ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയായിരുന്നു ജയ്‌സ്വാളിന്റെ അരങ്ങേറ്റം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കളിച്ച രണ്ടു ഫോര്‍മാറ്റുകളിലും ടീമിലെ സ്ഥിരം സാന്നിധ്യമായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്.
ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ താരം ഡബിള്‍ സെഞ്ച്വറി കുറിച്ചു കഴിഞ്ഞു. ബാറ്റിങില്‍ ചില ലോക റെക്കോര്‍ഡുകളും 22 കാരനായ ജയ്‌സ്വാള്‍ തന്റെ പേരിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ റാഞ്ചിയില്‍ പുരോഗമിക്കുന്ന നാലാം ടെസ്റ്റില്‍ 139 റണ്‍സ് നേടാനായാല്‍ ഏറ്റവും വേഗത്തില്‍ ഈ ഫോര്‍മാറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരമായി അദ്ദേഹം മാറുകയും ചെയ്യും.

ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ജയ്‌സ്വാളിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ഗെയ്ല്‍. തന്റെ മുന്‍ ടീമംഗവും ഇതിഹാസ ബാറ്റര്‍മാരിലൊരാളുമായ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനോടാണ് ജയ്‌സ്വാളിനെ ഗെയ്ല്‍ താരതമ്യം ചെയ്തിരിക്കുന്നത്.
20 വര്‍ഷമായി കളിച്ചു കൊണ്ടിരിക്കുന്ന താരത്തപ്പോലെയാണ് യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിങ് കണ്ടപ്പോള്‍ തോന്നിയത്. അവിശ്വസനീയം തന്നെയാണിത്. അവന് ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും കളിക്കാന്‍ സാധിക്കട്ടെയെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെയാണ് ഒരുപാട് കാര്യങ്ങളില്‍ ജയ്‌സ്വാള്‍ ഓര്‍മിപ്പിച്ചത്. ചന്ദര്‍പോളിന്റെ കൂടുതല്‍ അറ്റാക്കിങ് വേര്‍ഷനാണ് അവനെന്നും ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി.
കരിയറില്‍ മുന്നോട്ടു പോകവെ ഒരുപാട് കാര്യങ്ങള്‍ ജയ്‌സ്വാളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷെ ഇതേ രീതിയില്‍ തന്നെ കളി തുടരാന്‍ ജയ്‌സ്വാളിനെ അനുവദിക്കുകയും വേണം. അവന്‍ ഒരു അറ്റാക്കിങ് ബാറ്ററാണ്. ടി20 ക്രിക്കറ്റിലും നിങ്ങള്‍ ഇതു കണ്ടിട്ടുള്ളതാണ്. ജയ്‌സ്വാളിന്റെ പ്രകൃതവും ഇങ്ങനെ തന്നെയാണ്. അതു നിയന്ത്രിക്കാനോ, മാറ്റം വരുത്താനോ ശ്രമിക്കരുതെന്നും യൂനിവേഴ്‌സല്‍ ബോസ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവിശ്വസനീയ തുടക്കമാണ് ജയ്‌സ്വാളിനു ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ടെസ്റ്റില്‍ താരത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണ്. വെറും ഏഴു ടെസ്റ്റുകളില്‍ നിന്നും 71.75 ശരാശരിയില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 861 റണ്‍സാണ്. ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ മൂന്നു ടെസ്റ്റുകളില്‍ നിന്നും താരം അടിച്ചെടുത്തത് 22 സിക്‌സറുകളാണ്. ഇതില്‍ 12ഉം മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു.
ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത താരമെന്ന മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ റെക്കോര്‍ഡ് ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ തകര്‍ത്തേക്കും. 774 റണ്‍സോടെയാണ് ഗവാസ്‌കര്‍ റെക്കോര്‍ഡിട്ടത്. ഇതു തകര്‍ക്കാന്‍ നാലിന്നിങ്‌സുകളില്‍ നിന്നും ജയ്‌സ്വാളിനു ഇനി വേണ്ടത് 230 റണ്‍സാണ്. നിലവില്‍ നാലു ഇന്നിങ്‌സുകളില്‍ നിന്നും 109 ശരാശരിയില്‍ 81.10 സ്‌ട്രൈക്ക് റേറ്റില്‍ 545 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
ടെസ്റ്റ് കൂടാതെ ഇന്ത്യക്കു വേണ്ടി ടി20യിലാണ് ജയ്‌സ്വാള്‍ കളിച്ചിട്ടുള്ളത്. 17 ടി20കളില്‍ കളിച്ച അദ്ദേഹം 161.94 സ്‌ട്രൈക്ക് റേറ്റില്‍ 502 റണ്‍സും നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 100 റണ്‍സുമാണ്.