IND vs ENG: ലോറന്‍സിനെ പുറത്താക്കി, അശ്വിനെ തേടി ചരിത്ര നേട്ടം, മുരളിക്കും വോണിനും മുകളില്‍
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ ഡാന്‍ ലോറന്‍സിനെ പുറത്താക്കിയതോടെ ചരിത്ര നേട്ടം സ്വന്തം പേരിലാക്കി ആര്‍ അശ്വിന്‍. ഒരു രാജ്യത്ത് ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് നാലാം ഇന്നിങ്‌സില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമെന്ന ബഹുമതിയാണ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്. നാലാം ഇന്നിങ്‌സില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വെറും 14 ഇന്നിങ്‌സാണ് അശ്വിന് വേണ്ടവന്നത്. ഈ റെക്കോഡില്‍ മറ്റെല്ലാ ഇതിഹാസങ്ങളെയും പിന്നിലാക്കാന്‍ അശ്വിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
16 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയെയാണ് ഈ റെക്കോഡില്‍ അശ്വിന്‍ മറികടന്നത്. സ്പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ 17 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ തന്നെ രങ്കന ഹെരാത്ത് 18 ഇന്നിങ്‌സില്‍ നിന്നും ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ 19 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ റെക്കോഡിലെത്തിയത്.

50ാം വിക്കറ്റായി ലോറന്‍സിനെ തന്ത്രപരമായി അശ്വിന്‍ കുടുക്കുകയായിരുന്നു. ക്രീസില്‍ നിന്ന് കയറി കളിച്ച ലോറന്‍സിനെതിരേ അശ്വിന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമായി മെനഞ്ഞ തന്ത്രം ഫലിക്കുകയായിരുന്നു. ലോറന്‍സിന്റെ കാലിന്റെ ഇടയിലൂടെയെത്തിയ പന്തിനെ പിടിച്ചെടുത്ത് മനോഹരമായാണ് റിഷഭ് പന്ത് സ്റ്റംപ് ചെയ്തത്.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളുമായി അശ്വിന്‍ തിളങ്ങിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പ്രകടനം നടത്താനും അശ്വിന് സാധിച്ചു. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോഴും പതറാതെ ബാറ്റുവീശിയ അശ്വിന്‍ 136 റണ്‍സാണ് സ്വന്തം പേരിലാക്കിയത്. വിരാട് കോലിയെ കൂട്ടുപിടിച്ച് 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അശ്വിന് സാധിച്ചു. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഇന്ത്യ മുന്നോട്ടുവെച്ച 482 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് തകരുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. നാലാം ദിനത്തിന്റെ അവശേഷിക്കുന്ന സെക്ഷനും അഞ്ചാം ദിനവും ഇംഗ്ലണ്ടിന് മുന്നിലുണ്ടെങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് പിടിച്ചുനില്‍ക്കുക ഇംഗ്ലണ്ടിന് പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications