For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ ജയിക്കണോ? മടങ്ങിവരേണ്ടത് കോലിയല്ല, ഷമി! ഈ കണക്ക് അത് വ്യക്തമാക്കും

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയുടെ ക്ഷീണത്തിലാണ് ഇന്ത്യ. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിട്ടും ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയായിരുന്നു. ഹൈദരാബാദിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് തോല്‍വികൂടിയായിരുന്നു ഇത്. സ്വന്തം തട്ടകത്തില്‍ നാണംകെട്ട ഇന്ത്യ രണ്ടാം ടെസ്റ്റിലൂടെ ഇംഗ്ലണ്ടിന് മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. വിശാഖപട്ടണത്ത് ഇന്ത്യ എങ്ങനെയാവും തന്ത്രം മെനയുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ വിജയവഴിയിലേക്കെത്താന്‍ വിരാട് കോലി മടങ്ങിവരണമെന്നാണ് ആരാധകര്‍ പറയുന്നത്. കോലിയുടെ അഭാവമാണ് ഇന്ത്യയെ കൂടുതല്‍ ബാധിക്കുന്നതെന്നാണ് കൂടുതല്‍ പേരും പറയുന്നത്. എന്നാല്‍ നാട്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് ജയങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഭാഗ്യ താരം കോലിയല്ല. അത് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയാണ്. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. ഷമി ഭാഗമായി നാട്ടില്‍ കളിച്ച ഒരു ടെസ്റ്റും ഇന്ത്യ തോറ്റിട്ടില്ല.

വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഇത് വസ്തുതയാണ്. ഷമി ഉള്‍പ്പെട്ട ഒരു ടെസ്റ്റില്‍ പോലും നാട്ടില്‍ ഇന്ത്യക്ക് മുട്ടുമടക്കേണ്ടി വന്നിട്ടില്ല. 21 മത്സരത്തില്‍ 17 മത്സരത്തിലും ഇന്ത്യ ജയം നേടി. നാല് മത്സരം സമനിലയുമായി. ഒരു തോല്‍വിപോലും വഴങ്ങാതെ കൂടാതെ ഹോം ടെസ്റ്റ് ജയിക്കുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്താണ് ഷമി. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും നേടാനാവാത്ത റെക്കോഡാണ് ഷമി സ്വന്തമാക്കിയത്.

പരിക്കിന്റെ പിടിയിലുള്ള ഷമിക്ക് മടങ്ങിവരവ് പെട്ടെന്ന് സാധ്യമാകില്ല. വരുന്ന ഐപിഎല്ലിന് മുന്നോടിയായി ഫിറ്റ്‌നസിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഷമി. സമീപകാലത്തായി മികച്ച ഫോമിലാണ് ഷമി കളിക്കുന്നത്. അവസാന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഷമിയായിരുന്നു തലപ്പത്ത്. അതിവേഗത്തില്‍ പന്തെറിയുന്ന താരമല്ല ഷമി. എന്നാല്‍ സ്വിങ് പേസറായ ഷമിക്ക് ഏത് പിച്ചിലും മികവ് കാട്ടാനാവും. കുറ്റി തെറിപ്പിക്കാന്‍ അസാധ്യ മികവുള്ള ബൗളറാണ് ഷമി.

rohit sharma, ks bharat

സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിക്കുന്നവരിലൊരാളാണ് ഷമിയെന്ന് പറയാം. ഒന്നാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ മികച്ച ബൗളിങ് പ്രകടനം നടത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. അതുകൊണ്ടുതന്നെ ഷമിയുടെ അഭാവം ഇന്ത്യ മിസ് ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ച് ഷമിയുടെ തിരിച്ചുവരവ് വളരെ പ്രധാനപ്പെട്ടതാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ നട്ടെല്ലായ ബൗളര്‍മാരിലൊരാളാണ് ഷമിയെന്ന് പറയാം. വിദേശ മൈതാനങ്ങളിലും ഷമിക്ക് മികച്ച റെക്കോഡ് അവകാശപ്പെടാം.

രണ്ടാം ടെസ്റ്റില്‍ ജയിക്കുക ഇന്ത്യക്ക് എളുപ്പമാകില്ല. വലിയ വെല്ലുവിളിയാണ് രോഹിത്തിനും സംഘത്തിനുമുള്ളത്. തോല്‍വിയുടെ ക്ഷീണത്തോടൊപ്പം പരിക്കും ഇന്ത്യയെ വേട്ടയാടുന്നു. കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റ് കളിക്കില്ല. ഇതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിന് പകരം രജത് പാട്ടീധാറെത്തിയേക്കും.

കെ എല്‍ രാഹുലിന് പകരം സര്‍ഫറാസ് ഖാനും രവീന്ദ്ര ജഡേജക്ക് പകരം വാഷിങ്ടണ്‍ സുന്ദറും കളിച്ചേക്കും. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് എന്ത് അത്ഭുതമാണ് കാട്ടാനാവുകയെന്നതാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ട് വലിയ താരങ്ങളുടെ നിരയാണ്. ആദ്യ മത്സരത്തിലെ ജയം അവരുടെ ആത്മവിശ്വാസവും ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. അതുകൊണ്ടുതന്നെ ഫ്‌ളാറ്റ് പിച്ചൊരുക്കി ഇന്ത്യ കളത്തിലിറങ്ങാനാണ് സാധ്യത.

എന്തായാലും രണ്ടാം ടെസ്റ്റിലും തോറ്റാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെപ്പോലും അത് പ്രതികൂലമായി ബാധിച്ചേക്കും. വിശാഖപട്ടണം ടെസ്റ്റ് ഇന്ത്യയുടെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് പറയാം.

Story first published: Wednesday, January 31, 2024, 15:15 [IST]
Other articles published on Jan 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+