Ind vs ENG: ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദിമാച്ച്, ടോപ് ഫൈവിലേക്ക് അശ്വിനും
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം 317 റണ്‍സിന്റ വിജയം സ്വന്തമാക്കി നാല് മത്സര പരമ്പരയില്‍ 1-1 ഒപ്പമെത്തിയിരിക്കുകയാണ്. മത്സരത്തില്‍ ആര്‍ അശ്വിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. സെഞ്ച്വറി പ്രകടനവും എട്ട് വിക്കറ്റും സ്വന്തമാക്കിയ അശ്വിനാണ് കളിയിലെ താരമായതും. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇത് എട്ടാം തവണയാണ് അശ്വിന്‍ മാന്‍ ഓഫ് ദി മാച്ചാവുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരങ്ങളില്‍ ടോപ് ഫൈവിലേക്കെത്താനും അശ്വിന് സാധിച്ചു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 14 തവണയാണ് സച്ചിന്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയത്. രാഹുല്‍ ദ്രാവിഡ് 11 തവണ മാന്‍ ഓഫ് ദി മാച്ച് നേടിയപ്പോള്‍ അനില്‍ കുംബ്ലെ 10 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നിലവിലെ താരങ്ങളില്‍ വിരാട് കോലിയാണ് മുന്നില്‍.

ഒമ്പത് തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് എട്ട് തവണ വീതം ഈ നേട്ടത്തിലെത്തിയ കപില്‍ ദേവും വീരേന്ദര്‍ സെവാഗുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ടെസ്റ്റില്‍ കളിയിലെ താരമായതോടെ അശ്വിനും ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കി. പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഈ റെക്കോഡില്‍ കോലിക്ക് ഒപ്പമെത്താനോ കോലിയെ മറികടക്കാനോ ഉള്ള സുവര്‍ണ്ണാവസരം അശ്വിന് മുന്നിലുണ്ട്.

ഇന്ത്യക്കും അശ്വിനും വളരെയധികം നേട്ടങ്ങള്‍ സമ്മാനിച്ച മത്സരമായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് രണ്ടാം ടെസ്റ്റില്‍ നേടിയത് (റണ്‍സ് അടിസ്ഥാനത്തില്‍). രണ്ട് ഇന്നിങ്‌സില്‍ 200 റണ്‍സ് പോലും പിന്നിടാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. സ്പിന്നര്‍മാരെ കളത്തിലിറക്കി കളി പിടിക്കാനുള്ള ഇന്ത്യയുടെ തന്ത്രം വിജയിക്കുകയായിരുന്നു.

മൂന്നാം ടെസ്റ്റ് അഹമ്മദാബാദിലാണ് നടക്കുന്നത്. പിങ്ക് ബോളിലാണ് മത്സരം. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പരമ്പര 2-1നോ 3-1നോ ഇന്ത്യ ജയിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമെ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കൂ. പരമ്പര സമനിലയിലായാല്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഫൈനല്‍ കളിക്കും.

വിരാട് കോലിയെ സംബന്ധിച്ചും നിര്‍ണ്ണായക പരമ്പരയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റശേഷമാണ് കോലിക്ക് ഒരു മത്സരം ജയിക്കാനായത്. അവസാന 34 ഇന്നിങ്‌സിലും സെഞ്ച്വറി നേടാനാകാത്ത കോലിക്ക് പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നക്കം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications