മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഓപ്പണറാരാണെന്നത് പലരേയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത അഭിപ്രായമാണ് ഇക്കാര്യത്തില്‍ ഉണ്ടാവുക. വീരേന്ദര്‍ സെവാഗ് ഓപ്പണറായി രണ്ട് തവണ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ്. പലര്‍ക്കും സെവാഗാണ് ഹീറോ. എന്നാല്‍ ക്ലാസിക് ശൈലിയിലുള്ള ടെസ്റ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് സുനില്‍ ഗവാസ്‌ക്കറാണ് ഇന്ത്യയുടെ ഇതിഹാസ ഓപ്പണര്‍.
ഓരോരുത്തരുടേയും ഇഷ്ട ഓപ്പണര്‍മാര്‍ വ്യത്യസ്തമായിരിക്കുമെന്ന് പറയാം. ഇന്ത്യയുടെ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ഓപ്പണറായി സുനില്‍ ഗവാസ്‌ക്കറിനെയാണ് പരിഗണിച്ചത്. ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സ് നേടിയ താരമാണ് ഗവാസ്‌കര്‍. 34 ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം നേടി. പല ഇതിഹാസ താരങ്ങളും ടെസ്റ്റിലെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനായി ഗവാസ്‌ക്കറെയാണ് പരിഗണിക്കുന്നത്.
എന്നാല്‍ ഗവാസ്‌ക്കറിന് ശേഷം ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഓപ്പണര്‍ ആരാണ്?. ഇപ്പോഴിതാ രവി ശാസ്ത്രിയുടെ തിരഞ്ഞെടുപ്പ് വൈറലാവുകയാണ്. സെവാഗും രോഹിത് ശര്‍മയുമൊന്നുമല്ലെന്നും മുരളി വിജയിയാണ് ബെസ്റ്റ് ഓപ്പണറെന്നുമാണ് ശാസ്ത്രി പറയുന്നത്. ശാസ്ത്രിയുടെ തിരഞ്ഞെടുപ്പ് ശരിക്കും വിചിത്രമാണെന്ന് പറയാം. മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണാണ് ശാസ്ത്രിയുടെ ഇഷ്ട ഓപ്പണറെ ആരാധകരുമായി പങ്കുവെച്ചത്.
'എനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് മുരളി വിജയ്. അവനെ കോളേജില്‍ വെച്ചാണ് ഞാന്‍ കണ്ടത്. അവനെ മറ്റൊരു ഫസ്റ്റ് ഡിവിഷന്‍ ടീമിലേക്ക് നിര്‍ദേശിച്ചത് ഞാനാണ്. അങ്ങനെയാണ് അവന്റെ ക്രിക്കറ്റ് കരിയര്‍ മാറുന്നത്. സുനില്‍ ഗവാസ്‌ക്കറിന് ശേഷം ഇന്ത്യയുടെ ബെസ്റ്റ് ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയിയാണെന്നാണ് അദ്ദേഹം പറയാറുള്ളത്. അവനെ സംബന്ധിച്ച് വലിയ അംഗീകാരമാണത്. എന്നെ സംബന്ധിച്ചും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അവന്‍' ഭരത് അരുണ്‍ പറഞ്ഞു.

ഇന്ത്യക്കായി 61 ടെസ്റ്റുകള്‍ കളിച്ച താരമാണ് മുരളി വിജയ് 3982 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ ടെസ്റ്റ് ഓപ്പണര്‍മാരില്‍ നാലാം സ്ഥാനത്താണ് മുരളി. 12 സെഞ്ച്വറികളാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. 167 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2015ല്‍ സിംബാബ് വെക്കെതിരേയാണ് അവസാനമായി അവന്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനായിരുന്നു മുരളി വിജയ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
തമിഴ്‌നാട്ടുകാരനായ വിജയ് 106 ഐപിഎല്ലില്‍ നിന്ന് 2 സെഞ്ച്വറി ഉള്‍പ്പെടെ 2619 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്. 17 ഏകദിനത്തില്‍ നിന്ന് 339 റണ്‍സും 9 ടി20യില്‍ നിന്ന് 169 റണ്‍സുമാണ് മുരളിയുടെ സമ്പാദ്യം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കെല്‍പ്പുള്ള താരമായിരുന്നു. ക്ലാസിക് ശൈലിയോടെ കളിക്കുന്ന മുരളി വിദേശ മൈതാനങ്ങളിലടക്കം തിളങ്ങിയിട്ടുണ്ട്.
എന്നാല്‍ ഫോം ഔട്ടായപ്പോള്‍ അര്‍ഹിച്ച പിന്തുണ ലഭിച്ചില്ല. ശിഖര്‍ ധവാന്‍ ടെസ്റ്റ് ഓപ്പണറായി വളര്‍ന്നതോടെ മുരളി തഴയപ്പെട്ടു. ഐപിഎല്ലിലും മുരളി നിറം മങ്ങിയതോടെ അവിടെ നിന്നും തഴയപ്പെട്ടു. ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി. പിന്നീടൊരു തിരിച്ചുവരവ് നടത്താനുള്ള അവസരവും മുരളിക്ക് ലഭിച്ചില്ല. ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് പോലും കളിക്കുന്നില്ല. എങ്കിലും ആരാധക മനസുകളില്‍ ഇടം നേടിയ താരമാണ് മുരളി വിജയിയെന്ന് നിസംശയം പറയാം. അദ്ദേഹത്തിന്റെ പല പ്രകടനങ്ങളും മറക്കാനാവാത്തതാണ്.