക്കാരനായി കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ദേവ്ദത്ത് ടോപ് ഓഡര്‍ താരമാണെന്നതാണ് പ്രശ്‌നം. മധ്യനിരയില്‍ ദേവ്ദത്തിനെ കളിപ്പിക്കുകയെന്നത് വളരെ പ്രയാസമാണ്. എന്നാല്‍ ശുബ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ സ്ഥിരത കാട്ടുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം നമ്പറിലേക്ക് ദേവ്ദത്തിനെ പരിഗണിച്ച് ശുബ്മാനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

അതേ സമയം വിരാട് കോലി അഞ്ചാം ടെസ്റ്റ് കളിച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ആദ്യത്തെ നാല് ടെസ്റ്റില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ കോലി വിട്ടുനില്‍ക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെത്തുടര്‍ന്നാണ് കോലി വിശ്രമമെടുത്തത്. എന്നാല്‍ അഞ്ചാം ടെസ്റ്റിലൂടെ കോലി തിരിച്ചെത്താനുള്ള സാധ്യതയാണുയരുന്നത്. കോലി മടങ്ങിയെത്തിയാല്‍ രജത്തിന്റെ സീറ്റ് തെറിക്കുമെന്നുറപ്പാണ്. ഇന്ത്യന്‍ ടീമില്‍ തിളങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് രജത് നഷ്ടമാക്കിയത്.
വരുന്ന ഐപിഎല്ലില്‍ തിളങ്ങിയാലും ഇനിയൊരു തിരിച്ചുവരവ് രജത്തിന് പ്രയാസമാവും. ഇംഗ്ലണ്ടിന്റെ 353 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെതിരേ ഇന്ത്യ പൊരുതുകയാണ്. ഇന്ത്യക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെന്നതാണ് വസ്തുത. നായകന്‍ രോഹിത് ശര്‍മക്ക് അവസരത്തിനൊത്ത് ഉയരാനായില്ല. വെറും 2 റണ്‍സാണ് രോഹിത് നേടിയത്. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ സീനിയര്‍ താരമായ രോഹിത് ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നെങ്കിലും മികവ് കാട്ടാനായില്ല.
ശുബ്മാന്‍ ഗില്‍ 38 റണ്‍സില്‍ മടങ്ങിയപ്പോള്‍ രജത് പാട്ടീധാര്‍ 17 റണ്‍സാണ് അടിച്ചെടുത്ത്. രവീന്ദ്ര ജഡേജ 12 റണ്‍സും നേടി. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മികച്ച തുടക്കത്തെ മുതലാക്കാനാവാതെ പോയതാണ് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് 112 എന്ന നിലയിലേക്ക് തളച്ചിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായെങ്കിലും ജോ റൂട്ടിന്റെ സെഞ്ച്വറിയും റോബിന്‍സന്റെ ഫിഫ്റ്റിയും ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ഇതോടെ 353 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തുകയായിരുന്നു. ഇന്ത്യ വലിയ സ്‌കോര്‍ നേടി ലീഡിലേക്കെത്താനുള്ള സാധ്യത കുറവാണ്. 161 റണ്‍സിനിടെ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications