മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം ഒരു വശത്ത് പുരോഗമിക്കുകയാണ്. 10 ടീമുകളും കിരീടത്തിനായി പോരടിക്കുമ്പോള്‍ ആരാധകര്‍ക്കത് ആവേശ കാഴ്ചയാവുകയാണ്. എന്നാല്‍ ഐപിഎല്ലിനിടെയിലും ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മുന്നില്‍ക്കണ്ടുള്ള നീക്കത്തിലാണ്. ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളെല്ലാം മോശമാണ്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് നാണംകെട്ട ഇന്ത്യ ഓസ്‌ട്രേലിയയിലും വമ്പന്‍ തോല്‍വിയാണ് നേരിട്ടത്.
അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ വലിയ മാറ്റങ്ങളോടെ ഇറങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിനായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ കൂടുതല്‍ യുവ താരങ്ങളെ ഇന്ത്യ എ ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണുള്ളത്. പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ ടെസ്റ്റ് നായകനെയടക്കം മാറ്റിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്. അടുത്ത ടെസ്റ്റ് നായകനായി ജസ്പ്രീത് ബുംറ വരുമെന്ന തരത്തിലാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയയില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. അതുകൊണ്ടുതന്നെ ബുംറയിലേക്കാണ് ഇന്ത്യയുടെ നായകസ്ഥാനം എത്തുന്നതെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ മറ്റൊരു താരത്തെ ടെസ്റ്റ് നായകനാക്കാനുള്ള പദ്ധതിയാണ് മെനയുന്നത്.
ശുബ്മാന്‍ ഗില്‍ ടെസ്റ്റ് നായകസ്ഥാനത്തേക്ക്
ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലേക്കും അടുത്ത നായകനായി ശുബ്മാന്‍ ഗില്ലിനെ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നാണ് സൂചനകളുള്ളത്. രേവ് സ്‌പോര്‍ട്‌സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വെള്ളബോളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഗില്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഗില്ലുണ്ടായിരുന്നു.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ശുബ്മാന്‍ ഗില്‍. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും ഗില്ലിന് സാധിക്കുണ്ട്. അതുകൊണ്ടുതന്നെ ഗില്ലിനെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് സംബന്ധിച്ച് പരിശീലകന്‍ ഗൗതം ഗംഭീറും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് മടിക്കുന്നതിന് കാരണം.
നിലവില്‍ പരിക്കേറ്റ ബുംറ ടീമിന് പുറത്താണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബുംറ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവില്ല. ഈ സാഹചര്യത്തില്‍ താരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഗംഭീറിന് താല്‍പര്യമില്ല. അതുകൊണ്ടുതന്നെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന ശുബ്മാന്‍ ഗില്ലിനെ നായകനാക്കാനാണ് ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതി.
രോഹിത്തിന് ടെസ്റ്റില്‍ അവസരം ലഭിച്ചേക്കില്ല
രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയിരുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റ് ടീമിന്റെ നായകനായി രോഹിത് തുടരുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പുതിയ വിവരം. രോഹിത്തിന് പകരം കെ എല്‍ രാഹുലിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് വീണ്ടുമെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി. സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ തുടങ്ങി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന യുവതാരങ്ങളെ ടീമിലേക്ക് വിളിക്കാനാണ് ഇന്ത്യയുടെ നീക്കം.
രോഹിത്തിന്റെ സമീപകാല ടെസ്റ്റ് പരമ്പരകളെല്ലാം വളരെ മോശമായിരുന്നു. പ്രതീക്ഷിച്ചപോലെ റണ്‍സ് നേടാന്‍ രോഹിത്തിന് സാധിക്കുന്നില്ല. രോഹിത്തിന്റെ അഭാവത്തിലും വിരാട് കോലിക്ക് ടീമില്‍ സ്ഥാനം ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യ വലിയ പൊളിച്ചെഴുത്തിലേക്ക് നീങ്ങില്ലെങ്കിലും കൂടുതല്‍ യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നേക്കും. ഇതിനായുള്ള നീക്കത്തിലാണ് ഗൗതം ഗംഭീറെന്നാണ് ലഭിക്കുന്ന സൂചന. സീനിയര്‍ താരങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.