മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര 25ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലിയെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ വ്യക്തിപരമായ കാരണത്തെത്തുടര്‍ന്ന് വിരാട് കോലി വിശ്രമമെടുത്തിരിക്കുകയാണ്. ഇതോടെ ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. കോലിയുടെ മികവിന് പകരക്കാരെ കണ്ടെത്തുകയെന്നതാണ് അസാധ്യമായ കാര്യമാണ്.
എന്നാല്‍ കോലിയുടെ പകരക്കാരനെ കണ്ടെത്താതെ ഇന്ത്യക്ക് മറ്റ് വഴികളില്ല. ആരെയാവും ഇന്ത്യ കോലിക്ക് പകരക്കാരനായി പരിഗണിക്കുക?. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ തിരികെ ടീമിലേക്ക് വിളിക്കാന്‍ സാധ്യത കുറവാണ്. യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം രജത് പാട്ടീധാറാണ്. ഇന്ത്യ നേരത്തെ തന്നെ ടീമിലേക്ക് പരിഗണിച്ചിട്ടുള്ള താരമാണ് പാട്ടീധാര്‍.
എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന താരത്തെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഇംഗ്ലണ്ട് എ ടീമിനെതിരേ സന്നാഹ മത്സരത്തില്‍ പാട്ടീധാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 151 റണ്‍സുമായി താരം കസറിയിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 45ന് മുകളില്‍ ശരാശരി പാട്ടീധാറിനുണ്ട്. അതുകൊണ്ടുതന്നെ കോലിക്ക് പകരക്കാരനായി ഇന്ത്യ പാട്ടീധാറിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.
രണ്ടാമത്തെ താരം സര്‍ഫറാസ് ഖാനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന സര്‍ഫറാസിന് ഇതുവരെ ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയിട്ടില്ല. എന്നാല്‍ കോലിക്ക് പകരക്കാരനായി സര്‍ഫറാസിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 68ന് മുകളില്‍ ശരാശരി സര്‍ഫറാസിനുണ്ട്. 2022ന് ശേഷം 80ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. സന്നാഹ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനും സര്‍ഫറാസിനായി.

എന്നാല്‍ സര്‍ഫറാസിന് ഫിറ്റ്നസ് പ്രശ്നമുണ്ട്. അമിതവണ്ണമുള്ള താരത്തെ ഇന്ത്യ ഫിറ്റ്നസിന്റെ പേരില്‍ തഴയാനാണ് സാധ്യത കൂടുതല്‍. മികവ് വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് സര്‍ഫറാസിനെ കോലിയുടെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. മൂന്നാമത്തെ താരം റിങ്കു സിങ്ങാണ്. പരിമിത ഓവറില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറായി റിങ്കു സിങ് മാറിക്കഴിഞ്ഞു. എന്നാല്‍ ടെസ്റ്റിലേക്ക് ഇതുവരെ വിളിനല്‍കിയിട്ടില്ല. ഇത്തവണ കോലിക്ക് പകരക്കാരനായി റിങ്കുവിനെ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സന്നാഹ മത്സരത്തില്‍ റിങ്കു ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എങ്കിലും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബാറ്റ്സ്മാനാണ് റിങ്കു. ഇടം കൈയന്‍ ബാറ്റ്സ്മാനെ ഇന്ത്യക്ക് നാലാം നമ്പറില്‍ കളിപ്പിക്കാന്‍ സാധിക്കുന്നതാണ്. അന്തിമ തീരുമാനം ടീം മാനേജ്മെന്റിന്റേതാണ്. റിങ്കു സിങ് രോഹിത് ശര്‍മയുടെ വിശ്വസ്തനാണ്. അതുകൊണ്ടുതന്നെ റിങ്കുവിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയാണ് കൂടുതലെന്ന് പറയാം.
ചേതേശ്വര്‍ പുജാര ഇരട്ട സെഞ്ച്വറി പ്രകടനം രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ച് കഴിഞ്ഞു. എന്നാല്‍ പുജാരക്ക് ഇനിയൊരു അവസരം നല്‍കാന്‍ ടീം മാനേജ്മെന്റ് താല്‍പര്യം കാട്ടില്ല. പുജാര തിരിച്ചുവരവ് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ പുജാരക്ക് പകരം ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുജാരക്ക് ഇനിയൊരു തിരിച്ചുവരവ് അവസരം പ്രതീക്ഷിക്കാനാവില്ല.
അജിന്‍ക്യ രഹാനെ 100ാം ടെസ്റ്റ് കളിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മികവ് കാട്ടാന്‍ രഹാനെക്കായിട്ടില്ല. രണ്ട് തവണ ഡെക്കായ രഹാനെക്കും ഇന്ത്യ വിളി നല്‍കിയേക്കില്ല. യുവതാരങ്ങളെ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ ടീം കരുത്ത് കുറയുമെന്നുറപ്പ്. കോലിയുടെ അഭാവത്തെ മുതലെടുക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.