ഇംഗ്ലണ്ടുമായി അടുത്ത മാസമാദ്യം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും ഏറ്റവും മികച്ച പ്ലെയിങ് ഇലവനെയും തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി യുഎഇയിലേക്കു തിരിക്കും മുമ്പ് ഇന്ത്യയുടെ അവസാനത്തെ ഏകദിന പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പായും ഈ പരമ്പരയെ കാണാം.
ഫെബ്രുവരി ആറു മുതല്‍ 12 വരെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര നടക്കാനിരിക്കുന്നത്. ഈ പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലും ഇന്ത്യ ഏറ്റുമുട്ടും. രണ്ടു പരമ്പരകള്‍ക്കും ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് മഞ്ജരേക്കര്‍ തന്റെ ടീമിനെക്കുറിച്ച് പറഞ്ഞത്.

റിഷഭില്ല, സഞ്ജുവുണ്ട്
രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ഇന്ത്യന്‍ നിരയെയാണ് സഞ്ജയ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ നിന്നും റിഷഭ് പന്തിനെ ഒഴിവാക്കിയ മഞ്ജരേക്കര്‍ മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
കെഎല്‍ രാഹുലാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ധ്രുവ് ജുറേലും വിക്കറ്റ് കീപ്പിങില്‍ നല്ലൊരു ഓപ്ഷനാണെന്നു മഞ്ജരേക്കര്‍ പറഞ്ഞെങ്കിലും ടീമിലെടുത്തില്ല. ധ്രുവ് ജുറേലിനെ നമ്മുടെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലേ? കാരണം അദ്ദേഹത്തില്‍ ആ ടെസ്റ്റ് ഗെയിമുണ്ട്.
മുന്‍നിര തകര്‍ന്നാല്‍ ഇന്നിങ്‌സിനു സ്ഥിരത നല്‍കാന്‍ സാധിക്കുന്ന ഒരാളെ നമുക്ക് അഞ്ചാം നമ്പറില്‍ വേണം. ഞാന്‍ ഓപ്ഷുകളുണ്ടാക്കാന്‍ ശ്രമിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, രാഹുല്‍ തന്നെയായിരിക്കും ഈ റോളില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്ഷനെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
സര്‍ഫറാസ് വേണം
ഒരു സര്‍പ്രൈസ് താരത്തെയും സഞ്ജയ് മഞ്ജരേക്കര്‍ ഇന്ത്യന്‍ ഏകദിന ടീമിലുള്‍പ്പെടുത്തി. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ യുവ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനെയാണ് അദ്ദേഹം ടീമിലെടുത്തത്. നാലാം നമ്പറില്‍ റിസര്‍വ് താരമായാണ് സര്‍ഫറാസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നന്നത്.
സര്‍ഫറാസ് ഖാനെ തിരഞ്ഞെടുത്തതിലൂടെ ബോക്‌സിനു പുറത്തുള്ള ഒരു നിര്‍ദേശം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അവന്‍ തടയാന്‍ സാധിക്കാത്ത ബാറ്ററാണ്. ഏകദിന ബാറ്റര്‍ക്കുള്ള മിടുക്ക് സര്‍ഫറാസിനുണ്ട്.
നാലം നമ്പറില്‍ ശ്രേയസ് അയ്യരെയാണ് പ്ലെയിങ് ഇലവനില്‍ ഞാന്‍ ഉള്‍പ്പെടുത്തുക. സൂര്യകുമാര്‍ യാദവിനെ ഞാന്‍ പരിഗണിക്കില്ല. ടി20 സ്‌പെഷ്യലിസ്റ്റായി മാത്രമേ അദ്ദേഹത്തെ ആവശ്യമുള്ളൂ. തിലക് വര്‍മയെപ്പോലെയൊരാള്‍ അഞ്ചാമനായി നല്ല ഓപ്ഷനാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
നാലു പേരെയാണ് റിസര്‍വ് താരങ്ങളായി അദ്ദേഹം തിരഞ്ഞെടുത്തത്. സഞ്ജു സാംസണിനെക്കൂടാതെ യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് എന്നിവരാണ് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചിട്ടില്ലാത്ത കളിക്കാര്‍.
അതേസമയം, ഇന്ത്യക്കായി ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് സര്‍ഫറാസ്. എന്നാല്‍ ലിസ്റ്റ് എ കരിയറെടുത്താല്‍ 37 മല്‍സരങ്ങളില്‍ 27 കാരനായ താരം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 43.29 ശരാശരിയില്‍ 629 റണ്‍സും സ്‌കോര്‍ ചെയ്തു.

മഞ്ജരേക്കറുടെ ഇന്ത്യന്‍ 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
റിസര്‍വ് കളിക്കാര്‍- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍.