മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങി ഇന്ത്യ പരാജയത്തിലേക്കു നീങ്ങവെ ആരാണ് ശരിക്കും വില്ലന്‍മാരെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. മോശം ക്യാപ്റ്റന്‍സിയുടെ പേരില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. പക്ഷെ ഗില്ലിനെ പഴിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ബ്രോഡിന്റെ നിരീക്ഷണം.
ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ മൂന്നാംദിനം രണ്ടാം സെഷനില്‍ 100 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനു 428 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ട് ഇപ്പോള്‍ റണ്‍സിനു 70 റണ്‍സിനു മുന്നിലാണ്. സെഞ്ച്വറിയുമായി ജോ റൂട്ടും (119*) ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സുമാണ് (33*) ക്രീസില്‍.

ഇന്ത്യയെ ചതിച്ചതാര്?
ശുഭ്മന്‍ ഗില്ലിന്റെ പിഴവല്ല, മറിച്ച് ബൗളിങ് നിരയുടെ ദയനീയ പ്രകടനമാണ് മാഞ്ചസ്റ്റര്‍ ടെസറ്റില്‍ ഇന്ത്യന്‍ ടീമിനു വിനയായി മാറിയതെന്നാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ചൂണ്ടിക്കാണിക്കുന്നത്. മൂന്നാംദിനത്തിലെ ലഞ്ച് ബ്രേക്കിനിടെ ജിയോ ഹോട്‌സ്റ്റാറിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലീഷ് ബാറ്റര്‍മാരെ പിടിച്ചുനിര്‍ത്താനായത് ഗില്ലിന്റെ കഴിവുകേടായി കാണാന്‍ കഴിയില്ലെന്നും 2023ല്‍ പാറ്റ് കമ്മിന്‍സെന്ന പുതിയ നായകനു കീഴില്‍ ഓസ്‌ട്രേലിയന്‍ ടീം ഇംഗ്ലണ്ടില്‍ കളിച്ചപ്പോഴും ഇതു സംഭവിച്ചതായി ബ്രോഡ് പറയുന്നു.
ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ബൗണ്ടറികള്‍ പായിച്ചുകൊണ്ടിരുന്നുപ്പോള്‍ കമ്മിന്‍സും വിഷമിച്ചിരുന്നു. ഇപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മറുപടി ഇല്ലാതെ പോയതായും ബ്രോഡ് ചൂണ്ടിക്കാട്ടി.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മരുടെ ഗെയി പ്ലാനിനെയും അദ്ദേഹം വിമര്‍ശിച്ചു. ബോള്‍ വളരെ താഴ്ന്നു വരുന്ന ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ചില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എല്‍ബിഡബ്ല്യുവില്‍ കുരുക്കാനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ തന്ത്രം പാളിയതായും ബ്രോഡ് വിലയിരുത്തി.
മൂന്നാം ദിനം ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്താനാവാതെ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരുമെല്ലാം വിയര്‍ക്കുന്നതാണ് ആദ്യ സെഷനിലും കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിലേക്കു വന്നാല്‍ ആറു പേരെയാണ് മാഞ്ചസ്റ്ററില്‍ ഗില്‍ പരീക്ഷിച്ചത്. ഇരില്‍ ഭൂരിഭാഗം പേരും ഫ്‌ളോപ്പായി മാറി.

വിക്കറ്റെടുക്കാനായത് വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കംബോജ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മാത്രം. ഏറെ വൈകി മാത്രം ബൗളിങില്‍ അവസരം ലഭിച്ച വാഷിങ്ടണ്‍ രണ്ടു വിക്കറ്റുകളെുത്തു. കംബോജും ജഡ്ഡുവും ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.
പേസ് ബൗളിങിലെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നതാണ് നിരാശാജനകമായ കാര്യം. മറ്റൊരു സീനിയര്‍ പേസര്‍ മുഹമ്മദ് സിറാജിനും സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനും വിക്കറ്റൊന്നും ലഭിച്ചില്ല.
ബുംറയും (3.4) വാഷിങ്ടണുമൊഴികെ (2.7) മറ്റുള്ളവരുടെയെല്ലാം ഇക്കോണമി റേറ്റും പരിതാപകരമായിരുന്നു. ശര്‍ദ്ദുലിന്റെ ഇക്കോണമി റേറ്റ് 5.10ഉം കംബോജിന്റേത് 4.9ഉം സിറാജിന്റേത് 4.50ഉം ആയിരുന്നു. ജഡേജ നാല് ഇക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്.