ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ താരമാരെന്ന ചോദ്യത്തിന് ആര്‍ അശ്വിനെന്ന് അല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാകില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഇംഗ്ലണ്ടിനെ 134 എന്ന സ്‌കോറിലേക്ക് ഒതുക്കിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി (106) ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയും ചെയ്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മുഖ്യ ആയുധവും അശ്വിനാണ്.
ബാറ്റിങ് വളരെ ദുഷ്‌കരമായ ചെന്നൈ പിച്ചില്‍ ഇന്ത്യയുടെ മുന്‍ നിര തകര്‍ന്നപ്പോഴും വളരെ അനായാസമായി ഷോട്ടുകള്‍ പായിച്ചാണ് അശ്വിന്‍ സെഞ്ച്വറി നേടിയത്. ഇപ്പോഴിതാ സെഞ്ച്വറി പ്രകടനത്തിനെക്കുറിച്ച് അശ്വിന്‍ തന്നെ പറഞ്ഞിരിക്കുകയാണ്. ഒരു ദിവസം കൊണ്ട് ഉണ്ടായ പ്രകടനമല്ലിതെന്നും നിരവധി ദിവസത്തെ പ്രയത്‌നംകൊണ്ടാണിത് നേടിയതെന്നുമാണ് അശ്വിന്‍ തുറന്ന് പറഞ്ഞത്.
'അവസാന മൂന്ന് ദിനം കൊണ്ടാണ് ഈ പ്രകടനം ഉണ്ടായതെന്ന് പറയാന്‍ കഴിയില്ല. ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറിനൊപ്പം പരിശീലനം നടത്തിയിരുന്നു. അവസാന നാല്-അഞ്ച് ടെസ്റ്റ് മത്സരത്തിലായി എന്റെ ബാറ്റിങ് പ്രകടനത്തിന്റെ അംഗീകാരം സ്‌നേഹത്തോടെ വിക്രത്തിന് നല്‍കുന്നു. ഇനി ഇവിടെയൊരു ടെസ്റ്റ് കളിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. എങ്കിലും വളരെ സന്തുഷ്ടനാണ്'-അശ്വിന്‍ പറഞ്ഞു.

ഇതിന് മുമ്പ് നാട്ടില്‍ സെഞ്ച്വറി നേടിയപ്പോള്‍ എന്നോടൊപ്പം ഇഷാന്ത് ശര്‍മയുണ്ടായിരുന്നു. ഇപ്പോള്‍ സിറാജ് എത്തി. അവന്റെ ബാറ്റിങ് കണ്ട് ത്രസിച്ചിരിക്കുകയായിരുന്നു. പന്തിന്റെ ലൈന്‍ ശ്രദ്ധിക്കാന്‍ അവനോട് പറഞ്ഞിരുന്നു. എന്റെ സെഞ്ച്വറിക്ക് വേണ്ടി അവന്‍ നല്‍കിയ പിന്തുണ മനോഹരമായിരുന്നു. ടീമിന് എങ്ങനെയാണ് എന്റെ സെഞ്ച്വറി അനുഭവപ്പെട്ടതെന്ന് അറിയില്ലെങ്കിലും അവര്‍ നന്നായി ആസ്വദിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. കാണികളോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അവന്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അശ്വിന്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചു. സിഡ്‌സിയില്‍ ഇന്ത്യക്ക് സമനില നേടിക്കൊടുത്തത് അശ്വിന്റെയും ഹനുമ വിഹാരിയുടെയും പ്രകടനമാണ്. ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയ കൂട്ടുകെട്ട് ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ രക്ഷിച്ചപ്പോള്‍ ചെന്നൈയില്‍ അശ്വിന്‍-കോലി കൂട്ടുകെട്ടാണ് ഇന്ത്യയെ തുണച്ചത്. ഏഴാം വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.
മത്സരം നാലാം ദിനത്തിലേക്ക് കടക്കവെ വിജയ സാധ്യത ഇന്ത്യക്ക് തന്നെയാണ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റും രണ്ട് ദിനവും മുന്നില്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 429 റണ്‍സ് കൂടി വേണം. ജോ റൂട്ടും ലോറന്‍സുമാണ് ക്രീസില്‍. റൂട്ടില്‍ നിന്ന് വമ്പനൊരു ഇന്നിങ്‌സ് ഉണ്ടായാല്‍ മാത്രമെ ഇംഗ്ലണ്ടിന് എന്തെങ്കിലും പ്രതീക്ഷയുള്ളു.