ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയെങ്കിലും ടീം മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളില്‍ രോഷവും നിരാശയും പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയില്‍ ടീം മാനേജ്‌മെന്റിന്റെ ചില നീക്കങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. രണ്ടാം ഏകദിനത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ വിശകലനം നടത്തുകയായിരുന്നു ശ്രീകാന്ത്.
കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലാണ് നാലു വിക്കറ്റിന്റെ ആധികാരിക വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ കളിയില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലായിരുന്നു വിജയശില്‍പ്പിയെങ്കില്‍ രണ്ടാമങ്കത്തിലെ ഹീറോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. കരിയര്‍ അവസാനിച്ചെന്നു പരിഹസിച്ചവര്‍ക്കു സെഞ്ച്വറിയുമായാണ് കഴിഞ്ഞ കളിയില്‍ രോഹിത് മറുപടി നല്‍കിയത്.

രാഹുലിനോടു അനീതി
സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനോടു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അനീതി കാണിക്കുന്നതായും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ നല്‍കാന്‍ തയ്യാറാവുന്നില്ലെന്നുമാണ് കെ ശ്രീകാന്ത് തുറന്നടിച്ചിരിക്കുന്നത്. ശ്രേയസ് അയ്യര്‍ വളരെ മികച്ച ഫോമിലാണ്. ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവായ കാര്യം കൂടിയാണിത്.
പക്ഷെ എനിക്കു കെഎല്‍ രാഹുലിനോടു സഹതാപം തോന്നുന്നു. ഇതു വളരെ നിര്‍ഭാഗ്യകരം തന്നെയാണ്. അക്ഷര്‍ പട്ടേല്‍ അഞ്ചാം മ്പറില്‍ 30- 40 റണ്‍സ് നേടുന്നുണ്ടെന്നത് ശരിയാണ്. പക്ഷെ രാഹുലിനോടു ടീം മാനേജ്‌മെന്റ് കാണിക്കുന്നത് നീതികേടാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് നോക്കൂ, അഞ്ചാം നമ്പറില്‍ ഗംഭീര റെക്കോര്‍ഡാണ് ഏകദിനത്തില്‍ രാഹുലിന്റേത്.
അദ്ദേഹത്തിന്റെ ബാറ്റിങ് പൊസിഷനുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നതെന്നു എനിക്കറിയില്ല. ആറ്, ഏഴ് സ്ഥാനങ്ങളില്‍ തന്നെ രാഹുല്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ 6, 7 സ്‌കോറുകള്‍ക്കു തന്നെ പുറത്തായി കൊണ്ടിരിക്കുകയും ചെയ്യുമെന്നും ശ്രീകാന്ത് ആഞ്ഞടിക്കുകയും ചെയ്തു.

ടീമിലെ സ്ഥാനം
സമീപകാലത്തു ഏകദിനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന മോശം പ്രകടനങ്ങള്‍ കെഎല്‍ രാഹുലിനു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുത്തിയേക്കുമെന്നും കെ ശ്രീകാന്ത് പറയുന്നു.
റിഷഭ് പന്തിനെ ഇപ്പോള്‍ ഇന്ത്യ പുറത്ത് ഇരുത്തിയിരിക്കുകയാണ്. കെഎല്‍ രാഹുല്‍, റിഷഭ് രണ്ടിലൊരാള്‍ തീര്‍ച്ചയായും കളിക്കുക തന്നെ വേണം. ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തിലും അതിനു ശേഷം ചാംപ്യന്‍സ് ട്രോഫിയിലും റിഷഭിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് എനിക്കു തോന്നുന്നത്. രാഹുലിനു ബെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു പിന്നാലെ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷം ഏകദിനത്തില്‍ ടോപ്പ് ഫൈവില്‍ ബാറ്റ് ചെയ്യാന്‍ രാഹുലിനു ഒരിക്കല്‍പ്പോലും അവസരം ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു കീഴില്‍ ഇതിനകം കളിച്ച ഏകദിനങ്ങളില്‍ ആറ്, ഏഴ് നമ്പറുകളിലാണ് താരം ബാറ്റ് ചെയ്തത്.
ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ മാത്രമല്ല, ശ്രീലങ്കയുമായുള്ള കഴിഞ്ഞ വര്‍ഷത്തെ ഏകദിന പരമ്പരയിലും രാഹുല്‍ ടോപ്പ് ഫൈവില്‍ നിന്നും പുറത്താക്കപ്പെട്ടു. ഇടംകൈയന്‍ ബാറ്റര്‍മാരായ അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവരെല്ലാം ബാറ്റിങില്‍ പ്രൊമോട്ട് ചെയ്യപ്പെടുകയും ചെയ്തു.
2023ലെ ഏകദിന ലോകകപ്പിനു ശേഷം ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറില്‍ രാഹുലിന് ഒരിക്കലും കളിക്കാനായിട്ടില്ല. ലോകകപ്പിനു ശേഷം വര്‍ഷാവസാനത്തോടെ സൗത്താഫ്രിക്കയില്‍ ഇന്ത്യ ഏകദിന പരമ്പര കളിച്ചപ്പോള്‍ നാലാമനായാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഈ പരമ്പരയില്‍ ടീമിനെ നയിച്ചതും രാഹുലായിരുന്നു.