നാഗ്പൂര്‍: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഏകദിനത്തിലും തോറ്റ് തുടങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് സന്ദര്‍ശകരായ ഇംഗ്ലണ്ടിന്റെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് 248 റണ്‍സില്‍ കൂടാരം കയറേണ്ടി വന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ 68 പന്തും നാല് വിക്കറ്റും ബാക്കിയാണ് വിജയലക്ഷ്യം മറികടന്നത്. 87 റണ്‍സോടെ ശുബ്മാന്‍ ഗില്ലാണ് കളിയിലെ താരമായത്.
മത്സരത്തിലെ ടോപ് സ്‌കോററും ഗില്ലാണ്. ശ്രേയസ് അയ്യര്‍ 59 റണ്‍സും അക്ഷര്‍ പട്ടേല്‍ 52 റണ്‍സും നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ബൗളിങ്ങിലേക്ക് വരുമ്പോള്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി കൂടുതല്‍ ശോഭിച്ചത്. മത്സര ശേഷം സംസാരിക്കവെ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച പ്രകടനം ഏതാണെന്ന് ഇംഗ്ലണ്ട് നായകനായ ജോസ് ബട്‌ലര്‍ തുറന്ന് പറഞ്ഞിരുന്നു.
അത് ശുബ്മാന്‍ ഗില്ലിന്റെ ഫിഫ്റ്റിയോ രവീന്ദ്ര ജഡേജയുടേയും അക്ഷര്‍ പട്ടേലിന്റേയും മൂന്ന് വിക്കറ്റ് പ്രകടനങ്ങളോ അല്ലെന്നും അത് ശ്രേയസ് അയ്യരുടെ ബാറ്റിങ്ങാണെന്നുമാണ് ബട്‌ലര്‍ ചൂണ്ടിക്കാട്ടിയത്.
ശ്രേയസ് അയ്യരുടെ ബാറ്റിങ് കണക്കുകൂട്ടല്‍ തെറ്റിച്ചു
ഇംഗ്ലണ്ട് ഇന്ത്യയെ ഞെട്ടിച്ചാണ് ബൗളിങ് തുടങ്ങിയത്. രോഹിത് ശര്‍മയേയും യശ്വസി ജയ്‌സ്വാളിനേയും തുടക്കത്തിലേ മടക്കിയതോടെ രണ്ട് വിക്കറ്റിന് 19 എന്ന നിലയിലേക്ക് ഇന്ത്യ എത്തി. ഇന്ത്യന്‍ താരങ്ങള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിന് തുടക്കത്തിലേ സാധിച്ചെങ്കിലും ശ്രേയസ് അയ്യരുടെ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചതെന്നാണ് ബട്‌ലര്‍ പറയുന്നത്. ശ്രേയസ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.

ഇതോടെ ഇംഗ്ലണ്ട് ബൗളര്‍മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനായി. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് സൃഷ്ടിച്ചത് മികച്ച കൂട്ടുകെട്ടായിരുന്നുവെന്നും ബട്‌ലര്‍ പറഞ്ഞു. ജോഫ്രാ ആര്‍ച്ചറുടെ തുടക്കത്തിലെ പ്രകടനം ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ശ്രേയസ് ഒരോവറില്‍ രണ്ട് സിക്‌സറടക്കം പറത്തി ആര്‍ച്ചറെ പഞ്ഞിക്കിട്ടു. സ്പിന്നര്‍മാരെ സ്വിച്ച് ഹിറ്റടക്കം കളിച്ച് മുന്നേറിയ ശ്രേയസിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായതെന്ന് നിസംശയം പറയാം.
ഗില്ലിന്റേത് വൈസ് ക്യാപ്റ്റന്റെ പ്രകടനം
ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറിലേക്ക് എത്തിപ്പെട്ട ഗില്‍ വൈസ് ക്യാപ്റ്റന്റെ പക്വതയോടെയാണ് കളിച്ചത്. ഒരു ലൈഫ് കിട്ടിയതിനെ മുതലാക്കി ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ ഗില്ലിന് സാധിച്ചു. വിജയത്തിലേക്കെത്തുന്നതിന് മുമ്പ് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഗില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. ഇതാണ് 87 റണ്‍സില്‍ പുറത്താവാന്‍ കാരണമായത്.
14 ബൗണ്ടറി ഉള്‍പ്പെടെ അവസരത്തിനൊത്തുയരാന്‍ ഗില്ലിന് സാധിച്ചു. അക്ഷര്‍ പട്ടേലിന്റെ പ്രകടനം ഇന്ത്യക്ക് കിട്ടിയത് ബോണസാണ്. 47 പന്തില്‍ 52 റണ്‍സാണ് അക്ഷര്‍ പട്ടേല്‍ നേടിയത്. ഇടം കൈയനായ താരം കെ എല്‍ രാഹുലിനേയും ഹാര്‍ദിക് പാണ്ഡ്യയേയും രവീന്ദ്ര ജഡേജയേയും മറികടന്ന് അഞ്ചാം നമ്പറിലേക്കെത്തിയപ്പോള്‍ നിര്‍ണ്ണായക ഫിഫ്റ്റിയോടെ ശോഭിക്കാനായി. എന്നാല്‍ ശുബ്മാന്‍ ഗില്ലിന് സെഞ്ച്വറിക്ക് അവസരമൊരുക്കാന്‍ ശ്രമിച്ച കെ എല്‍ രാഹുല്‍ വെറും 2 റണ്‍സെടുത്താണ് പുറത്തായത്.
പരമ്പര പിടിക്കേണ്ടത് ഇന്ത്യക്ക് നിര്‍ണ്ണായകം
ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടി20യില്‍ ഇന്ത്യ ശോഭിക്കുന്നുണ്ടെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും പിന്നോട്ടാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യക്ക് ഈ ചീത്തപ്പേര് മാറ്റേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മോശം ഫോം ഇന്ത്യക്ക് തലവേദന ആകുന്നുണ്ട്. എന്നാല്‍ ആദ്യ ഏകദിനത്തിലെ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് പറയാം.