IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കാത്തിരിക്കുന്ന വമ്പന്‍ റെക്കോഡുകള്‍ ഇതാ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് നാളെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ഇന്ത്യയേക്കാള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ അനുഭവസമ്പത്തുള്ള ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ ഇറങ്ങുന്നത്. നാട്ടില്‍ ഇതിന് മുമ്പ് ബംഗ്ലാദേശിനെതിരേ മാത്രമാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ കാത്ത് നിരവധി റെക്കോഡുകളാണുള്ളത്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നാട്ടില്‍ ഏറ്റവും വിജയമുള്ള ഇന്ത്യന്‍ നായകനാവാന്‍ കോലി
ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് വിജയമുള്ള ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ വിരാട് കോലിക്കുവേണ്ടത് ഒരു ജയം മാത്രം. പിങ്ക് ബോള്‍ ടെസ്റ്റിലും ജയിച്ചാല്‍ ധോണിയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ കോലിക്കാവും. നിലവില്‍ 21 ജയവുമായി ധോണിയും കോലിയും തുല്യത പുലര്‍ത്തുകയാണ്. വിജയ കണക്കുകളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍ കോലിയാണ്.

ഗ്രഹാം ഗൂച്ചിനെ കോലിക്ക് മറികടക്കാം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡില്‍ ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചിനെ മറികടക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. 19 ടെസ്റ്റില്‍ നിന്ന് 1725 റണ്‍സാണ് ഗൂച്ചിന്റെ പേരിലുള്ളത്. കോലിക്ക് 21 ടെസ്റ്റില്‍ നിന്നുള്ളത് 1715 റണ്‍സും. നിലവിലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ പേരില്‍ 18 ടെസ്റ്റില്‍ നിന്ന് 1718 റണ്‍സുമുണ്ട്. ഗൂച്ചിനെ മറികടന്നാല്‍ ഈ റെക്കോഡില്‍ കോലി തലപ്പെത്തും

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ 1000 റണ്‍സ്
ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ 1000 ടെസ്റ്റ് റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് വേണ്ടത് വെറും 12 റണ്‍സാണ്. പിങ്ക് ബോള്‍ ടെസ്റ്റിലൂടെ കോലി ഈ നേട്ടത്തിലെത്തിയേക്കും. 11 ടെസ്റ്റില്‍ നിന്ന് നിലവില്‍ 988 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. സുനില്‍ ഗവാസ്‌കര്‍ (1331),ഗുണ്ടപ്പ വിശ്വനാഥ് (1022) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്. ഒരു സെഞ്ച്വറി നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ളവരില്‍ പുജാരയ്ക്കും അസ്ഹറുദ്ദീനും ഒപ്പമെത്താന്‍ കോലിക്കാവും. നിലവില്‍ കോലിക്ക് 3 സെഞ്ച്വറിയും പുജാരയ്ക്കും അസ്ഹറുദ്ദീനും നാല് സെഞ്ച്വറിയുമാണുള്ളത്.

കോലിക്ക് പോണ്ടിങ്ങിനെ മറികടക്കാം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടക്കാന്‍ കോലിക്ക് വേണ്ടത് 1 സെഞ്ച്വറി മാത്രം. നിലവില്‍ ഇരുവരും 41 സെഞ്ച്വറിയുമായി തുല്യത പങ്കിടുകയാണ്. 2019ന് ശേഷം കോലിക്ക് ഒരു തവണ പോലും മൂന്നക്കം കാണാനായിട്ടില്ല. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കോലി ഈ റെക്കോഡ് സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വേഗത്തില്‍ 400 വിക്കറ്റ് നേടുന്ന രണ്ടാമനാവാന്‍ അശ്വിന്‍
മികച്ച ഫോമിലുള്ള ആര്‍ അശ്വിന്‍ 6 വിക്കറ്റ് കൂടി നേടിയാല്‍ ടെസ്റ്റില്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ അശ്വിനാവും. പിങ്ക് ബോള്‍ ടെസ്റ്റിലൂടെ ഈ നേട്ടത്തിലെത്തിയാല്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമാവാന്‍ അശ്വിന് സാധിക്കും. 72 ടെസ്റ്റില്‍ നിന്ന് മുത്തയ്യ മുരളീധരന്‍ ഈ റെക്കോഡില്‍ തലപ്പത്താണ്. 76 ടെസ്റ്റാണ് അശ്വിന്‍ ഇതുവരെ കളിച്ചത്.
400 വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാവാനും അശ്വിന് സാധിക്കും. കപില്‍ ദേവ് (434),അനില്‍ കുംബ്ലെ (619),ഹര്‍ഭജന്‍ സിങ് (417) എന്നിവരാണ് അശ്വിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.ഒരു തവണ കൂടി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാല്‍ 30 അഞ്ച് വിക്കറ്റ് നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണിന്റെ റെക്കോഡിനൊപ്പമെത്താനും അശ്വിന് സാധിക്കും.

ഇഷാന്തിനെയും കാത്ത് റെക്കോഡ്
പിങ്ക് ബോള്‍ ടെസ്റ്റ് ഇഷാന്ത് ശര്‍മയുടെ 100ാമത്തെ ടെസ്റ്റ് മത്സരമാണ്. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുള്ള താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ബോബ് വില്ലീസ്,ഡെറിക് അണ്ടര്‍വുഡ് എന്നിവരുടെ റെക്കോഡ് ഭേദിക്കാനും ഇഷാന്തിന് സാധിക്കും. ഇരുവരുടെയും പേരില്‍ 62 വിക്കറ്റുണ്ട്. ഇഷാന്തിന്റെ പേരില്‍ 61 വിക്കറ്റും. 19 ടെസ്റ്റില്‍ നിന്നാണ് ഇഷാന്തിന് 61 വിക്കറ്റുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications