ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. അതോടൊപ്പം രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഹൈദരാബാദ് ടെസ്റ്റില്‍ എവിടെയാണ് പിഴവ് പറ്റിയതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. വെറും നാലു ദിവസം കൊണ്ടാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്ത്യയെ ബെന്‍ സ്‌റ്റോക്‌സും സംഘവും 28 റണ്‍സിനു തകര്‍ത്തെറിഞ്ഞത്.
ആദ്യത്തെ രണ്ടു ദിനവും ഇന്ത്യക്കായിരുന്നു ആധിപത്യമെങ്കിലും അടുത്ത രണ്ടു ദിവസവും ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ടെസ്റ്റില്‍ ഇംഗ്ലീഷ് നടപ്പാക്കിയ അഗ്രസീവ് ശൈലിയായ ബാസ് ബോള്‍ എത്ര മാത്രം അപകടകരമാണെന്നു ഈ ടെസ്റ്റോടെ ഇന്ത്യക്കു ബോധ്യമാവുകയും ചെയ്തിരിക്കുകയാണ്. സ്‌കൈ സ്‌പോര്‍ട്‌സിലെ കോളത്തിലാണ് ഇംഗ്ലീഷ് ടീമിനെ പ്രശംസിച്ച നാസര്‍ ഹുസൈന്‍ ഇന്ത്യക്കു മുന്നറിയിപ്പും നല്‍കിയിരിക്കുന്നത്.

ഇംഗ്ലീഷ് ടീമില്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് ഒന്നിനോടും വഴങ്ങിക്കൊടുക്കാത്ത അവരുടെ പ്രകൃതമാണ്. നിങ്ങള്‍ക്കു ഇംഗ്ലീഷ് ടീമിനെ സംശയമുണ്ടെങ്കില്‍ അവര്‍ അതു ഇരട്ടിയാക്കി കൂടുതല്‍ പിടിവാശിയോടെ മുന്നോട്ടുപോവുക തന്നെ ചെയ്യും. അവര്‍ക്കു ഇപ്പോള്‍ എന്താണ് വേണ്ടതെന്നു തലപ്പത്തുള്ളവര്‍ക്കു അറിയാം. പിറകിലായാല്‍പ്പോലും അവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെ ചെയ്യും.
ഏതു പ്രതിസന്ധി ഘട്ടത്തിലും തിരിച്ചടിക്കാന്‍ അവര്‍ തങ്ങളുടെ ക്രിക്കറ്റര്‍മാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. തങ്ങളോടു കളിക്കാന്‍ നില്‍ക്കേണ്ടെന്നു ഇംഗ്ലണ്ട് ടീം ഇപ്പോള്‍ ഇന്ത്യക്കു കാണിച്ചു കൊടുത്തിരിക്കുകയാണെന്നും ഹുസൈന്‍ കോളത്തില്‍ കുറിച്ചു.
രോഹിത് ശര്‍മയെയും സംഘത്തെയും സംബന്ധിച്ച് ഇതൊരു കണ്ണുതുറക്കല്‍ കൂടിയാണെന്നും കൂടുതല്‍ ശക്തമായി തിരിച്ചുവരേണ്ടതുണ്ടെന്നു അവരെ ഇതു ഓര്‍മിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതു തരത്തിലുള്ള സാഹചര്യങ്ങളിലും ബാസ് ബോള്‍ ഫലപ്രദമാണെന്നത് ഇംഗ്ലണ്ടിന്റെ വിജയം തെളിയിക്കുകയാണെന്നും മുന്‍ ക്യാപ്റ്റന്‍ പറയുന്നു.
ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ഇന്ത്യ ചിലപ്പോള്‍ ദുഖിക്കുന്നുണ്ടാവും. 436 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ അവര്‍ സ്‌കോര്‍ ചെയ്തത്. പക്ഷെ ഇന്ത്യക്കു അതിനേക്കാള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ചില അലക്ഷ്യമായ പുറത്താവലുകളാണ് അവര്‍ക്കു തിരിച്ചടിയായി മാറിയത്. ഇന്ത്യ തിരിച്ചുവരിക തന്നെ ചെയ്യും. അവര്‍ വളരെ മികച്ച ടീമാണ്.

ഇംഗ്ലണ്ടിനു ഇവിടെ കാര്യങ്ങള്‍ വളരെ കടുപ്പമായിരിക്കുമെന്നു ചരിത്രം പറയുന്നു. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് ഇതു തീര്‍ച്ചയായും ഇതു കണ്ണു തുറക്കാനുള്ള ഒരു കോള്‍ തന്നെയാണ്. ഈ സാഹചര്യങ്ങളിലും ബാസ് ബോള്‍ വിജയിക്കുമെന്നു ഇംഗ്ലണ്ട് ഇപ്പോൾ കാണിച്ചു തന്നിരിക്കുകയാണെന്നും നാസര്‍ ഹുസൈന്‍ കോളത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യക്കു 190 റണ്‍സിന്റെ ആധികാരികമായ ഒന്നാമിന്നിങ്സ് ലീഡുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാമിന്നിങ്‌സിലും ഇംഗ്ലണ്ടിനെ വളരെ വേഗത്തില്‍ എറിഞ്ഞിട്ട് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യ ജയിച്ചുകയറുമെന്നായിരുന്നു എല്ലാവും പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.
രണ്ടാമിന്നിങ്‌സില്‍ ഉയിര്‍ത്തെഴുന്നേറ്റ ഇംഗ്ലണ്ട് 420 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ഓലി പോപ്പിന്റെ (196) കിടിലന്‍ ഇന്നിങ്‌സാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്. ഇതോടെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 231 റണ്‍സായിരുന്നു. പക്ഷെ ഇന്ത്യക്കു ഈ ടോട്ടല്‍ മറികടക്കുക അസാധ്യമായിരുന്നു. നാലാം ദിനം തന്നെ 202 റണ്‍സില്‍ ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.