ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നിര്‍ണായകമായ അഞ്ചാമത്തെയു അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കിനിരിക്കവെ ആരാവും വിജയികളെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥീവ് പട്ടേല്‍. കൂടാതെ ഈ മല്‍സരത്തില്‍ ടീമിന്റെ തുറുപ്പുചീട്ട് ആരാവുമെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ശുഭ്മന്‍ ഗില്ലിനെയും സംഘത്തെയും സംബന്ധിച്ച് ഡു ഓര്‍ ഡൈ മാച്ച് തന്നെയാണ് ഓവലിലേത്. പരമ്പരയില്‍ ഇപ്പോള്‍ 1-2നു പിറകിലായതിനാല്‍ ഓവലില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. സമനിലയോ, തോല്‍വിയോ വഴങ്ങേണ്ടി വന്നാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇംഗ്ലീഷ് മണ്ണില്‍ നിന്നും ഇന്ത്യക്കു തല കുനിച്ച് മടങ്ങേണ്ടിയും വരും.

ആരാവും തുറുപ്പുചീട്ട്?
ഈ ടെസ്റ്റ് പരമ്പരയില്‍ 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലോ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോ ആവില്ല ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ നിരീക്ഷണം. പകരം രണ്ടു സര്‍പ്രൈസ് താരങ്ങളുടെ പേരുകളാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയോ, വാഷിങ്ടണ്‍ സുന്ദറോയാവും ടീമിന്റെ എക്‌സ ഫാക്ടറെന്നാണ് പട്ടേലിന്റെ അഭിപ്രായം.
ഓവല്‍ ടെസ്റ്റില്‍ ശ്രദ്ധിക്കേണ്ട താരം ശുഭ്മന്‍ ഗില്ലാണ്. ആ രീതിയിലാണ് അദ്ദേഹം പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും നാലാം ടെസ്റ്റിലെ പ്രകടനം (രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറി) എടുത്തു പറയേണ്ടതാണ്. എങ്ങനെയാണ് ഈ ടെസ്റ്റില്‍ ഗില്‍ സ്വയം തന്നെ അപ്ലൈ ചെയ്തതെന്നു നമ്മള്‍ കണ്ടു.
അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറായി മാറുക രവീന്ദ്ര ജഡേജയോ, വാഷിങ്ടണ്‍ സുന്ദറോ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഓവലിലെ പിച്ചില്‍ ആ ഡ്രിഫ്റ്റും ബൗണ്‍സുമെല്ലാമുണ്ട്. ഒരു സ്പിന്നര്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിജയം തന്നെ നിങ്ങള്‍ക്കു ലക്ഷ്യമിടാം. ഈ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ 2-2നു പരമ്പര അവസാനിപ്പിക്കുമെന്നാണ് തന്റെ പ്രവചനമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ പാര്‍ഥീവ് പറഞ്ഞു.
ബുംറ കളിക്കുമോ?
ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കു ഓവല്‍ ടെസ്റ്റില്‍ കളിക്കാനാലുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റില്‍ ബൗൡങിനിടെ അദ്ദേഹം ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബുംറ അഞ്ചാമങ്കത്തില്‍ കളിക്കാനിറങ്ങുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നു പാര്‍ഥീവ് പട്ടേല്‍ വ്യക്തമാക്കി.
നിര്‍ഭാഗ്യവശാല്‍ ജസ്പ്രീത് ബുംറയുടെ ശരീരത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. അദ്ദേഹത്തിനു അഞ്ചാംടെസ്റ്റിലേക്കു പൂര്‍ണമായി ഫിറ്റാവാന്‍ സാധിക്കുമോ, ഇല്ലയോ എന്നത് നമുക്കു കാണേണ്ടതുണ്ട്. ഒരുപാട് ചോദ്യങ്ങളുണ്ട്.
പക്ഷെ സാഹചര്യങ്ങള്‍ ഈ തരത്തിലാണെങ്കില്‍ ബുംറ തീര്‍ച്ചയായും കളിക്കണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ കഠിനാധ്വാനം നടത്തി അദ്ദേഹം ഈ ടെസ്റ്റിനായി തയ്യാറാക്കി നിര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നതായി പാര്‍ഥീവ് വിശദമാക്കി.
മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റില്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ ബൗള്‍ ചെയ്യാന്‍ ബുംറയ്ക്കായിരുന്നില്ല. വെറും 33 ഓവറുകള്‍ പന്തെറിഞ്ഞ അദ്ദേഹത്തിനു രണ്ടു വിക്കറ്റുകള്‍ മാത്രമേ ലഭിക്കുകയും ചെയ്തിരുന്നുള്ളൂ. ഇതു മാത്രമല്ല ബുംറയുടെ ബൗളിങ് വേഗതയിലും വലിയ രീതിയിലുള്ള കുറവും സംഭവിച്ചിരുന്നു.

കുല്‍ദീപ് വേണം
വിക്കറ്റുകളെടുക്കാന്‍ ശേഷിയുള്ള കുല്‍ദീപ് യാദവിനെ പോലെയൊരു അറ്റാക്കിങ് സ്പിന്നര്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ആവശ്യമാണെന്നു പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ബൗളിങ് കുറേക്കൂടി മെച്ചപ്പെട്ടതാക്കാമെന്നു എനിക്കു തോന്നുന്നു. ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുതല്‍ തന്നെ ഞാന്‍ ഇക്കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണ്.
ഇവിടുത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കുല്‍ദീപ് യാദവിനെ എങ്ങനെയെങ്കിലും ടീമിലേക്കു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്. നിങ്ങള്‍ക്കു ജയിക്കണമെങ്കില്‍ 20 വിക്കറ്റുകള്‍ ആവശ്യമാണ്.
ജസപ്രീത് ബുംറയുടെ കാര്യത്തില്‍ സംശയം നിലനില്‍ക്കവെ ഒരു അറ്റാക്കിങ് സ്പിന്നര്‍ ടീമില്‍ ആവശ്യമാണ്. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ജഡേജയ്ക്കും വാഷിങ്ടണും കഴിയും. പക്ഷെ ഒരു അഗ്രസീവായ സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തണം. ശര്‍ദ്ദുലിനു പകരം കുല്‍ദീപിനെ കളിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും പാര്‍ഥീവ് ആവശ്യപ്പെട്ടു.