മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് കടക്കാനൊരുങ്ങുകയാണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുകയാണ്. അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. ഇന്ത്യ ആദ്യത്തെ രണ്ട് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ താരനിരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളത്തിലിറക്കുന്നത്. ഇന്ത്യ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇഷാന്‍ കിഷനെ തഴഞ്ഞപ്പോള്‍ കെ എല്‍ രാഹുലിനൊപ്പം കെ എസ് ഭരത്തും ദ്രുവ് ജുറേലും വിക്കറ്റ് കീപ്പര്‍മാരായെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഉണ്ടായിരുന്നത് കെ എല്‍ രാഹുലാണ്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ ആരാവും കീപ്പറാവുക. കെ എല്‍ രാഹുലിനെ ഇന്ത്യ ബാറ്റ്‌സ്മാനായി മാത്രം കളിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇന്ത്യ ദ്രുവ് ജുറേലിനെ വിക്കറ്റ് കീപ്പറാക്കാനാണ് ആലോചിക്കുന്നത്.
കെ എസ് ഭരത് ഇതിനോടകം ഇന്ത്യക്കായി അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ലഭിച്ച അവസരങ്ങളെ മുതലാക്കി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഭരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദ്രുവ് ജുറേലിനെ ഇന്ത്യ പരിഗണിക്കുമെന്നാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യക്ക് മധ്യനിരയില്‍ ചില പ്രശ്‌നങ്ങളുണ്ട്. അജിന്‍ക്യ രഹാനെ അഞ്ചാം നമ്പറില്‍ നിന്ന് മാറിയതോടെ ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്കായിട്ടില്ല.
നിലവില്‍ ശ്രേയസ് അയ്യര്‍ക്കാണ് അഞ്ചാം നമ്പറില്‍ ഇന്ത്യ അവസരം നല്‍കുന്നത്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ശ്രേയസ് ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ബൗണ്‍സ് നിറഞ്ഞ വിദേശ പിച്ചില്‍ ശ്രേയസിന് മുട്ടിടിക്കും. അതുകൊണ്ടുതന്നെ ഇന്ത്യ കെ എല്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ്. രാഹുല്‍ അഞ്ചാം നമ്പറിലേക്കെത്തിയാല്‍ ഇന്ത്യയുടെ ടീം കരുത്ത് അല്‍പ്പം കൂടി ഉയരും.

ഇത്തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനമാണ് നടത്തുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് അഭിമാന പ്രശ്‌നമാണ്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യയോട് കണക്കുവീട്ടാന്‍ ഓസീസ് കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ ഇന്ത്യക്ക് നിലവിലെ ദൗര്‍ബല്യങ്ങള്‍ക്കെല്ലാം പരിഹാരം കാണേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ രാഹുലിനെ അഞ്ചാം നമ്പറിലേക്ക് കൊണ്ടുവരേണ്ടതായുണ്ട്.
ദ്രുവ് ജുറേലിന് റിഷഭ് പന്തിന്റെ റോള് നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം റിഷഭ് കാഴ്ചവെച്ച പ്രകടനങ്ങള്‍ മറക്കാനാവാത്തതാണ്. എന്നാല്‍ താരത്തിന് പരിക്കേറ്റതോടെ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ആക്രമിച്ച് കളിക്കുന്ന ഒരു താരത്തിന്റെ അഭാവം ഇന്ത്യക്കുണ്ട്. റിഷഭിന്റെ മടങ്ങിവരവ് വൈകുമെന്നുറപ്പാണ്.
അതുകൊണ്ടുതന്നെ ഈ റോളില്‍ ജുറേലിനെ വളര്‍ത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ജുറേല്‍ ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ്. വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ജുറേലിന് കഴിവുണ്ട്. വിദേശ പര്യടനങ്ങള്‍ മുന്നില്‍ക്കണ്ട് ജുറേലിന് ഇന്ത്യ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെതിരേ തന്നെ ജുറേലിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് വിവരം. എന്തായാലും ഇംഗ്ലണ്ട് പരമ്പര ഇന്ത്യക്ക് എളുപ്പമാവില്ല.
ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ തകര്‍ക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളതും അടിച്ചുതകര്‍ത്ത് കളിക്കാന്‍ ശേഷിയുള്ളതുമായ ബാറ്റ്‌സ്മാന്‍മാര്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ഇന്ത്യയുടെ സ്പിന്‍ കെണിയെ അതേ നാണയത്തില്‍ നേരിടാന്‍ ശേഷിയുള്ള മികച്ച സ്പിന്നര്‍മാരേയും ഇംഗ്ലണ്ട് ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്.