ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുകയാണ്. തട്ടകത്തില്‍ അതി ശക്തരായ നിരയാണ് ഇന്ത്യ. 2012ന് ശേഷം ഇന്ത്യയെ നാട്ടില്‍ തോല്‍പ്പിച്ച് പരമ്പര നേടാന്‍ ആര്‍ക്കുമായിട്ടില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് രണ്ടും കല്‍പ്പിച്ചാണ്. സ്പിന്‍ കെണിയൊരുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ബാസ്‌ബോള്‍ ശൈലിയില്‍ തിരിച്ചടി നല്‍കാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്.
ഇക്കാര്യം ഇംഗ്ലണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിന്റെ പരമ്പരാഗത ശൈലിയുടെ പൊളിച്ചെഴുത്തായ ആക്രമണ രീതിയാണ് ബാസ്‌ബോള്‍ ശൈലിയിലൂടെ ഇംഗ്ലണ്ട് മുന്നോട്ട് വെക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയുമായി വന്നാല്‍ 2 ദിവസംകൊണ്ട് കളിതീര്‍ക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. അതിന്റെ കാരണവും സിറാജ് വ്യക്തമാക്കുന്നുണ്ട്. ജിയോ സിനിമയില്‍ സംസാരിക്കുകയായിരുന്നു സിറാജ്.

'ഇന്ത്യയുടെ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലി പരീക്ഷിച്ചാല്‍ മത്സരം 1.5-2 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് കരുതുന്നത്. കാരണം ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ആക്രമണമെന്നത് എളുപ്പമുള്ള കാര്യമല്ല. ചിലപ്പോള്‍ ടേണ്‍ ചെയ്യുകയും ചിലപ്പോള്‍ പന്ത് നേരെയെത്തുകയും ചെയ്യും. ഇംഗ്ലണ്ട് ഇവിടെ ബാസ്‌ബോള്‍ ക്രിക്കറ്റ് കളിച്ചാല്‍ ഇന്ത്യക്കത് ഗുണം ചെയ്യും'- സിറാജ് പറഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുണ്ട്.
ഇന്ത്യയിലെ പിച്ചിന്റെ സ്വഭാവം ഇവര്‍ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഭീഷണിയാവാന്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് സാധിച്ചേക്കും. ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവര്‍ക്കെല്ലാം ഇന്ത്യയിലെ പിച്ചിനെക്കുറിച്ച് നന്നായ് അറിയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരങ്ങളാണ് ഇംഗ്ലണ്ടിനൊപ്പമുള്ളത്. അവര്‍ കടന്നാക്രമിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യക്ക് തടുക്കുക പ്രയാസമായിരിക്കും.
ഇന്ത്യ സ്പിന്‍ പിച്ചാവും ഒരുക്കുകയെന്നുറപ്പാണ്. നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ മൂന്ന് പേരെ പ്ലേയിങ് 11ലേക്കെത്തിക്കുമെന്നുറപ്പ്. രവീന്ദ്ര ജഡേജക്കും ആര്‍ അശ്വിനുമൊപ്പം അക്ഷര്‍ പട്ടേലും കളിച്ചേക്കും. ഇന്ത്യ ടേണിങ് പിച്ചൊരുക്കിയാണ് ഇറങ്ങുന്നതെങ്കില്‍ തുടക്കത്തിലേ തന്നെ സ്പിന്നാക്രമണം പ്രതീക്ഷിക്കാം. അശ്വിനും ജഡേജക്കുമെല്ലാം ഇന്ത്യയില്‍ മികച്ച റെക്കോഡാണുള്ളത്. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയപ്പോള്‍ അക്ഷര്‍ പട്ടേലിന്റെ ബൗളിങ്ങിന് മുന്നിലാണ് സുല്ലിട്ടത്.
ഇത്തവണ ഇന്ത്യയുടെ സ്പിന്‍ ആക്രമണം മുന്നില്‍ക്കണ്ട് മികച്ച സ്പിന്‍ നിരയെ ഇംഗ്ലണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ അഭാവമുണ്ട്. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. ഇതിനെ മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ തട്ടകമാണെന്നതിന്റെ മുന്‍തൂക്കം ടീമിനുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്. ഇംഗ്ലണ്ട് പൂര്‍ണ്ണമായും ബാസ്‌ബോള്‍ ശൈലി പുറത്തെടുത്തേക്കില്ല. കാരണം അശ്വിന്റെയും ജഡേജയുടേയും സ്പിന്‍ മികവ് ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് അറിയാം. ക്രീസില്‍ നിന്ന് കടന്നാക്രിക്കാന്‍ ഇംഗ്ലണ്ട് ധൈര്യപ്പെടില്ലെന്നുറപ്പ്. ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന്റെ പ്രകടനമാവും ഇന്ത്യ ഏറ്റവും ഭയക്കുന്നത്.
ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന് വലിയ ഇന്നിങ്‌സ് കളിക്കാന്‍ റൂട്ട് മിടുക്കനാണ്. അവസാന ഇന്ത്യന്‍ പര്യടനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ റൂട്ടിനായിരുന്നു. ഇന്ത്യയെപ്പോലെ മൂന്ന് സ്പിന്നര്‍മാരെ ഇംഗ്ലണ്ടും കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. എന്തായാലും ഇത്തവണ ശക്തമായ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.