മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലേക്ക് കടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിന പരമ്പരയെ വളരെ ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക. ടി20 പരമ്പര ഇന്ത്യന്‍ താരങ്ങള്‍ കരുത്തുകാട്ടിത്തന്നെയാണ് ജയിച്ചത്.
അഭിഷേക് ശര്‍മയും ശിവം ദുബേയും ഇന്ത്യയുടെ സ്പിന്നര്‍മാരും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടിയെടുത്തു. അഭിഷേക് ശര്‍മയാണ് കൂടുതല്‍ കൈയടി നേടിയത്. മുംബൈയില്‍ വെടിക്കെട്ട് സെഞ്ച്വറി ഉള്‍പ്പെടെ നേടിയെടുക്കാന്‍ അഭിഷേകിന് സാധിച്ചു. ഇന്ത്യ വലിയ പ്രതീക്ഷവെച്ച സൂര്യകുമാര്‍ യാദവും സഞ്ജു സാംസണുമെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ ക്രിസ് ഗെയ്‌ലിന്റേയും എബി ഡിവില്ലിയേഴ്‌സിന്റേയും കഴിവുള്ള താരമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ബ്രണ്ടന്‍ മക്കല്ലം. അത് സഞ്ജു സാംസണോ സൂര്യകുമാര്‍ യാദവോ അല്ലെന്നാണ് കിവീസ് പരിശീലകന്‍ പറയുന്നത്.
അഭിഷേക് ശര്‍മയാണ് ആ താരം
ഇന്ത്യന്‍ ടീമിന്റെ ഗെയ്‌ലും ഡിവില്ലിയേഴ്‌സും അഭിഷേക് ശര്‍മയാണെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്. മുംബൈയിലെ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനത്തിന് ശേഷമാണ് മക്കല്ലം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ക്കെതിരേ സര്‍വാധിപത്യം കാട്ടുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. യുവരാജ് സിങ്ങിന്റെ ശിഷ്യനായ അഭിഷേക് വിക്കറ്റ് പോകുമോയെന്ന് ഭയമില്ലാതെ കളിക്കുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ അസാധ്യ കഴിവാണ് അഭിഷേകിനുള്ളത്.
'അഭിഷേകിന്റെ ഇന്നിങ്‌സ് ടി20യില്‍ കണ്ടതില്‍വെച്ച് എക്കാലത്തേയും മികച്ചതായിരുന്നു. ഏത് ബൗളിങ് ആക്രമണത്തിനെതിരേയും ഇങ്ങനെ ചെയ്യാന്‍ അഭിഷേകിന് കഴിവുണ്ട്. 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നവനെതിരേയും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.

ഞങ്ങളുടെ പദ്ധതികളെയെല്ലാം തകര്‍ത്തുകളയുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെച്ചത്. അവനെ തടയാനാവില്ലായിരുന്നു. ക്രിസ് ഗെയ്ല്‍, ആരോണ്‍ ഫിഞ്ച്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെയെല്ലാം കഴിവുകള്‍ ഒരുമിച്ച് ലഭിച്ചിരിക്കുന്ന താരമാണ് അഭിഷേക്' മക്കല്ലം പറഞ്ഞു.
അഭിഷേക് ഭയമില്ലാത്ത ഓപ്പണര്‍
അഭിഷേക് ശര്‍മയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് തുടക്കം മുതല്‍ കടന്നാക്രമിക്കാനുള്ള കഴിവാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ അഭിഷേക് കത്തിക്കയറും. വലിയ സ്‌കോറിലേക്ക് പോകുമ്പോഴും സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തി പോകാന്‍ താരത്തിനാവും. മുംബൈയില്‍ 54 പന്തില്‍ 135 റണ്‍സാണ് അഭിഷേക് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 250 ആയിരുന്നു. പല താരങ്ങളും ഒരു പരിധികഴിഞ്ഞാല്‍ സ്‌ട്രൈക്ക് റേറ്റില്‍ പിന്നോട്ടിറങ്ങേണ്ടതായി കാണാനാവും.
എന്നാല്‍ ക്രീസില്‍ നില്‍ക്കുന്നിടത്തോളം വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവനാണ് അഭിഷേക് ശര്‍മ. എല്ലാ തരം ബൗളര്‍മാരെയും നേരിടാന്‍ താരത്തിന് മികവുണ്ട്. ഷോര്‍ട്ട് ബോളുകളില്‍ കുടുങ്ങുന്ന താരമല്ല അഭിഷേക്. സ്പിന്നര്‍മാരെ നേരിടുന്നതില്‍ പല താരങ്ങള്‍ക്കും ദൗര്‍ബല്യമുണ്ട്. എന്നാല്‍ മനോഹരമായ സ്വീപ് ഷോട്ടുകളിലൂടെ സ്പിന്നര്‍മാരെ കടന്നാക്രമിക്കാനും അഭിഷേക് ശര്‍മക്ക് സാധിക്കും. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്.
ഹൈദരാബാദിലൂടെ ശ്രദ്ധ നേടിയ താരം
അഭിഷേക് ശര്‍മയുടെ പ്രകടനമികവ് ജൂനിയര്‍ തലം മുതല്‍ ശ്രദ്ധിക്കപ്പെടുന്നതാണ്. എന്നാല്‍ അഭിഷേകിനെ എല്ലാവരും ശ്രദ്ധിച്ചത് ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ പ്രകടനത്തോടെയാണ്. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണറായി ഇറങ്ങുന്ന അഭിഷേക് തുടക്കം മുതല്‍ കത്തിക്കയറുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനങ്ങളാണ് അഭിഷേകിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തത്.