നോര്‍താംപ്റ്റണ്‍: ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മല്‍സരവും സമനിലയില്‍ അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ എ ടീം. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ആദ്യത്തെ ചതുര്‍ദിന മല്‍സരവും സമനിലയായിരുന്നു. രണ്ടാമത്തെയു അവസാനത്തെയും മല്‍സരത്തില്‍ അഭിമന്യു ഈശ്വന്‍ നയിച്ച എ ടീം. 439 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ലയണ്‍സിനു രണ്ടാമങ്കത്തില്‍ ഇന്ത്യ നല്‍കിയത്.
എന്നാല്‍ ടീ ബ്രേക്കിനു ശേഷം മല്‍സരം പുനരാരംഭിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും സമനില സമ്മതിച്ച് പിരിയുകയായിരുന്നു. മൂന്നു വിക്കറ്റിനു 32 റണ്‍സെന്ന നിലയില്‍ അപ്പോള്‍ പതറുകയായിരുന്നു ലയണ്‍സ് ടീം. ഈ മാസം 20 മുതല്‍ ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ചില താരങ്ങളും എ ടീമിനായി കളിക്കാനിറങ്ങിയിരുന്നു.
കടുപ്പമേറിയ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് മികച്ചൊരു തയ്യാറെടുപ്പിനായി ഇവര്‍ക്കു ലഭിച്ച മികച്ച അവസരം കൂടിയായിരുന്നു ഇത്. ചില താരങ്ങള്‍ ഇതു നന്നായി മുതലെടുത്ത് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചിലരാവട്ടെ നിരാശപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ താരങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം.

യശസ്വി ജയ്‌സ്വാള്‍
ഇന്ത്യന്‍ എ ടീമിനായി കളിച്ച സീനിയര്‍ താരങ്ങളില്‍ ഏറ്റവും നിരാശപ്പെടുത്തിയത് യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. അതുകൊണ്ടു തന്നെ പത്തില്‍ മൂന്നു മാത്രമാണ് അദ്ദേഹത്തിന്റെ റേറ്റിങ്. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും താരം കളിച്ചെങ്കിലും ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.
ഒരു ഫിഫ്റ്റിയുള്‍പ്പെടെ നാലു ഇന്നിങ്‌സുകറിലായി വെറും 110 റണ്‍സ് മാത്രമേ ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തുള്ളൂ. ഇതാവട്ടെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലുമായിരുന്നു. 60 ബോളില്‍ എട്ടു ഫോറും ഫോറും രണ്ടു സിക്‌സറുമടക്കം 64 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. ശേഷിച്ച മൂന്നിങ്‌സുകളില്‍ 24, 17, 5 എന്നിങ്ങനെയാണ് ജയ്‌സ്വാളിന്റെ സ്‌കോറുകള്‍.
കെഎല്‍ രാഹുല്‍
ഇന്ത്യന്‍ എ ടീമിനു വേണ്ടി ഏറ്റവുമുയര്‍ന്ന റേറ്റിങ് ലഭിച്ചത് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനാണ്. 10ല്‍ പത്താണ് താരത്തിന്റെ റേറ്റിങ്. നേരത്തേ പ്രഖ്യാപിച്ച ഇന്ത്യന്‍ എ ടീമില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുനന്നില്ല. എന്നാല്‍ രാഹുലിന്റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നു രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കുകയായിരുന്നു.
രണ്ടിന്നിങ്‌സുകളില്‍ നിന്നും 167 റണ്‍ലോടെ അദ്ദേഹം കസറുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ ടീമിന്റെ ടോപ്‌സ്‌കോററായത് രാഹുലാണ് (168 ബോളില്‍ 116). രണ്ടാമിന്നിങ്‌സിലും അദ്ദേഹം മോശമാക്കിയില്ല. 64 ബോളില്‍ 51 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു.
അഭിമന്യു ഈശ്വരന്‍
ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ അഭിമന്യു ഈശ്വരന്റെ റേറ്റിങ് 10ല്‍ ആറാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണര്‍ കൂടിയാണ് അദ്ദേഹം. നാലിന്നിങ്‌സുകളിലായി രണ്ടു ഫിഫ്റ്റികളടക്കം 41.75 ശരാശരിയില്‍ 167 റണ്‍സ് അഭിമന്യു സ്‌കോര്‍ ചെയ്തു.
ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ എട്ടു റണ്‍സിനു പുറത്തായെങ്കിലും രണ്ടാമിന്നിങ്‌സില്‍ 68 റണ്‍സുമായി ശക്തമായി തിരിച്ചുവന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ താരം (11) വീണ്ടും നിരാശപ്പെടുത്തി. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ 80 റണ്‍സോടെ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു.
കരുണ്‍ നായര്‍
മറുനാടന്‍ മലയാളി താരമായ കരുണ്‍ നായര്‍ നിരാശപ്പെടുത്തിയില്ല. 10ല്‍ 9 ആണ് അദ്ദേഹത്തിന്റെ റേറ്റിങ്. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം മൂന്നിങിങ്‌സുകൡ നിന്നും 259 റണ്‍സുമായി കരുണ്‍ കസറി. ഏഴു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം മികച്ച ഫോമിലാണ് ഇപ്പോഴുളളത്.
ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലാണ് കരുണിന്റെ ഡബിള്‍ സെഞ്ച്വറി (204) നേട്ടം. രണ്ടാമിന്നിങ്‌സില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം ടെസ്റ്റില്‍ 40, 15 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. കൂടാതെ ഒരു വിക്കറ്റും താരം നേടി.

ധ്രുവ് ജുറേല്‍
യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലിനു പത്തില്‍ എട്ടാണ് റേറ്റിങ് ലഭിച്ചത്. നാലിന്നിങ്‌സുകളില്‍ മൂന്നിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 75.66 ശരാശരിയില്‍ 227 റണ്‍സാണ് ജുറേലിന്റെ സമ്പാദ്യം.
നിതീഷ് കുമാര്‍ റെഡ്ഡി
കരിയറിലെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിക്കു പത്തില്‍ അഞ്ചാണ് റേറ്റിങ്. നാലിന്നിങ്‌സുകളില്‍ നിന്നും 45 ശരാശരിയില്‍ 135 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടും. ബൗളിങിലാവട്ടെ 26.5 ഓവറുകളെറിഞ്ഞപ്പോള്‍ ലഭിച്ചത് രണ്ടു വിക്കറ്റ് മാത്രമാണ്.
ശര്‍ദ്ദുല്‍ ടാക്കൂര്‍
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ല. പത്തില്‍ മൂന്ന് മാത്രമാണ് അദ്ദേഹത്തിന്റെ റേറ്റിങ്. മൂന്നിങ്‌സുകളിലായി ശര്‍ദ്ദുല്‍ സ്‌കോര്‍ ചെയ്തത് 80 റണ്‍സാണ്. എന്നാല്‍ 43 ഓവര്‍ ബൗള്‍ ചെയ്തിട്ടും വെറും രണ്ടു വിക്കറ്റ് മാത്രമേ അദ്ദേഹത്തിനു വീഴ്ത്താനായുള്ളൂ.