Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൂന്നാം ദിനം ഇന്ത്യയുടെ പദ്ധതിയെന്ത്? ആ തന്ത്രം പയറ്റൂ- ഉപദേശിച്ച് ആര്‍പി സിങ്

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 445 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 2 വിക്കറ്റിന് 207 എന്ന മികച്ച നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ 238 റണ്‍സിന് മാത്രം പിന്നിലാണ്. രണ്ടാം ദിനം ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് താരങ്ങള്‍ കാഴ്ചവെച്ചതെന്ന് പറയാം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് മുന്നില്‍ ഇന്ത്യ പതറുന്നതാണ് കണ്ടത്. മൂന്നാം ദിനവും ഇംഗ്ലണ്ട് ആക്രമണ ക്രിക്കറ്റ് തുടരുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വ്യക്തമായ തന്ത്രം ഇന്ത്യക്ക് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇംഗ്ലണ്ട് വമ്പന്‍ ലീഡെടുക്കാനാണ് സാധ്യത. ഇപ്പോഴിതാ മൂന്നാം ദിനം ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിങ്.

'ഇന്ത്യ അല്‍പ്പം കൂടി മികച്ച പദ്ധതികളോടെ പന്തെറിയണമായിരുന്നുവെന്നാണ് കരുതുന്നത്. ഇത്തരമൊരു പിച്ചില്‍ ബാറ്റ്‌സ്മാന്‍ നിലയുറപ്പിക്കുമ്പോള്‍ സ്‌കോര്‍ വേഗം കുറക്കാനുള്ള തന്ത്രം പയറ്റണമായിരുന്നു. ഒരു വശത്ത് തന്നെ വ്യത്യസ്ത പന്തുകളെറിയുക. ഇത് ബൗണ്ടറികള്‍ കുറക്കാന്‍ സഹായിക്കും. ഇംഗ്ലണ്ടിനെ പുറത്താക്കാന്‍ ഇന്ത്യ ആദ്യം ചെയ്യേണ്ടത് അനായാസം നേടുന്ന ബൗണ്ടറികളെ ചെറുക്കുകയെന്നതാണ്. അവര്‍ എത്രത്തോളം ബൗണ്ടറി നേടുന്നുവോ അത്രത്തോളം ആത്മവിശ്വാസം അവര്‍ക്ക് ലഭിക്കും.

രണ്ടോ മൂന്നോ ഡോട്ട് ബോളുകള്‍ ഉണ്ടായാല്‍ത്തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ റിവേഴ്‌സ് സ്വീപ്പിനോ ക്രീസില്‍ നിന്ന് കയറിക്കളിക്കാനോ ശ്രമിക്കും. ആദ്യത്തെ അഞ്ചോവര്‍ എറിയുന്ന അതേ മികവോടെ ഇന്ത്യ പന്തെറിയേണ്ടതായുണ്ട്. ബാറ്റ്‌സ്മാനെക്കൊണ്ട് എന്തെങ്കിലും അധികമായി ചെയ്യിക്കാന്‍ ബൗളര്‍ക്ക് സാധിക്കണം. രോഹിത് ശര്‍മ ബൗണ്‍സര്‍ പദ്ധതിയുണ്ടാക്കിയത് മികച്ച നീക്കമായിരുന്നു. തലക്ക് ലക്ഷ്യംവെച്ചുള്ളതായിരുന്നു ഈ തന്ത്രം. നായകന്‍ പറയുമ്പോഴും പദ്ധതി നടപ്പിലാക്കേണ്ടത് ബൗളര്‍മാരാണ്'- ആര്‍പി സിങ് പറഞ്ഞു.

ben duckett

ബെന്‍ ഡക്കറ്റാണ് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചത്. 118 പന്ത് നേരിട്ട് 21 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 133 റണ്‍സാണ് ഡക്കറ്റ് നേടിയത്. വെറും 39 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടി. ഏകദിന ശൈലിയിലാണ് ഡക്കറ്റ് കടന്നാക്രമിച്ചത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയില്‍ ജോണി ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സുമെല്ലാം വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ സന്ദര്‍ശകരെ പിടിച്ചുകെട്ടാന്‍ ഇന്ത്യ വിയര്‍ക്കും.

ആര്‍ അശ്വിന്റെ അഭാവം കൂടിയാകുമ്പോള്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പം. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. അശ്വിന്റെ വിടവ് നികത്താന്‍ ഇവര്‍ക്ക് സാധിക്കണം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും. ജസ്പ്രീത് ബുംറ കൂടുതല്‍ ശോഭിക്കേണ്ടതും ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതിനാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ തടുക്കാന്‍ പ്രത്യേക പദ്ധതി തന്നെ ആവശ്യമാണ്.

കൂടുതല്‍ ഷോര്‍ട്ട് ബോളുകള്‍ ഉപയോഗിച്ച് ഇന്ത്യക്ക് തന്ത്രം മെനയാവുന്നതാണ്. ഒലി പോപ്പിനെ മുഹമ്മദ് സിറാജ് പുറത്താക്കിയത് ഇതേ തന്ത്രം ഉപയോഗിച്ചാണ്. അഞ്ച് ഷോര്‍ട്ട് ബോളുകള്‍ക്ക് ശേഷം ഒരു ഫുള്‍ ലെങ്ത് പന്തെറിഞ്ഞപ്പോള്‍ പോപ്പ് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇതേ തന്ത്രം ഇന്ത്യ തുടരേണ്ടതായുണ്ട്. ബുംറയും സിറാജും നന്നായി ഷോര്‍ട്ട് ബോളുകളെറിയാന്‍ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഈ തന്ത്രം പയറ്റുന്നതാണ് നല്ലത്. എന്തായാലും മൂന്നാം ദിനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Saturday, February 17, 2024, 8:15 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+