ഇംഗ്ലണ്ടിനെതിരേ ഈയാഴ്ച ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ ഇന്ത്യ പരീക്ഷിക്കരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. അഞ്ചു ടെസ്റ്റുകളാണ് ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ കളിക്കുന്നത്.
കെഎല്‍ രാഹുലിനെ ഈ പരമ്പരയില്‍ വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിക്കണെന്നു ഞാന്‍ കരുതുന്നില്ല. യഥാര്‍ഥത്തില്‍ അദ്ദേഹം ബാറ്ററായിട്ടാണ് കളിക്കണ്ടത്. ഇന്ത്യ അവരുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തണം. അതു കെഎസ് ഭരതോ അല്ലെങ്കില്‍ പുതിയ താരമായ ധ്രുവ് ജുറേലോ ആവണം.

മികച്ച വിക്കറ്റ് കീപ്പറെയാവണം ഇന്ത്യ കളിപ്പിക്കേണ്ടത്. ഇങ്ങനെയായിരിക്കണം ഇന്ത്യ അവരുടെ മികച്ച ടീമിനെ തിരഞ്ഞടുക്കേണ്ടത്. നിങ്ങള്‍ ആദ്യം ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെയും കളിപ്പിക്കാന്‍ പോവുന്ന മൂന്നു സ്പിന്നര്‍മാരെയും തിരഞ്ഞെടുക്കണം. അതിനു ശേഷം നിങ്ങള്‍ ടോപ്പ് 5-6 ബാറ്റര്‍മാരെയും തിരഞ്ഞെടുക്കണെന്നും മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇന്ത്യ കളിപ്പിക്കുകയാണെങ്കില്‍ ശ്രേയസ് അയ്യരെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയെന്നത് ദുഷ്‌കരമായി മാറും. രാഹുല്‍, ശ്രേയസ് ഇവരിലൊരാളെ ഇന്ത്യക്കു പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താം. ശ്രേയസ് വളരെ അറ്റാക്കിങ് ബാറ്ററാണ്. പക്ഷെ ടേണിങ് പിച്ചുകളില്‍ ഇന്ത്യ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെയായിരിക്കണം കളിപ്പിക്കേണ്ടതെന്നും പസേര്‍ ആവര്‍ത്തിച്ചു.
നാട്ടില്‍ ആധിപത്യം പുലര്‍ത്താന്‍ തന്നെയായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. അതുകൊണ്ടു തന്നെ സ്പിന്‍ സൗഹൃദ പിച്ചുകളായിരിക്കും ടെസ്റ്റ് പരമ്പരയ്ക്കായി അവര്‍ തയ്യാറാക്കുക. മല്‍സരം മൂന്നു ദിവസം കൊണ്ടു തന്നെ ഫിനിഷ് ചെയ്യാനിടയുള്ള പിച്ചുകള്‍ ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ലഭിച്ചേക്കാം.
ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നു. ആധിപത്യം സ്ഥാപിച്ചുള്ള വിജയമായിരിക്കും അവര്‍ ആഗ്രഹിക്കുന്നത്. ടേണിങ് പിച്ചുകളില്‍ അവര്‍ അതു നേടിയെടുക്കുകയും ചെയ്യും. അവര്‍ ആധിപത്യം നേടാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും പനേസര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ എട്ടു ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അനുഭവമ്പത്ത് ഇന്ത്യന്‍ വംശജന്‍ കൂടിയായ പനേസര്‍ക്കുണ്ട്. 2012-13ലെ പര്യടനത്തില്‍ ഇന്ത്യയെ 2-1നു വീഴ്ത്തി അലെസ്റ്റര്‍ കുക്കിനു കീഴില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഇടംകൈയന്‍ സ്പിന്നര്‍ക്കായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളാണ് പനേസര്‍ അന്നു വീഴ്ത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയന്‍ ടീം സ്വീകരിച്ച അതേ സമീപനം തന്നെ ഇന്ത്യക്കും പ്ലാന്‍ ചെയ്യാവുന്നതാണെന്നും പനേസര്‍ ഉപദേശിക്കുന്നു. ഇംഗ്ലണ്ട് വളരെ അറ്റാക്കിങ് ക്രിക്കറ്റായിരിക്കും കാഴ്ചവയ്ക്കുകയെന്നു ഞാന്‍ കരുതുന്നു. അതില്‍ ഇന്ത്യ ആശ്ചര്യപ്പെടുകയാണെങ്കില്‍ അവര്‍ അതിനു തയ്യാറായിരുന്നില്ലെന്നു മനസ്സിലാക്കാം.
ഇന്ത്യ അതിനു തയ്യാറായിരിക്കണം. കഴിഞ്ഞ ആഷസില്‍ ഓസ്‌ട്രേലിയ ചെയ്തത് മാതൃകയാക്കാവുന്നതാണ്. അവര്‍ ഇംഗ്ലണ്ടിനെ തങ്ങളുടെ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കുകയും അതിനു ശേഷം എന്തു സംഭവിക്കുമെന്നു നോക്കുകയുമാണ് ചെയ്തതെന്നും പനേസര്‍ നിരീക്ഷിച്ചു.
ഇംഗ്ലണ്ടിനെ ആദ്യം ആക്രമിക്കാന്‍ അനുവദിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. കാര്യങ്ങള്‍ എങ്ങനെ പോവുന്നുവെന്നു ഇതിലൂടെ മനസ്സിലാക്കാനും അതിനു അനുസരിച്ച് തന്ത്രമൊരുക്കാനും ഇതു സഹായിക്കും. ഇംഗ്ലണ്ടിനെ എങ്ങനെ തോല്‍പ്പിക്കാമെന്നതിനെക്കുറിച്ച് ഇന്ത്യക്കു ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്നും പനേസര്‍ കൂട്ടിച്ചേര്‍ത്തു.