ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആന്‍ഡേഴ്‌സന്‍ -ടെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ സംയുക്ത ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഇലവനില്‍ ആധിപത്യമെങ്കിലും പരമ്പരയിലെ റണ്‍വേട്ടക്കാരനും ക്യാപ്റ്റനുമായ ഗില്‍ തഴയപ്പെട്ടുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇന്ത്യയുടെ ആറു പേര്‍ ഇലവന്റെ ഭാഗമായപ്പോള്‍ ഇംഗ്ലണ്ടിന്റെ അഞ്ചു പേരും തിരഞ്ഞെടുക്കപ്പെട്ടു.
ഏറെ ആവേശകരമായ അഞ്ചു മല്‍സരങ്ങളുടെ പരമ്പര 2-2നു സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും രണ്ടു വീതം ടെസ്റ്റുകളില്‍ ജയിച്ചുകയറിയപ്പോള്‍ ഒരു മല്‍സരം സമനിലയിലും കലാശിക്കുകയായിരുന്നു. ഓവലിലെ അഞ്ചാമത്തെയും അവസാനത്തെും അങ്കത്തില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോപ്പ് ഫൈവ്
സ്റ്റുവര്‍ട്ട് ബ്രോഡ് തിരഞ്ഞെടുത്ത സംയുക്ത ഇലവനില്‍ ശുഭ്മന്‍ ഗില്ലിന്റെ അസാന്നിധ്യം മാറ്റിനിര്‍ത്തിയാല്‍ പരമ്പരയില്‍ കസറിയ ഒട്ടുമിക്ക കളിക്കാരും ഉള്‍പ്പെിട്ടുണ്ടെന്നു കാണാം. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ജോടികളായ ബെന്‍ ഡക്കെറ്റ്- സാക്ക് ക്രോളി എന്നിവരെ തള്ളിയ ബ്രോഡ് പകരം ഇന്ത്യയുടെ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ ജോടിയെയാണ് തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയത്.
10 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റികളുമടക്കം രാഹുല്‍ 532 റണ്‍സ് നേടിയപ്പോള്‍ ജയ്‌സ്വാളും മോശമാക്കിയില്ല. രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റിയുമുള്‍പ്പെടെ 411 റണ്‍സും അദ്ദേഹം സ്‌േേകാര്‍ ചെയ്തു. ഓപ്പണിങിലെ ഇന്ത്യന്‍ സാന്നിധ്യം കഴിഞ്ഞാല്‍ ടോാപ്പ് ഫൈവിലെ മറ്റു മൂന്നു പേരും ഇംഗ്ലീഷ് താരങ്ങളാണ്.
ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഒല്ലി പോപ്പാണ് മൂന്നാം നമ്പറിലുള്ളത്. നാലാമനായി റണ്‍മെഷീനും ആധുനിക ടെസ്റ്റ് ഇതിഹാസവുമായ ജോ റൂട്ടുമുണ്ട്. അഞ്ചാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ യുവ അഗ്രസീവ് ബാറ്റര്‍ ഹാരി ബ്രൂക്കുമാണ്. പോപ്പിനെ സംബന്ധിച്ച് ഈ പരമ്പര അത്രമികച്ചതായിരുന്നില്ല. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 306 റണ്‍സേ അദ്ദേഹം നേടിയുള്ളൂ.
എന്നാല്‍ റൂട്ട് പതിവുപോലെ നിരാശപ്പെടുത്തിയില്ല. ഒമ്പതു ഇന്നിങ്‌സുകൡ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 537 റണ്‍സാണ്. മൂന്നു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമുപ്പെടെയാണിത്. നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും റൂട്ട് ഈ പരമ്പരയില്‍ പഴങ്കഥയാക്കിയിരുന്നു. പ്ലെയര്‍ ഓഫ് ദി സീരീസായ ബ്രൂക്കും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 481 റണ്‍സ് അദ്ദേഹം നേടി.

മറ്റുള്ളവര്‍ ആരൊക്കെ?
ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിനെയാണ് സംയുക്ത ഇലവന്റെയും നായകനായി സ്റ്റുവര്‍ട്ട് ബ്രോഡ് തിരഞ്ഞെടുത്തത്. ബാറ്റിങിലും ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാലു ടെസ്റ്റില്‍ നിന്നും 304 റണ്‍സെടുത്ത സ്റ്റോക്‌സ് 17 വിക്കറ്റുകളം വീഴ്ത്തിയിരുന്നു.
ഏഴാം നമ്പറില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്, പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഇന്ത്യന്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും തന്റെ ഇലവനില്‍ ബ്രോഡ് ഉള്‍പ്പെടുത്തി. റിഷഭ് നാലു ടെസ്റ്റില്‍ 479 റണ്‍സാണ് നേടിയത്. വാഷിങ്ടണാവട്ടെ 284 റണ്‍സും ഒമ്പതു വിക്കറ്റുകളും സ്വന്തമാക്കി.
23 വിക്കറ്റുകളെടുത്ത സിറാജാണ് പരമ്പരയില്‍ തലപ്പത്ത്. ബുംറ മൂന്നു ടെസ്റ്റില്‍ 14 വിക്കറ്റുകളും പിഴുതു. ആര്‍ച്ചര്‍ വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രമേ കളിച്ചുള്ളൂ. നേടിയതാവട്ടെ ഒമ്പതു വിക്കറ്റുകളാണ്.
ബ്രോഡിന്റെ സംയുക്ത 11
കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.