Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 95 റണ്‍സിനിടെ 8 വിക്കറ്റ്! എന്തു തന്ത്രമാണ് പയറ്റിയത്? തുറന്നു പറഞ്ഞ് സിറാജ്

രാജ്‌കോട്ട്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ എറിഞ്ഞിട്ടതിനു പിന്നിലെ തന്ത്രം എന്തായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പേസര്‍ മുഹമ്മദ് സിറാജ്. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിന് അരികിലോ, അതിനു മുകളിലോ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്‌തേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. രണ്ടു വിക്കറ്റിനു 223 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഇംഗ്ലണ്ട് 319 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.

വെറും 95 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് എട്ടു വിക്കറ്റുകള്‍ ഇന്ത്യ കടപുഴക്കിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടാംദിനത്തിലെ കളിക്കു ശേഷം ടീം വിട്ടിരുന്നു. അതുകൊണ്ടു തന്നെ മൂന്നാംദിനം ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

MOHAMMED SIRAJ

പക്ഷെ അശ്വിന്റെ അഭാവത്തിലും ശേഷിച്ച നാലു ബൗളര്‍മാരെ വച്ച് രോഹിത് ശര്‍മ ഇംഗ്ലണ്ടിനെ തകര്‍ക്കുകയായിരുന്നു. സിറാജ് നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകളും വീഴ്ത്തി. മൂന്നാംദിനത്തിലെ മല്‍സരം അവസാനിച്ച ശേഷം സംസാരിക്കവെയാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കാന്‍ സഹായിച്ച പ്ലാന്‍ എന്തായിരുന്നുവെന്നു സിറാജ് വെളിപ്പെടുത്തിയത്.

ഞങ്ങള്‍ക്കു നാലു ബൗളര്‍മാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ക്കു ഉത്തരവാദിത്വവുമുണ്ടായിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ആക്രമിക്കുമെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഒറ്റക്കെട്ടായി നില്‍ക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.

അവരുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിക്കുമെന്ന് അറിയുകയും ചെയ്യാമായിരുന്നു. ഞങ്ങള്‍ കൂടുതലായൊന്നും പ്ലാന്‍ ചെയ്തിരുന്നില്ലെന്നതാണ് സത്യം. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പിഴവ് വരുത്തുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. യോര്‍ക്കറുകള്‍ വിക്കറ്റുകളെടുക്കാനുള്ള നല്ലൊരു ഓപ്ഷനാണെന്നു അറിയാമായിരുന്നുവെന്നും സിറാജ് വിശദമാക്കി.

ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി നേരത്തേ നടന്ന രണ്ടാം ടെസ്റ്റില്‍ സിറാജിനു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പകരം മുകേഷ് കുമാറിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. അദ്ദേഹം ബൗളിങില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. രണ്ടിന്നിങ്‌സുകളിലുമായി ഒരേയൊരു വിക്കറ്റ് മാത്രമാണ് മുകേഷിനു വീഴ്ത്താന്‍ കഴിഞ്ഞത്. മൂന്നാം ടെസ്റ്റില്‍ മുകേഷിനെ ഒഴിവാക്കിയ ഇന്ത്യ സിറാജിനെ തിരിച്ചുവിളിക്കുകയുമായിരുന്നു.

INDIA

ആറു ഡോട്ട് ബോളുകള്‍ എറിയുകയെന്നതാണ് ഒരു ബൗളറുടെ പ്രധാനപ്പെട്ട റോള്‍. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്കു തുടര്‍ച്ചയായി ആറു ഡോട്ട് ബോളുകള്‍ കളിക്കുകയെന്നത് അത്ര പരിചയമുള്ള കാര്യമല്ലെന്നു ഞങ്ങള്‍ക്കു അറിയുകയും ചെയ്യാമായിരുന്നു. രണ്ടാം ടെസ്റ്റില്‍ വിശ്രമം ലഭിച്ചപ്പോള്‍ ഞാന്‍ കുടുംബത്തോടൊപ്പമായിരുന്നു. അവര്‍ക്കൊപ്പം അവധി നന്നായി ആഘോഷിച്ചു.

കൂടാതെ ഞാന്‍ പരിശീലനവും ഈ ബ്രേക്കിനിടെ നടത്തിയിരുന്നു. മാത്രമല്ല വീട്ടിലിരുന്ന് കഴിഞ്ഞ ടെസ്റ്റ് മല്‍സരം കാണുകയും ജസ്പ്രീത് ബുംറയുടെ ബൗളിങ് ആസ്വദിക്കുകയും ചെയ്തതായും സിറാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ 126 റണ്‍സിന്റെ ലീഡാണ് ലഭിച്ചത്. ഇന്ത്യയുടെ ടോട്ടലായ 445 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് 319 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ (153) തീപ്പൊരി സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ മറ്റാരും കാര്യമായ സംഭാവന ചെയ്ത്തില്ല.

രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇന്ത്യ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 196 റണ്‍സെടുത്തിട്ടുണ്ട്. 322 റണ്‍സിന്റെ ആധികാരിക ലീഡ് ഇന്ത്യ നേടിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാളിന്റെ (104) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയെ ഇതിനു സഹായിച്ചത്. 65 റണ്‍സുമായി ശുഭ്മന്‍ ഗില്‍ പുറത്താവാതെ ക്രീസിലുണ്ട്.

Story first published: Saturday, February 17, 2024, 18:59 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+