മാഞ്ചസ്റ്റര്‍: നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റ് അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നിരയില്‍ ഇംഗ്ലണ്ട് ഏറ്റവുമധികം ഭയക്കുന്ന ബാറ്റര്‍ ആരെന്നു പറഞ്ഞിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്ററും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളോ, സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലോ, നായകന്‍ ശുഭ്മന്‍ ഗില്ലോയല്ല മറിച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഇംഗ്ലീഷ് ടീമിനു ഭയമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റിഷഭിന്റെ ബാറ്റിങ് ശൈലിയെ നിയന്ത്രിക്കാന്‍ ശ്രമിക്കരുതെന്നും ഉഇപ്പോള്‍ കളിക്കുന്ന അതേ രീതിയില്‍ തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും മഞ്ജരേക്കര്‍ ആവശ്യപ്പെടുന്നു.
ലോര്‍ഡ്‌സില്‍ ഇന്ത്യ 22 റണ്‍സിനു പൊരുതിവീണ കഴിഞ്ഞ ടെസ്റ്റിനിടെ റിഷഭിന്റെ ചൂണ്ടുവിരലിനു പരിക്കേറ്റിരുന്നു. എങ്കിലും 23ന് മാഞ്ചസ്റ്റില്‍ തുടങ്ങാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ അദ്ദേഹം കളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

റിഷഭിനെ നിയന്ത്രിക്കരുത്
റിഷഭ് പന്തിനെ ബാറ്റിങില്‍ ഒരിക്കലും നിയന്ത്രിക്കാന്‍ ശ്രമിക്കരുതെന്നും സ്വതസിദ്ധമായ ശൈലിയില്‍ തന്നെ തുടര്‍ന്നും കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മല്‍സരത്തിലെ സാഹചര്യം എന്തു തന്നെയായാലും റിഷഭ് പന്ത് ഇതുവരെ കളിച്ചു പോരുന്ന അതേ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യും. അദ്ദേഹത്തിനു ടീം മാനേജ്‌മെന്റ് അതിനുള്ള ലൈസന്‍സ് നല്‍കണം. കാരണം റിഷഭ് അതു അര്‍ഹിക്കുകയും ചെയ്യുന്നു. ബാറ്റിങ് യൂണിറ്റ് നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കഴിഞ്ഞ ടെസ്റ്റില്‍ താന്‍ എങ്ങനെയാണ് ഔട്ടായത് എന്നതിനെ കുറിച്ച് യശസ്വി ജയ്‌സ്വാള്‍ ചിന്തിക്കണം. തന്റെ ഫോമിനെ ഉപയോഗിക്കാന്‍ അവന്‍ ശ്രമിക്കുകയും വേണം. അഞ്ചാം നമ്പറില്‍ വലിയ പ്ലെയര്‍ തന്നെയാണ് റിഷഭെന്നു ഞാന്‍ കരുതുന്നു. ഇംഗ്ലണ്ട് ഭയക്കുന്ന ബാറ്ററും അദ്ദേഹം തന്നെയാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടുമായുള്ള ഈ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുതിയ വൈസ് ക്യാപറ്റന്‍ കൂടിയായ റിഷഭ് പന്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞാല്‍ ആദ്യത്തെ മൂന്നു ടെസ്റ്റുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ബാറ്ററും അദ്ദേഹം തന്നെയാണ്. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 70.83 ശരാശരിയില്‍ 425 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം.
ലീഡ്‌സിലെ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു ഇതോടെ ഒരു ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ലോകത്തിലെ രണ്ടാമത്തെയാളുമായി റിഷഭ് മാറുകയും ചെയ്തു.
ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ പരിക്കേറ്റിട്ടും ബാറ്റ് ചെയ്യാനെത്തിയ റിഷഭ് ഒന്നാമിങ്‌സില്‍ 74 റണ്‍സുമായി തിളങ്ങുകയം ചെയ്തു. നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് നിര്‍ഭാഗ്യകരമായ രീതിയില്‍ അദ്ദേഹം റണ്ണൗട്ടായത്.

ഗില്ലിന്റെ റോള്‍
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ റോള്‍ ഇനിയുള്ള രണ്ടു ടെസ്റ്റുകളിലും ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നു സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഗില്ലിനു വളരെ നിര്‍ണായകമായ റോളാണുള്ളതെങ്കിലും ടീം അദ്ദേഹത്തെ പൂര്‍ണമായി ആശ്രയിക്കുന്നില്ലെന്നതു നല്ലൊരു സൂചനയാണെന്നും മഞ്ജരേക്കര്‍ പറയുന്നു.
ശുഭ്മന്‍ ഗില്ലിന്റെ റോള്‍ വളരെ പ്രധാനമാണ്. ലോര്‍ഡ്‌സിലെ കഴിഞ്ഞ ടെസ്റ്റില്‍ അദ്ദേഹത്തില്‍ നിന്നും കാര്യമായ സംഭാവനകളൊന്നും ലഭിക്കാതിരുന്നിട്ടും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് വളരെ വെല്ലുവിളിയുയര്‍ത്തുന്നതായി കാണപ്പെട്ടിരുന്നു. അതു നല്ലൊരു കാര്യം തന്നെയാണ്. ഗില്ലിനെ നമ്മള്‍ പൂര്‍ണമായി ആശ്രയിക്കുന്നില്ലെന്നു അതു തെളിയിക്കുകയും ചെയ്തതായും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.