ഐപിഎല്ലിനു ഈയാഴ്ച തിരശീല വീഴാനിരിക്കെ ഇന്ത്യന്‍ ടീം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു കടക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു ഈയാഴ്ച തുടക്കമാവും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കുക. ഈ മാസം 20 മുതല്‍ ലീഡ്‌സിലാണ് ആദ്യ അങ്കം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
ബാറ്റിങിലെ നെടുംതൂണുകളായ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ കന്നി പരമ്പരയെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ടില്‍ എങ്ങനെയാവും ഇന്ത്യക്കു നികത്താന്‍ സാധിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ശക്തമായ പ്ലെയിങ് ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

ടോപ്പ് ഫോറില്‍ ഇവര്‍
രോഹിത് ശര്‍മയുടെ അഭാവത്തില്‍ സ്റ്റാര്‍ ബാറ്ററും മറ്റൊരു സീനിയര്‍ താരവുമായ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഓപ്പണിങ് റോള്‍ ഉറപ്പാക്കി കഴിഞ്ഞു. അവസാനായി കളിച്ച ഓസ്‌ട്രേലിയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹം ഓപ്പണ്‍ ചെയ്തിരുന്നു. രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. ഇനി ഇംഗ്ലണ്ടിലും ഇതു തന്നെയാവും ഇന്ത്യ പരീക്ഷിക്കുക.
പുതിയ നായകനായെത്തിയ ശുഭ്മന്‍ ഗില്‍ തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെ തുടര്‍ന്നും കളിച്ചേക്കും. വിരാട് കോലി ഒഴിച്ചിട്ട നാലാം നമ്പറിലേക്കു ഗില്‍ മാറുമെന്നു നേരത്ത അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതിനു സാധ്യത കുവവാണ്. നാലാം നമ്പറിലേ്ക്കു മിന്നുന്ന ഫോമിലുള്ള സായ് സുദര്‍ശനും മറുനാടന്‍ മലയാളി താരം കരുണ്‍ നായരുമാണ് രംഗത്തുള്ളത്. ഇവരില്‍ സായിയെ പിന്തള്ളി കരുണ്‍ ഫേവറിറ്റായി മാറിക്കഴിഞ്ഞു.
കാരണം ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമിനു വേണ്ടി ആദ്യ റെഡ് ബോള്‍ മാച്ചില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയോടെ കസറിയിരിക്കുകയാണ് അദ്ദേഹം. അതിനാല്‍ തന്നെ ആദ്യ ടെസ്റ്റില്‍ നിന്നും ഇനി കരുണിനെ മാറ്റി നിര്‍ത്തുക ഇന്ത്യക്കു അസാധ്യമായി മാറുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണിലെ ആഭ്യന്തര്ക്രിക്കറ്റിലും വലിയ റണ്‍വേട്ട നടത്താന്‍ അദ്ദേഹത്തിനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കു കരുണിനു മടങ്ങിവരവിനു അവസരമൊരുക്കിയതും ഇതു തന്നെയാണ്.
മധ്യനിര, ബൗളിങ്
കരുണ്‍ നായര്‍ക്കു ശേഷം അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തായിരിക്കും കളിക്കാനിറങ്ങുക. ആറാം നമ്പറില്‍ സാധാരണയായി വെറ്ററണ്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങാറുള്ളത്. ഇതു ബാറ്റിങിനു കൂടുതല്‍ ആഴവും നല്‍കാറുണ്ട്. പക്ഷെ ജഡ്ഡുവിനു പകരം ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ രണ്ടു സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായിരിക്കും ടീമിനു മുതല്‍ക്കൂട്ടായി മാറുക.

ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡിയെയും ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഇന്ത്യക്കു കളിപ്പിക്കാവുന്നതാണ്. രണ്ടു പേരും മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരാണ്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് ടീമില്‍ വേണം.
ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ പിടിച്ചുനിര്‍ത്താന്‍ അദ്ദേഹം ടീമില്‍ ആവശ്യമാണ്. തുടര്‍ന്നു പേസര്‍മാരായി ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരെയും ഇന്ത്യ കളിപ്പിക്കണം.
ആദ്യ ടെസ്റ്റിലെ പ്ലെയിങ് 11
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.