വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ വിശാഖപട്ടണത്ത് നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യയെ ഇംഗ്ലണ്ട് 28 റണ്‍സിന് തോല്‍പ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാം ടെസ്റ്റില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല.
വിരാട് കോലിയുടെ അഭാവത്തിന് പിന്നാലെ രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യ പ്രയാസപ്പെടുകയാണ്. യുവതാരങ്ങളുമായി ഇറങ്ങുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഇന്ത്യ വീണ്ടും സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഇപ്പോഴിതാ രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനാണ് എബി ഡിവില്ലിയേഴ്‌സ്.
'രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് എത്രത്തോളം വലിയ തിരിച്ചടിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സൂപ്പര്‍ സ്റ്റാറായ താരമാണവന്‍. ആദ്യ മത്സരത്തില്‍ അവന്‍ അല്‍പ്പം കൂടി മികച്ച പ്രകടനം നടത്തേണ്ടിയിരുന്നുവെന്ന് ഞാന്‍ കരുതുന്നു. വിക്കറ്റിന് ആക്രമിക്കുന്ന ബൗളറാണവന്‍. ചില പന്തുകള്‍ ടേണ്‍ ചെയ്യും ചിലത് ചെയ്യുകയുമില്ല. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍ നടത്താന്‍ അവന് സാധിച്ചിരുന്നു.
അതുകൊണ്ടുതന്നെ ജഡേജയുടെ പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല. ഫീല്‍ഡിങ്ങുകൊണ്ടും നായകന് വലിയ ആശ്വാസം നല്‍കുന്നവനാണ് ജഡേജ. എന്നാല്‍ ബാറ്റുകൊണ്ടുള്ള ജഡേജയുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തിരിച്ചടി. ഇന്ത്യ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും. ബാറ്റുകൊണ്ട് കാര്യമായി കുല്‍ദീപില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ പന്തുകൊണ്ട് എക്‌സ് ഫാക്ടറാവാന്‍ അവന് കഴിവുണ്ട്. ഇന്ത്യയുടെ ബൗളിങ് നിരയില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ അവന് കഴിവുണ്ട്.

കാരണം അക്ഷറും ജഡേജയും ഏറെക്കുറെ ഒരേ ശൈലിയില്‍ പന്തെറിയുന്ന ഇടം കൈയന്‍ സ്പിന്നര്‍മാരാണ്' ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇന്ത്യ നാല് സ്പിന്നര്‍മാരുമായി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. എന്നാല്‍ ഇതിന് സാധ്യത കുറവാണെന്ന് പറയാം. സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ത്യ ടീമില്‍ വലിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ പൂര്‍ണ്ണമായും ഒഴിവാക്കി.
ഇപ്പോള്‍ കോലിക്കും രാഹുലിനും വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ അനുഭവസമ്പന്നനായ ഏക താരം രോഹിത് ശര്‍മയായിരിക്കുകയാണ്. നായകനെന്ന സമ്മര്‍ദ്ദത്തോടൊപ്പം ബാറ്റിങ് നിരയുടെ ഉത്തരവാദിത്തവും രോഹിത് ഒറ്റക്ക് തോളിലേറ്റേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഇന്ത്യയുടെ യുവതാരനിര പ്രതിഭാശാലികളാണ്. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്.
രണ്ട് പേരും മോശം ഫോമിലാണെങ്കിലും ടീമില്‍ തുടരുമെന്നാണ് ബാറ്റിങ് പരിശീലകന്‍ പറയുന്നത്. അതുകൊണ്ടുതന്നെ രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാള്‍ക്കാവും ഇന്ത്യ അവസരം നല്‍കുക. ഇതില്‍ രജത്തിനാണ് സാധ്യത കൂടുതല്‍. സര്‍ഫറാസിനെക്കാള്‍ മികച്ച ഫീല്‍ഡറെന്ന പരിഗണന രജത്തിന് ലഭിച്ചേക്കും. ഇന്ത്യയുടെ സ്പിന്‍ നിര പ്രതീക്ഷിച്ച നിലവാരം ആദ്യ ടെസ്റ്റില്‍ കാട്ടിയില്ല. രണ്ടാം ഇന്നിങ്‌സില്‍ ഇവര്‍ പൂര്‍ണ്ണമായും കളി മറന്നു.
രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്ഷര്‍ പട്ടേല്‍ കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. ഇന്ത്യയുടെ പേസ് നിരയില്‍ മുഹമ്മദ് സിറാജ് വേണമോയെന്നതും ചോദ്യമാണ്. എന്തായാലും ഇനിയൊരു തോല്‍വി നാട്ടില്‍ വഴങ്ങുന്നത് ഇന്ത്യക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടം വിശാഖപട്ടണത്ത് പ്രതീക്ഷിക്കാം.