റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് വിക്കറ്റിന് 112 എന്ന നിലയില്‍ നിന്ന് 353 എന്ന നിലയിലേക്കെത്താന്‍ ഇംഗ്ലണ്ടിനായി. ജോ റൂട്ടിന്റെ (122*) സെഞ്ച്വറിയും ഒല്ലി റോബിന്‍സന്റെ (58) അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് കരുത്തായത്. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് 47 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 200നുള്ളില്‍ ഇംഗ്ലണ്ട് ഒതുങ്ങുമെന്ന് തോന്നിച്ചിടത്തുനിന്നാണ് ടീമിന്റെ തിരിച്ചുവരവ്.
ടോപ് ഓഡറിനെ എറിഞ്ഞിട്ടിട്ടും വാലില്‍ക്കുത്തി ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പേസ് ബൗളറായ റോബിന്‍സന്‍ അര്‍ധ സെഞ്ച്വറി നേടിയെന്നതാണ് എടുത്തു പറയേണ്ടത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കഴിവുകേടായിത്തന്നെ ഇതിനെ വിലയിരുത്താം. ഇപ്പോഴിതാ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കാട്ടിയ രണ്ട് മണ്ടത്തരങ്ങള്‍ എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.
'ഇന്ത്യ ഒന്ന് രണ്ട് കാര്യങ്ങള്‍ തെറ്റായിട്ടാണ് ചെയ്തതെന്നാണ് കരുതുന്നത്. ഇതൊരു ന്യൂബോള്‍ പിച്ചായാണ് എനിക്ക് തോന്നിയത്. ഉച്ച ഭക്ഷണത്തിന് ശേഷം ഒരു പേസറെ വെച്ച് ബൗളിങ് ഓപ്പണ്‍ ചെയ്യണമായിരുന്നു. ആകാശ് ദീപിനെയായിരുന്നു എറിയിക്കേണ്ടത്. കാരണം രണ്ട് വശത്തേക്കും പന്തിനെ സ്വിങ് ചെയ്യിക്കാന്‍ അവന് സാധിക്കുന്നുണ്ട്. ന്യൂബോളില്‍ അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ രോഹിത് ശര്‍മ ന്യൂബോളില്‍ രണ്ട് സ്പിന്നര്‍മാരെയാണ് പന്തേല്‍പ്പിച്ചത്.
രണ്ടാമത്തെ ന്യൂബോള്‍ ആദ്യ ദിനത്തിന്റെ അവസാനം ലഭിക്കുമായിരുന്നു. എന്നാല്‍ രോഹിത് ഇത് വേണ്ടെന്ന് വെച്ചു. ന്യൂബോളില്‍ ആകാശ് ദീപോ മുഹമ്മദ് സിറാജോ ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നെങ്കില്‍ കളി മാറുമായിരുന്നു. ജോ റൂട്ടിന്റെ പ്രകടനം വലിയ മാതൃകയാണ്. എന്തുകൊണ്ടാണ് താന്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായി തുടരുന്നതെന്ന് തെളിയിക്കാന്‍ അവന് സാധിച്ചു' നാസര്‍ ഹുസൈന്‍ പറഞ്ഞു. രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ മികച്ചതായിരുന്നുവെന്ന് പറയാനാവില്ല.

ആര്‍ അശ്വിനെ ആദ്യ ദിനം വളരെ വൈകിയാണ് പന്തേല്‍പ്പിച്ചത്. ആകാശ് ദീപ് മൂന്ന് വിക്കറ്റുമായി കസറിയത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. കുല്‍ദീപ് യാദവിനെ നേരത്തെ പരീക്ഷിക്കാത്തതും രോഹിത്തിന്റെ മണ്ടത്തരമാണ്. 12 ഓവര്‍ മാത്രമാണ് കുല്‍ദീപിന് ലഭിച്ചത്. ആത്മവിശ്വാസം നല്‍കി താരത്തെ രോഹിത് പിന്തുണച്ചില്ല. രവീന്ദ്ര ജഡേജക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കി. താരം നാല് വിക്കറ്റുകള്‍ നേടിയെങ്കിലും ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കാനായില്ല.
ഉച്ച ഭക്ഷണത്തിന് മുമ്പ് ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. പിന്നീട് രണ്ട് സെക്ഷനുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പൂട്ടാനായില്ല. രോഹിത് ശര്‍മ റിവ്യൂ നഷ്ടപ്പെടുത്തിയതും തിരിച്ചടിയായി. രവീന്ദ്ര ജഡേജയുടെ പന്തില്‍ റോബിന്‍സന്റെ എല്‍ബി ലഭിച്ചതാണ്. കൃത്യമായി സ്റ്റംപിലേക്കായിരുന്നെങ്കിലും അംപയര്‍ നോട്ടൗട്ട് വിളിച്ചു. റിവ്യൂ എടുത്തിരുന്നെങ്കില്‍ വിക്കറ്റ് ഉറപ്പായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഇന്ത്യയുടെ മൂന്ന് റിവ്യൂകളും കഴിഞ്ഞിരുന്നു.
റിവ്യൂ എടുക്കുന്ന കാര്യത്തില്‍ രോഹിത് അല്‍പ്പം കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയപ്പോഴും രോഹിത് നിരാശപ്പെടുത്തി. 9 പന്ത് നേരിട്ട് 2 റണ്‍സാണ് ഹിറ്റ്മാന് നേടാനായത്. യുവതാരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇംഗ്ലണ്ടിനെ ആദ്യ ദിനം തന്നെ പുറത്താക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് പൊരുതാവുന്ന സ്‌കോറാണ് നേടിയെടുത്തിരിക്കുന്നത്.