ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ്. 28 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. എന്നിട്ടും തോല്‍ക്കേണ്ടി വന്നുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് 202 റണ്‍സാണ് നേടാനായത്.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയിലെ ആര്‍ക്കും തിളങ്ങാനായില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശരാശരിക്കും താഴെയായിരുന്നുവെന്നാണ് വോണ്‍ വിമര്‍ശിച്ചത്.
'ഹൈദരാബാദില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് പരാജയം നേരിടുമ്പോള്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ശരാശരിയിലും താഴെയായിരുന്നുവെന്നാണ് കരുതുന്നത്. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡ് ഒരുക്കുന്നതിലും അവന്‍ നിഷ്‌കൃയിനായിരുന്നു. ഒലി പോപ്പിന്റെ സ്വീപ്പുകള്‍ക്കും റിവേഴ്‌സ് സ്വീപ്പുകള്‍ക്കും മുന്നില്‍ രോഹിത്തിന് ഉത്തരമില്ലായിരുന്നു. ഞാന്‍ കണ്ട ഏറ്റവും മികച്ച സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. എറൗണ്ട് ദി വിക്കറ്റില്‍ പന്തെറിഞ്ഞ് ലെഗ് സൈഡിലേക്ക് ടേണ്‍ ചെയ്യിച്ച് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തും.
അത്തരമൊരു നീക്കം ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് ഉണ്ടായില്ല. ഇംഗ്ലണ്ട് അനായാസമായാണ് ബൗണ്ടറികള്‍ നേടിയത്' മൈക്കല്‍ വോണ്‍ പറഞ്ഞു. വിരാട് കോലിയെപ്പോലെ എതിരാളികളെ ആക്രമണോത്സകതകൊണ്ട് സമ്മര്‍ദ്ദത്തിലാക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. കോലി ക്യാപ്റ്റനായിരിക്കെ നാട്ടില്‍ 2 തവണയാണ് ടെസ്റ്റ് തോറ്റത്. അതേ സമയം രോഹിത് നായകനായ ശേഷം ഇതിനോടകം മൂന്ന് മത്സരങ്ങള്‍ ടീം തോറ്റു. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനാവുന്നില്ല.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായില്ലെന്നത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ പിഴവ് കൂടിയാണ്. മുഹമ്മദ് സിറാജിനെ കൂടുതല്‍ ഉപയോഗിക്കാമായിരുന്നു. ഒലി പോപ്പിനെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കായില്ല. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നീ മൂന്ന് സ്പിന്നര്‍മാരും രണ്ടാം ഇന്നിങ്‌സില്‍ വലിയൊരു മികവ് കാട്ടിയില്ല. പിച്ചിലെ ടേണിനെ നന്നായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കായില്ല.
ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു പോപ്പിന്റെ പ്രകടനം. വിദേശ താരങ്ങളുടെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് രോഹിത് ശര്‍മ പോപ്പിന്റെ ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്. ഇന്ത്യക്ക് ജയിക്കാവുന്ന വിജയലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒരു ദിവസം മുന്നില്‍ നില്‍ക്കവെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ ഇന്ത്യയുടെ ആര്‍ക്കുമായില്ല. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
രണ്ടാം ഇന്നിങ്‌സില്‍ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യക്കായില്ല. വിരാട് കോലിയുടെ അഭാവം ഇന്ത്യ നന്നായി അറിഞ്ഞുവെന്നതാണ് വസ്തുത. ഒലി പോപ്പിന്റെ ബാറ്റിങ് പ്രകടനത്തെ കെവിന്‍ പീറ്റേഴ്‌സണിന്റെ പ്രകടനവുമായാണ് മൈക്കല്‍ വോണ്‍ താരതമ്യപ്പെടുത്തിയത്. '2012ല്‍ മുംബൈയില്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ ഇന്നിങ്‌സായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ഇന്ത്യയിലെ എക്കാലത്തേയും മികച്ച ഇന്നിങ്‌സ്.
ഇന്ത്യയുടെ കരുത്തുറ്റ സ്പിന്‍ നിരക്കെതിരേ ആക്രമണ ക്രിക്കറ്റാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. ഒലി പോപ്പ് സാഹസികമായ ഷോട്ടുകളടക്കം വിജയകരമായി കളിച്ചു. സ്പിന്നിനെതിരേ തന്റേതായ തന്ത്രം അവനുണ്ടായിരുന്നു. ബ്രണ്ടന്‍ മക്കല്ലവും മാര്‍ക്കസ് ട്രസ്‌ക്കോത്തിക്കും അവനെ സഹായിച്ചിരിക്കും. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ കഴിവുള്ളവനാണ് പോപ്പ്. പേസിനേയും സ്പിന്നിനേയും ആക്രമിക്കാന്‍ കഴിവുള്ളവനാണ് പോപ്പ്' മൈക്കല്‍ വോണ്‍ കൂട്ടിച്ചേര്‍ത്തു.