പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ 15 റണ്‍സിന്റെ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 166 റണ്‍സാണ് നേടാനായത്. ഇതോടെ ആവേശ ജയം ഇന്ത്യക്ക്. അഞ്ച് മത്സര പരമ്പര 3-1ന് ഉറപ്പിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇന്ത്യ വിജയം നേടിയെങ്കിലും നാലാം മത്സരത്തിലെ പ്രകടനത്തില്‍ ഇന്ത്യ നടത്തിയ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് വലിയ വിവാദത്തിലായിട്ടുണ്ട്.
ശിവം ദുബെക്ക് പരിക്കേറ്റതോടെ ബൗളിങ്ങിന്റെ സമയത്ത് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇന്ത്യ ഹര്‍ഷിത് റാണയെ കളിപ്പിക്കുകയായിരുന്നു. ഈ നീക്കം ഇന്ത്യക്ക് ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മൂന്ന് വിക്കറ്റുകളുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഹര്‍ഷിത് റാണക്ക് സാധിച്ചു. മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറടക്കം ഇന്ത്യക്കെതിരേ രംഗത്തെത്തി. ഇപ്പോഴിതാ തന്നെ ദുബെയുടെ പകരക്കാരനായി ഇറക്കിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹര്‍ഷിത് റാണ.
ആദ്യത്തെ രണ്ടോവര്‍ കഴിഞ്ഞതിന് ശേഷമാണ് ഇത്തരമൊരു മാറ്റത്തെക്കുറിച്ച് അറിയുന്നത്. നായകന്‍ സൂര്യകുമാര്‍ യാദവിന്റെയല്ല പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നീക്കമായിരുന്നു ഇതെന്നാണ് ഹര്‍ഷിത് റാണ വെളിപ്പെടുത്തിയത്.
അപ്രതീക്ഷിത അരങ്ങേറ്റമായിരുന്നു
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നിച്ചാണ് ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇതിന് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രത്യേക താല്‍പര്യവുമുണ്ടായിരുന്നു. എന്നാല്‍ ടി20യില്‍ ഇതുവരെ അരങ്ങേറാന്‍ ഹര്‍ഷിതിന് അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. താന്‍ ഒട്ടും പ്രതീക്ഷിക്കാതിരുന്നപ്പോഴാണ് അരങ്ങേറ്റത്തിന് വിളിയെത്തിയതെന്നാണ് ഹര്‍ഷിതും പറയുന്നത്.

'എന്നെ സംബന്ധിച്ച് ഇത് സ്വപ്‌ന തുല്യമായ അരങ്ങേറ്റമാണ്. ശിവം ദുബെ പരിക്കിനെത്തുടര്‍ന്ന് തിരിച്ചുവന്നതിന് ശേഷം രണ്ടോവര്‍ കഴിഞ്ഞാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി കളിക്കണമെന്ന് ഗംഭീര്‍ ഭായി എന്നോട് പറയുന്നത്. ഈ ഒരു അവസരത്തിനായി കുറച്ച് കാലമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. എനിക്ക് എന്റെ മികവ് തെളിയിക്കേണ്ടതായുണ്ടായിരുന്നു. ഐപിഎല്ലില്‍ മികവ് കാട്ടിയ അതേ രീതിയാണ് ഇപ്പോള്‍ ഇവിടേയും കാട്ടിയത്' ഹര്‍ഷിത് റാണ പറഞ്ഞു.
മാച്ച് വിന്നിങ് ബൗളിങ് പ്രകടനം
ഹര്‍ഷിത് റാണയുടെ ബൗളിങ് പ്രകടനം അതി ഗംഭീരമായിരുന്നു. ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്ന പ്രകടനമാണ് ഹര്‍ഷിത് കാഴ്ചവെച്ചത്. ലിയാം ലിവിങ്സ്റ്റണെ പുറത്താക്കി ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കിയ ഹര്‍ഷിത് റാണ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയ ജാമി ഓവര്‍ട്ടനേയും നിര്‍ണ്ണായക സമയത്ത് പുറത്താക്കി ഹര്‍ഷിത് റാണ ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ കൈയടി നേടാന്‍ ഹര്‍ഷിതിന് സാധിച്ചു.
ഹര്‍ഷിത് റാണ ആദ്യ വിക്കറ്റ് നേടിയപ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവേശത്തോടെ കൈയടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്തായാലും ഹര്‍ഷിതിനെ കളിപ്പിക്കാനുള്ള തീരുമാനമാണ് മത്സരഫലത്തില്‍ നിര്‍ണ്ണായകമായതെന്ന് പറയാം. ഇന്ത്യ ബൗളിങ്ങിന് ഇറങ്ങും മുമ്പ് ഇത്തരമൊരു തീരുമാനം ടീം എടുത്തിരുന്നില്ല. നിര്‍ണ്ണായക സമയത്ത് ഗൗതം ഗംഭീര്‍ എടുത്ത തീരുമാനമാണ് ഇന്ത്യയുടെ വിജയത്തിലേക്കെത്തിച്ചതെന്ന് പറയാം.
ഇംഗ്ലണ്ട് ടീമിന് അതൃപ്തി
ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ മികവില്‍ വിജയം നേടിയെടുത്തെങ്കിലും വലിയ വിമര്‍ശനം ടീമിനെതിരേ ഉയരുന്നുണ്ട്. ഇംഗ്ലണ്ട് ടീം നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരേ രംഗത്തെത്തിയിരുന്നു. ഹര്‍ഷിത് റാണയെ ശിവം ദുബെക്ക് പകരക്കാരനായി കളിപ്പിക്കാനാവില്ലെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബട്‌ലര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും വിജയം നേടിയെടുക്കാനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.