മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഏകദിന പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇരു ടീമിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഏകദിന പരമ്പരയിലെ താരങ്ങളുടെ പ്രകടനം വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏകദിന പരമ്പര വരാനിരിക്കെ ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന സൂപ്പര്‍ താരങ്ങളുടെ ഫോമാണ്.
ടീമിലെ പ്രധാന താരങ്ങളില്‍ പലരും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. കൂടാതെ പരിക്കും താരങ്ങളെ വേട്ടയാടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളടക്കം തീരുമാനിക്കുക ഏകദിന പരമ്പരയിലെ പ്രകടനം വിലയിരുത്തിയാണെന്ന് പറയാം. മുഹമ്മദ് ഷമി പഴയ ഫോമിലേക്കെത്താന്‍ ഇനിയും സമയമെടുക്കും. ഇതെല്ലാം ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്. ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന പ്ലേയിങ് 11 പരിശോധിക്കാം.
രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റനായ ശുബ്മാന്‍ ഗില്ലും ചേര്‍ന്നാവും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന് ഉറപ്പാണ്. രണ്ട് പേരും മികച്ച റെക്കോഡുള്ള ഓപ്പണര്‍മാരാണ്. എന്നാല്‍ സമീപകാല പ്രകടനം മോശമാണ്. രോഹിത് ശര്‍മക്ക് രഞ്ജി ട്രോഫിയിലും തിളങ്ങാനായിട്ടില്ല. ശുബ്മാന്‍ ഗില്‍ രഞ്ജി ട്രോഫിയില്‍ സെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കുന്നു. ഇരുവരും ഓപ്പണിങ്ങിലിറങ്ങുമ്പോള്‍ യശ്വസി ജയ്‌സ്വാള്‍ അവസരത്തിനായി കാത്തിരിക്കണം. ഏകദിനത്തില്‍ ഇതുവരെ അരങ്ങേറാത്ത ജയ്‌സാളിന് ആദ്യ രണ്ട് മത്സരത്തിലും അവസരം പ്രതീക്ഷിക്കാനാവില്ല.
വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍
മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. മോശം ഫോമിലാണ് താരമുള്ളതെങ്കിലും ഐസിസി ടൂര്‍ണമെന്റില്‍ തിളങ്ങുമെന്നത് വലിയ പ്രതീക്ഷയാണ്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് കോലിയുടെ മികവിലാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫോമിലേക്കെത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ കരുതാം. നാലാം നമ്പറില്‍ ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ കളിക്കും. ഏറെക്കാലമായി ടീമിന് പുറത്തായിരുന്നു ശ്രേയസ്.

എന്നാല്‍ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനത്തിന്റെ കരുത്തില്‍ ശ്രേയസ് അയ്യര്‍ തിരിച്ചുവരവ് നടത്തുകയാണ്. അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാവും സീറ്റ്. റിഷഭ് പന്തിന് ബെഞ്ചിലാവും സ്ഥാനം. അവസാന ഏകദിന ലോകകപ്പില്‍ രാഹുലും ശ്രേയസും ചേര്‍ന്ന് മധ്യനിരയില്‍ കസറിയിരുന്നു. ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്
പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള ഹാര്‍ദിക് ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ വിശ്വസ്തനാണ്. ഇടവേളക്ക് ശേഷമാണ് ഹാര്‍ദിക് ഇന്ത്യയുടെ ഏകദിന ടീമിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിക്കുന്നു. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയെ കളിപ്പിക്കും. സീനിയര്‍ താരത്തെ ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ട് ഇന്ത്യ പിന്തുണക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവുണ്ടാവും.
വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്
വാഷിങ്ടണ്‍ സുന്ദറെ വലം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായി പരിഗണിച്ചേക്കും. ബൗളിങ് നിരയില്‍ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ഉണ്ടാവും. താരത്തിനൊപ്പം സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയാവും കളിക്കുക. ഷമി തീര്‍ത്തും നിരാശപ്പെടുത്തിയാല്‍ ഹര്‍ഷിത് റാണക്ക് വിളിയെത്താനാണ് സാധ്യത. ഷമിയെ ഇന്ത്യ പിന്തുണച്ച് ഫോമിലേക്കെത്തിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ അത് പ്രതികൂലമായി ബാധിക്കും.