മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയ ശേഷം വലിയ തിരിച്ചടികളാണ് ടീം നേരിടുന്നത്. ടി20യില്‍ മികവ് കാട്ടുമ്പോഴും മറ്റ് ഫോര്‍മാറ്റുകളില്‍ ടീമിന്റെ പ്രകടനം താഴോട്ട് പോവുകയാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചെങ്കിലും വലിയ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനാണ് ഗംഭീറെന്ന് പറയാനാവില്ല. ഇന്ത്യക്കായി ഐസിസി ട്രോഫികളില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഗംഭീറിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ ടെസ്റ്റില്‍ ടീമിനെ മുന്നോട്ട് നയിക്കാനുള്ള കെല്‍പ്പ് ഗംഭീറിനുണ്ടെന്ന് കരുതാനാവില്ല. ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ വിലയിരുത്തി പുതിയൊരു നീക്കത്തിന് തയ്യാറെടുക്കുകയാണ് ബിസിസി ഐ. ഗൗതം ഗംഭീറിനൊപ്പം പുതിയൊരു ബാറ്റിങ് പരിശീലകനെ കൊണ്ടുവരാനാണ് ബിസിസി ഐയുടെ നീക്കം. ചാമ്പ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനവും വരാനിരിക്കെയാണ് ബിസിസി ഐയുടെ നിര്‍ണ്ണായക നീക്കം.
സിതാന്‍ഷു കോട്ടക്കിനെ പരിശീലകനാക്കിയേക്കും
ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി എത്തുക മുന്‍ സൂപ്പര്‍ താരങ്ങളൊന്നുമല്ല. ഇന്ത്യ വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരിലൊരാളെ ബാറ്റിങ് പരിശീലകനാക്കണമെന്ന നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഇന്ത്യ വിദേശ പരിശീലകനെ കൊണ്ടുവരണമെന്ന നിര്‍ദേശവും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇവരെയൊന്നുമല്ല ബിസിസി ഐ പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
അത് ഇന്ത്യ എ ടീമിന്റെ ബാറ്റിങ് പരിശീലകനായ സിതാന്‍ഷു കോട്ടക്കാണെന്നാണ് സൂചന. ഇന്ത്യ എ ടീം ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മിന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ സിതാന്‍ഷു കോട്ടക്കിനെ ബാറ്റിങ് കോച്ചാക്കിയാല്‍ സീനിയര്‍ താരങ്ങള്‍ക്കടക്കം അത് ഗുണകരമാവുമെന്നാണ് ബിസിസി ഐ വിലയിരുത്തുന്നത്. കോലിയും രോഹിത് ശര്‍മയും ഗൗതം ഗംഭീറും ഒന്നിച്ച് കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ മോശം ഫോമിലുള്ള രോഹിത്തിനും കോലിക്കും ഉപദേശം നല്‍കാന്‍ ഗംഭീറിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ മാറ്റത്തിന് ബിസിസി ഐ തയ്യാറെടുക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡ്
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച റെക്കോഡ് സൃഷ്ടിക്കാന്‍ സിതാന്‍ഷുവിന് സാധിച്ചിട്ടുണ്ട്. 52കാരനായ സിതാന്‍ഷുവിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വളരാന്‍ സാധിച്ചിരുന്നില്ല. 130 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 8061 റണ്‍സും 89 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 3083 റണ്‍സും ഇടം കൈയന്‍ ബാറ്റ്‌സ്മാനായിരുന്ന സിതാന്‍ഷു നേടിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിലവാരം ഉയര്‍ത്താന്‍ സിതാന്‍ഷുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും ബിസിസി ഐ പുതിയ മാറ്റം ഇന്ത്യക്ക് ഗുണകരമാവാനാണ് സാധ്യത.
ഗംഭീറിന് ചാമ്പ്യന്‍സ് ട്രോഫി ലാസ്റ്റ് ചാന്‍സ്
ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് നേരിട്ടു. ഇതിന് ശേഷം ഓസ്‌ട്രേലിയയിലും ഗംഭീറിന് കീഴില്‍ ഇന്ത്യ പരമ്പര കൈവിട്ടു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും എത്താന്‍ സാധിക്കാതെ പോയി. ഇതെല്ലാം ഗംഭീറിന്റെ കസേരക്ക് ഇളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും ഗംഭീറിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കേണ്ടതായുണ്ട്.
അല്ലാത്ത പക്ഷം ഗംഭീറിനെ ഇന്ത്യ നായകസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നുറപ്പാണ്. ഗംഭീര്‍ ഇന്ത്യന്‍ ടീമിലെ താരാധിപത്യം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സീനിയര്‍ താരങ്ങളുടെ പ്രകടനം മോശമായത്. ഇന്ത്യ ടീമിന്റെ ഐക്യം നിലവില്‍ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇതിന് മാറ്റം കൊണ്ടുവരാന്‍ ഗൗതം ഗംഭീറിന് ചാമ്പ്യന്‍സ് ട്രോഫിയിലൂടെയെങ്കിലും സാധിച്ചില്ലെങ്കില്‍ ഗംഭീറിനെ ഇന്ത്യ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന കാര്യം ഉറപ്പാണ്.