ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ശക്തമായ താരനിരയുള്ള ടീമാണ് ഇംഗ്ലണ്ട്. സന്ദര്‍ശകരായെത്തി ഇന്ത്യയെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന് കരുത്തുണ്ട്. ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ കസറാന്‍ ശേഷിയുള്ളവരുടേതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.
ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയില്ല. അതുകൊണ്ടുതന്നെ ബാറ്റിങ് നിരക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കും. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ ഹീറോ ആവുക ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. അത് രോഹിത് ശര്‍മയോ കെ എല്‍ രാഹുലോ അല്ലെന്നും യശ്വസി ജയ്‌സ്വാളും ശ്രേയസ് അയ്യരുമാണെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
'നാട്ടിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരേ ഏറ്റവും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവനാണ് ജയ്‌സ്വാള്‍. മറ്റൊരു താരം ശ്രേയസ് അയ്യരാണ്. ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ് ശ്രേയസ്. അവസാന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിനായിരുന്നു. അഞ്ചാം നമ്പറില്‍ ടെസ്റ്റിലും മികവ് കാട്ടാന്‍ ശ്രേയസിന് സാധിക്കും.
ആക്രമണോത്സകതയോടെ കളിക്കുന്ന താരമാണവന്‍. പിച്ചിനെ മനസിലാക്കി നിലയുറപ്പിച്ചാല്‍ അവന്റെ ബാറ്റിങ് കണ്ടിരിക്കാന്‍ മനോഹരമാണ്. ലോകകപ്പിലെ മികവ് ശ്രേയസ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'- ഗവാസ്‌കര്‍ പറഞ്ഞു. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ശ്രേയസ് അയ്യര്‍ക്ക് തിളങ്ങാന്‍ സാധിച്ചേക്കും. എന്നാല്‍ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം ഇപ്പോഴും താരത്തെ ബാധിക്കുന്നു. അവസാനത്തെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഈ പ്രശ്‌നം ശ്രേയസിനെ ബാധിച്ചിരുന്നു.

വിദേശ മൈതാനങ്ങളില്‍ ശ്രേയസ് തീര്‍ത്തും നിരാശപ്പെടുത്തുന്നു. സെന രാജ്യങ്ങളില്‍ ആറ് ഇന്നിങ്‌സാണ് ശ്രേയസ് കളിച്ചത്. ബെര്‍മിങ്ഹാമില്‍ 15, 19, സെഞ്ച്വൂറിയനില്‍ 31, 6, കേപ്ടൗണില്‍ 0, 4, എന്നിങ്ങനെയാണ് ശ്രേയസിന്റെ പ്രകടനം. 12 ടെസ്റ്റില്‍ നിന്നായി 707 റണ്‍സാണ് ശ്രേയസ് നേടിയത്. ഷോര്‍ട്ട് ബോള്‍ പ്രശ്‌നമാണെങ്കിലും സ്പിന്നര്‍മാരെ നന്നായി നേരിടാന്‍ ശ്രേയസിന് മികവുണ്ട്. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ ശ്രേയസിന്റെ പ്രകടനം നിര്‍ണ്ണായകമാവും.
ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്‌സ്വാളാവും ഓപ്പണിങ്ങിലെത്തുക. ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ന്യൂബോള്‍ വെല്ലുവിളിയെ എങ്ങനെയാവും ജയ്‌സ്വാള്‍ നേരിടുകയെന്നതാവും കണ്ടറിയേണ്ടത്. റിവേഴ്‌സ് സ്വിങ് നന്നായി ഉപയോഗിക്കുന്ന അനുഭവസമ്പന്നനായ പേസറാണ് ആന്‍ഡേഴ്‌സന്‍. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ കരുതലോടെ കളിക്കണം. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണം.
കടന്നാക്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകാന്‍ രോഹിത്തിനാവണം. രോഹിത് എത്ര നേരം ബാറ്റ് ചെയ്യുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനവും നിര്‍ണ്ണായകമാവും. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയുടെ അഭാവം നികത്താന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ലഭിച്ച അവസരത്തെ മുതലാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ താരത്തിന്റെ സീറ്റ് തെറിച്ചേക്കും.
ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ തോല്‍ക്കുമെന്ന മുന്നറിയിപ്പ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യ ഫ്‌ളാറ്റ് പിച്ചൊരുക്കിയാല്‍ ജയിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ ഇംഗ്ലണ്ടിനും മികച്ച സ്പിന്നര്‍മാരുണ്ടെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ ബാറ്റിങ് നിരയെ തകര്‍ക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കും. എന്നാല്‍ ഫ്‌ളാറ്റ് പിച്ചായാല്‍ ഇംഗ്ലണ്ട് 1000 റണ്‍സടിക്കുമെന്നും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധ്യത കൂടുതലാണെന്നുമാണ് മൈക്കല്‍ വോണ്‍ പറയുന്നത്.