വിശാഖപട്ടണം: ഇംഗ്ലണ്ടുമായി വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുമ്പ് ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റം വരുത്തിയിരിക്കുകയാണ്. സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കു കാരണം അടുത്ത ടെസ്റ്റില്‍ നിന്നും പിന്‍മാറി. പകരം മൂന്നു പേരെയാണ് ടീമിലേക്കു വിളിച്ചിരിക്കുന്നത്. ഇതില്‍ രണ്ടും പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. ദീര്‍ഘകാലമായി സെലക്ടര്‍മാര്‍ അവഗണിച്ചു കൊണ്ടിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായ യുവതാരം സര്‍ഫറാസ് ഖാന് ഒടുവില്‍ ടീമിലേക്കു നറുക്കുവീണുവെന്നതാണ് എടുത്തു പറയേണ്ടത്.
മുംബൈയ്ക്കായി രഞ്ജി ട്രോഫിയിലടക്കം കഴിഞ്ഞ കുറച്ചു സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് സര്‍ഫറാസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും താരത്തിനു ടെസ്റ്റ് ടീമില്‍ ഇടം നല്‍കാത്തതിന്റെ പേരില്‍ സെലക്ടര്‍മാര്‍ ഏറെ പഴിയും കേട്ടിരുന്നു. ഇപ്പോഴിതാ രാഹുലിന്റെ പരിക്കു കാരണം സര്‍ഫറാസിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്.

സര്‍ഫറാസിനെക്കൂടാതെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മറ്റു താരങ്ങള്‍ ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പുതുമുഖ ഓള്‍റൗണ്ടര്‍ സൗരഭ് കുമാര്‍ എന്നിവരാണ്. ഹൈദരാബാദില്‍ ഇന്ത്യ ഞെട്ടിക്കുന്ന പരാജയമേറ്റു വാങ്ങിയ ആദ്യ ടെസ്റ്റിനിടെയാണ് രാഹുലിനും ജഡേജയ്ക്കും പരിക്കുപറ്റിയത്.
നാലാം ദിനം ബാറ്റിങിനിടെ ജഡ്ഡുവിനു പേശീവലിവ് അനുഭവപ്പെടുകയായിരുന്നു. രാഹുലാവട്ടെ മല്‍സരശേഷമാണ് വലതു കാല്‍ത്തുടയിലെ മസിലിനു വേദനയനുഭവപ്പെട്ടതായി അറിയിച്ചതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ടീം 0-1നു പിറകില്‍ നില്‍ക്കവെ ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് രാഹുലിന്റെയും ജഡേജയുടെയും അഭാവം.
പരിചയസമ്പന്നരായ ഇരുവരുടെയും അസാന്നിധ്യം നികത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ദുഷ്കരവുമാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്നും നേരത്തേ തന്നെ പിന്‍മാറിയിരുന്നു. അതിനു പിന്നാലെയാണ് രാഹുല്‍, ജഡേജ എന്നിവരെയും ഇന്ത്യക്കു ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

26 കാരനായ സര്‍ഫറാസിനു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണുള്ളത്. 45 മല്‍സരങ്ങളില്‍ നിന്നും 69.85 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 3912 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 14 സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 37 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 34.95 ശരാശരിയില്‍ 629 റണ്‍സും ടി20യില്‍ 96 മല്‍സരങ്ങളില്‍ നിന്നും 1188 റണ്‍സും സര്‍ഫറാസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടറാണ് ഇടംകൈയന്‍ ബൗളറും ബാറ്ററുമായ സൗരഭ്. 30കാരനായ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും 12 ഫിഫ്റ്റികളുമടക്കം 2061 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ബൗളിങില്‍ 290 വിക്കറ്റുകളും സൗരഭ് വീഴ്ത്തി. എട്ടു തവണ 10 വിക്കറ്റ് നേട്ടവും 22 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍, രജത് പാട്ടീദര്‍, സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, സൗരഭ് കുമാര്‍.