ചെന്നൈ: ടി20 ഫോര്‍മാറ്റ് അതിവേഗ ക്രിക്കറ്റിന്റേതാണ്. തുടക്കം മുതല്‍ ആക്രമിച്ച് 20 ഓവറുകള്‍ക്കുള്ളില്‍ വിസ്മയിപ്പിക്കാന്‍ സാധിക്കുകയെന്നത് എളുപ്പമല്ല. ടി20 ഫോര്‍മാറ്റില്‍ സ്ഥിരത കാട്ടുകയെന്നത് വളരെ ദുഷ്‌കരമാണെന്ന് തന്നെ പറയാം. നിലവില്‍ ഇന്ത്യയുടെ ടി20യിലെ പ്രകടനങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ ടി20 ലോക ചാമ്പ്യന്മാരാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീം ഉന്നതങ്ങളിലാണുള്ളത്.
ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി മികവിലേക്കെത്തിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിലെ പലര്‍ക്കും ടി20യിലെ ഇതിഹാസങ്ങളായി മാറാന്‍ കഴിവുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്ന് അടുത്ത ടി20 ഇതിഹാസങ്ങളായി മാറാന്‍ സാധ്യതയുള്ള രണ്ട് താരങ്ങളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ സൂര്യകുമാര്‍ യാദവ്.
ഈ രണ്ട് പേര്‍ അതുല്യ പ്രതിഭകള്‍
ഇന്ത്യയുടെ നിലവിലെ ടി20 ടീമില്‍ സൂപ്പര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന നിരവധി താരങ്ങളുണ്ട്. എല്ലാവരും ഒന്നിനൊന്ന് മികച്ചവരാണ്. അതുകൊണ്ടുതന്നെ അടുത്ത ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്നവര്‍ ഏറെയാണെന്ന തന്നെ പറയാം. ഇപ്പോഴിതാ ഇതില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ സഞ്ജു സാംസണേയും തിലക് വര്‍മയേയുമാണ് താന്‍ തിരഞ്ഞെടുക്കുകയെന്നാണ് സൂര്യകുമാര്‍ പറയുന്നത്.
'തിരഞ്ഞെടുക്കാന്‍ പ്രയാസമുള്ള ചോദ്യമാണിത്. ഇത്തരമൊരു തിരഞ്ഞെടുക്കല്‍ വലിയ തലവേദനയാണ്. എന്നാല്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരാണ് അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ളവര്‍. മൂന്നാമതൊരാളെ തിരഞ്ഞെടുക്കാന്‍ എന്നോട് പറയരുത്. അഭിഷേക് ശര്‍മ, റിങ്കു സിങ്, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം മികച്ചവരാണ്. ഇവര്‍ക്കെല്ലാം ടി20യിലെ അടുത്ത സൂപ്പര്‍ താരങ്ങളായി മാറാന്‍ കെല്‍പ്പുണ്ട്' സൂര്യകുമാര്‍ പറഞ്ഞു.

സഞ്ജുവും തിലകും മിന്നും ഫോമില്‍
ഇന്ത്യക്കായി ടി20യില്‍ മിന്നും പ്രകടനമാണ് സഞ്ജു സാംസണും തിലക് വര്‍മയും കാഴ്ചവെക്കുന്നത്. സഞ്ജു സാംസണെ ടി20യില്‍ ഓപ്പണറാക്കിയതോടെ താരത്തിന്റെ നിലവാരം മാറി. ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് സെഞ്ച്വറികളാണ് നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജുവിന്റെ പല ഷോട്ടുകളും അത്ഭുതപ്പെടുത്തുന്നതാണ്. സ്ഥിരത ചോദ്യം ഉയര്‍ത്തുമ്പോഴും പ്രകടനം കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ഓപ്പണര്‍ റോളില്‍ സഞ്ജുവുണ്ട്. തിലക് വര്‍മ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയാണ് തിലക് ശോഭിച്ചത്. ടോപ് ഓഡറില്‍ അവസരം ലഭിച്ചാല്‍ സൂപ്പര്‍ പ്രകടനം നടത്താന്‍ തിലകിന് കഴിവുണ്ട്. സഞ്ജുവും തിലകും ഇതിനോടകം എല്ലാവരുടേയും കൈയടി നേടിയവരാണ്. വിരമിക്കുമ്പോഴേക്കും ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഉയരാന്‍ ഇവര്‍ക്ക് സാധിക്കും.
ടി20യില്‍ ഇന്ത്യ 300 സ്‌കോര്‍ നേടും
ടി20യില്‍ ഇന്ത്യ ടീം സ്‌കോര്‍ 300 റണ്‍സ് നേടുമെന്നാണ് സൂര്യകുമാര്‍ പറയുന്നത്. ഇന്ത്യയുടെ ബൗളര്‍മാര്‍ മൂന്നോ നാലോ സിക്‌സുകള്‍ നേടിയാല്‍ ഇത്തരമൊരു നേട്ടത്തിലേക്കെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് സൂര്യകുമാര്‍ പറയുന്നത്. ' ഞങ്ങള്‍ ടി20യില്‍ 280-285 സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവരാണ്.
ഡെത്തോവറുകളില്‍ ബൗളര്‍മാര്‍ക്ക് മൂന്നോ നാലോ സിക്‌സുകള്‍ നേടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് 300 റണ്‍സിലേക്കെത്താന്‍ സാധിക്കും. ബൗളര്‍മാര്‍ ബാറ്റിങ്ങില്‍ ഇത് മുന്നില്‍ കാണണം' സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.