ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി മാജിക്കല്‍ സ്‌പെല്ലുകളെറിയാന്‍ സാധിക്കുന്ന ഒരു സര്‍പ്രൈസ് താരത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബൗളിങ് കോച്ചായ മോര്‍നെ മോര്‍ക്കല്‍. നിലവില്‍ ബാറ്റിങിലാണ് ഈ താരത്തെ ടീം കൂടുതല്‍ ഉപയോഗിക്കാറുള്ളതെങ്കിലും അടുത്ത പരമ്പരയില്‍ ബൗളിങിലും സുപ്രധാന റോളുണ്ടായിരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ മാസം 20 മുതല്‍ ലീഡ്‌സിലെ ഹെഡിങ്‌ലേയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു തുടക്കമാവുന്നത്. രോഹിത് ശര്‍മയുടെ വിരമിക്കലിനു ശേഷം പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ടീം അഗ്നിപരീക്ഷയ്ക്കിറങ്ങുക. ഹിറ്റ്മാന്‍ മാത്രമല്ല, ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല.

ആരാണ് ആ താരം?
കരിയറിലെ ആദ്യത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ തയ്യാറെടു്ക്കുന്ന യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയാണ് മോര്‍നെ മോര്‍ക്കല്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്. 22 കാരനായ താരത്തിന്റെ രണ്ടാമതത്തെ മാത്രം റെഡ് ബോള്‍ പരമ്പര കൂടിയാണിത്. അവസാനമായി കളിച്ച ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെയാണ് ടെസ്റ്റില്‍ നിതീഷ് അരങ്ങേറിയത്.
ആദ്യ പരമ്പരയില്‍ തന്നെ കന്നി സെഞ്ച്വറിയുമായി ലോക ക്രിക്കറ്റില്‍ വരവറിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു നിതീഷിന്റെ ഗംഭീര ഇന്നിങ്‌സ്. പക്ഷെ ഇംഗ്ലണ്ടിനതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തിനു ശക്തമായ വെല്ലുവിളിയുയര്‍ത്തി മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറും രംഗത്തുണ്ട്. രണ്ടിലൊരാളെ മാത്രമേ ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്താനിടയുള്ളൂ.
നിതീഷ് വളരെ കഴിവുറ്റ ബൗളറാണെന്നാണ് മോര്‍ക്കല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെഡ്ഡി നല്ല പ്രതിഭയുള്ള ബൗളറാണെന്നു ഞാന്‍ കരുതുന്നു.
മാജിക്കല്‍ ബൗളുകളെറിയാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. റെഡ്ഡിയെ സംബന്ധിച്ച് ഇപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ആ സ്ഥിരത നിലനിര്‍ത്തുകയെന്നതാണ്. ഞങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും അതിനു വേണ്ടിയാണെന്നും മുന്‍ സൗത്താഫ്രിക്കന്‍ പേസര്‍ കൂടിയായ മോര്‍ക്കല്‍ വിശദമാക്കി.
ഞാന്‍ നിതീഷുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൂടുതല്‍ ബൗള്‍ ചെയ്യുന്നതിനു വേണ്ടി ഞാന്‍ അദ്ദേഹത്തെ ചാലഞ്ചും ചെയ്തു. റെഡ്ഡിയുടെ കൈകളില്‍ ബോള്‍ കൂടുതല്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ബാറ്റ് കൊണ്ട് അദ്ദേഹത്തിനു എന്തു ചെയ്യാന്‍ കഴിയുമെന്നു നമുക്കെല്ലാം അറിയാം. പക്ഷെ ടീമിനെ സംബന്ധിച്ച് ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ ഇതുപോലെയുള്ള ബൗളിങ് ഓപ്ഷനുകളുള്ളത് നല്ലതാണ്. അതു മറ്റാരേക്കാളും റെഡ്ഡിയെ തന്നെയാണ് കൂടുതല്‍ ആവേശഭരിതനാക്കുകയെന്നും മോര്‍ക്കല്‍ പറയുന്നു.

ഇംഗ്ലീഷ് ചാലഞ്ച്
ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം നേരിടാന്‍ പോവുന്ന ചാലഞ്ചുകളെ കുറിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് മോര്‍നെ മോര്‍ക്കല്‍ സംസാരിച്ചത്. ഇ പരമ്പരയിലെ വെല്ലുവിളികളെ പറ്റി പറയുമ്പോള്‍ ഞങ്ങള്‍ എല്ലാ ഏരിയകളും നന്നായിട്ടു തന്നെ കവര്‍ ചെയ്തിട്ടുണ്ടെന്നു കാണാം.
പക്ഷെ ഇപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം മാച്ച് റെഡിയായിരിക്കുക എന്നതാണ്. ആ മൂര്‍ച്ച തിരികെ കൊണ്ടു വരികയും വേണം. കുറച്ചു കാലമായി ഞങ്ങള്‍ ടെസ്റ്റ് മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ല.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കു യോജിച്ചതു തന്നെയാണ്. അല്‍പ്പം മൂടിക്കെട്ടിയ കാലാവസ്ഥയാണ് ഇവിടുത്തേത്. എങ്കിലും നല്ല പിച്ചുകളായിരിക്കും ഇവിടുത്തേത്. ഞങ്ങള്‍ ഇവിടെ പരീക്ഷിക്കപ്പെടുമെന്നു തോന്നുന്നതായും മോര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.