കട്ടക്ക്: ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്തെത്തി നില്‍ക്കെ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മോശം പ്രകടനം ഇന്ത്യക്കു തലവേദനായായിരിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയ അദ്ദേഹം രണ്ടാമങ്കത്തിലും നിരാശപ്പെടുത്തി. ഈ കളിയില്‍ ഇന്ത്യ പരീക്ഷിച്ച ആറു ബൗളര്‍മാരില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കോരി നല്‍കിയ ബൗളര്‍ ഷമിയാണ്.
7.5 ഓവറില്‍ 8.4 ഇക്കോണമി റേറ്റില്‍ അദ്ദേഹം വിട്ടുകൊടുക്കത്തത് 66 റണ്‍സാണ്. വീഴ്ത്താനായത് ഒരേയൊരു വിക്കറ്റ് മാത്രം. കളിയില്‍ എട്ടിനു മുകളില്‍ ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞ ഏക ഇന്ത്യന്‍ ബൗളറും ഷമി തന്നെയാണ്. ഇതു മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒമ്പതാമനായ സ്പിന്നര്‍ ആദില്‍ റഷീദ് പോലും അദ്ദേഹത്തെ പഞ്ഞിക്കിട്ടുവെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

ഷമിയെ തല്ലിച്ചതച്ചു
പവര്‍പ്ലേയില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും മുഹമ്മദ് ഷമിയുടെ പ്രകടനം തീര്‍ത്തും പരിതാപകരമായിരുന്നു. 48ാം ഓവറിലായിരുന്നു ഇംഗ്ലണ്ടിന്റെ സ്പിന്നറായ ആദില്‍ റഷീദ് പോലും അദ്ദേഹത്തെ തല്ലിയൊതുക്കിയത്. ഇംഗ്ലണ്ട് ടീം ആറു വിക്കറ്റിന് 272 റണ്‍സില്‍ നില്‍ക്കെയാണ് ഷമിയെ എഴാം ഓവര്‍ എറിയാന്‍ രോഹിത് ശര്‍മ വിളിച്ചത്.
ആറോവറില്‍ വിക്കറ്റില്ലാതെ 44 റണ്‍സാണ് അദ്ദേഹം അതുവരെ വിട്ടുകൊടുത്തത്. ആദ്യ ബോളില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണിനെ (3) ഷമി പുറത്താക്കി. വിരാട് കോലിയാണ് ക്യാച്ചെടുത്തത്. തുടര്‍ന്നാണ് ആദില്‍ റഷീദ് ക്രീസിലെത്തിയത്.
നേരത്തേ എതിര്‍ ടീമിന്റെ വാലറ്റക്കാരെ ഷമി എറിഞ്ഞു തകര്‍ത്തുന്നത് നമ്മള്‍ നിരവധി തവണ കണ്ടിട്ടുള്ളതാണ്. പക്ഷെ ഇപ്പോള്‍ പരിക്കു മാറി തിരിച്ചെത്തിയ ശേഷം പഴയ മൂര്‍ച്ചയയും ലൈനും ലെങ്ത്തുമെല്ലാം നഷ്ടമായതു പോലെയാണ് കാണപ്പെടുന്നത്. റഷീദിനെതിരേ ഷമിയുടെ ആദ്യ ബോള്‍ വൈഡായിരുന്നു. അടുത്ത രണ്ടു ബോളിലം റഷീദും ലിയാം ലിവിങ്‌സ്റ്റണും ഓരോ സിംഗിളുകള്‍ വീതമെടുത്തു.
പിന്നീട് ഷമിയെ റഷീദ് ശരിക്കും പൊരിച്ചു. നാലാമത്തെത്തേത് ഓഫ് സ്റ്റംപിന് പുറത്ത് ഒരു സ്ലോ ബോളായിരുന്നു. മിഡ് ഓഫിനു മുകളിലൂടെ താരം ഇതു ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് ഷമിയെറിഞ്ഞത്. പുള്‍ ഷോട്ട് കളിച്ച റഷീദ് മിഡ് ഓണിനു മുകളിലൂടെ ബോളിനെ ബൗണ്ടറി കടത്തുകയും ചെയ്തു.
ഇതുകൊണ്ടും റഷീദ് നിര്‍ത്തിയില്ല. ഷമിയെ അപമാനിച്ചുകൊണ്ട് ഓവറിലെ അവസാനത്തെ ബോളും ഇംഗ്ലണ്ടിന്റെ വാലറ്റക്കാരന്‍ ബൗണ്ടറി കണ്ടെത്തി. വേഗത കുറഞ്ഞ ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് ഷമിയെറിഞ്ഞത്. കവര്‍ ഏരിയയിലൂടെ റഷീദ് കളിച്ച വെടിയുണ്ട കണക്കെയുള്ള ഷോട്ട് അതിവേഗം ബൗണ്ടറിയിലേക്കു കുതിക്കുകയും ചെയ്തു. ഈആ ഓവറില്‍ ഷമി വിട്ടുനല്‍കിയത് 15 റണ്‍സാണ്.

ഷമിയുടെ തിരിച്ചുവരവ്
പരിക്കു കാരണം ഒരു വര്‍ഷത്തിലേറെ കളിക്കളത്തില്‍ നിന്നം വിട്ടുനിന്ന ശേഷം ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയിലൂടെയാണ് മുഹമ്മദ് ഷമി ടീമിലേക്കു മടങ്ങിയെത്തിയത്. രണ്ടു മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 9.09 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റുകളാണ്.
യഥാര്‍ഥ ഷമയുടെ നിഴല്‍ മാത്രമേ ഈ പരമ്പരയില്‍ കാണാനായുള്ളൂ. ഇപ്പോള്‍ ഏകദിനത്തിലും അദ്ദേഹം തപ്പിത്തടയുകയാണ്. രണ്ടു മല്‍സരങ്ങളിലായി 6.56 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റ് മാത്രമേ ഷമി വീഴ്ത്തിയിട്ടുള്ളൂ. ജസ്പ്രീത് ബുംറ ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടത് ഷമിയാണ്. മുഹമ്മദ് സിറാജിനെ ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടില്ല.