രാജ്‌കോട്ട്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയാണ് ഇംഗ്ലണ്ട് ടീം നേരിട്ടത്. 434 റണ്‍സിനാണ് ഇന്ത്യ ജയം നേടിയത്. ഇന്ത്യ മുന്നോട്ടുവെച്ച 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെ 122 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഒരു ദിവസം മുന്നിലുണ്ടായിട്ടും ഒന്ന് പൊരുതാന്‍ പോലും ഇംഗ്ലണ്ട് ശ്രമിച്ചില്ല. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ നാണംകെട്ട തോല്‍വികളിലൊന്നായിരുന്നു ഇത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിങ് മികവാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പാടേ കളി മറന്നുവെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ വമ്പന്‍ തോല്‍വിക്ക് കാരണമായ പിഴവ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ അതേര്‍ട്ടന്‍. ആദ്യ ഇന്നിങ്‌സില്‍ 95 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 122 റണ്‍സില്‍ സന്ദര്‍ശകരെ ഇന്ത്യ കൂടാരം കയറ്റി.
'എല്ലാത്തിനും ബാസ്‌ബോള്‍ ശൈലിയല്ല പരിഹാരം. മികച്ച അവസരമാണ് ഇംഗ്ലണ്ട് പാഴാക്കിയത്. കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. എല്ലാവരും ആക്രമണ ക്രിക്കറ്റ് കളിക്കാന്‍ ശ്രമിച്ചു. നാലാം ദിനം അല്‍പ്പം കൂടി ക്ഷമകാട്ടണമായിരുന്നു. ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ ഇന്നിങ്‌സില്‍ ബെന്‍ ഡക്കെറ്റ് കളിച്ചത് ഗംഭീര ഇന്നിങ്‌സാണ്. ആ ശൈലി രണ്ടാം ഇന്നിങ്‌സിലും താരം പിന്തുടരണമായിരുന്നു.
ഇംഗ്ലണ്ട് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ടോട്ടലിലേക്ക് ഇന്ത്യ പോയി. ടീമിന്റെ ഗെയിം പ്ലാന്‍ മികച്ചതായിരുന്നില്ല' അതേര്‍ട്ടന്‍ പറഞ്ഞു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര പാടേ കളിമറന്നു. വലിയ സ്‌കോറായതിനാല്‍ സമ്മര്‍ദ്ദത്തോടെയാണ് ഇംഗ്ലണ്ട് ബാറ്റുചെയ്തത്. ഈ സമ്മര്‍ദ്ദം ഇന്ത്യന്‍ ബൗളര്‍മാര്‍ മുതലാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 28 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ ആരും ശ്രമിച്ചില്ല.

ബെന്‍ ഡക്കെറ്റ് റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഡക്കെറ്റ് രണ്ടാം ഇന്നിങ്‌സില്‍ ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടായത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. രവീന്ദ്ര ജഡേജയുടെ സ്പിന്‍ ആക്രമണമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അഞ്ച് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. 33 റണ്‍സ് നേടിയ മാര്‍ക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഈ ഇന്നിങ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് 100നുള്ളില്‍ ഒതുങ്ങുമായിരുന്നു.
യശ്വസി ജയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. 236 പന്ത് നേരിട്ട് 14 ഫോറും 12 സിക്‌സും ഉള്‍പ്പെടെ 214 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ശുബ്മാന്‍ ഗില്‍ 91 റണ്‍സ് നേടിയപ്പോള്‍ യുവതാരം സര്‍ഫറാസ് ഖാന്‍ 72 പന്തില്‍ 68 റണ്‍സാണ് നേടിയത്. 6 ഫോറും 3 സിക്‌സുമാണ് താരം പറത്തിയത്. ഇതോടെ 430 എന്ന വമ്പന്‍ ടോട്ടലിലേക്കും ഇന്ത്യയെത്തി. ഇന്ത്യയില്‍ 557 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക ഏറെക്കുറെ അസാധ്യമാണ്.
എന്നാല്‍ ഒന്നര ദിവസം മുന്നില്‍ നില്‍ക്കവെ ഇംഗ്ലണ്ടിന് മികച്ച പോരാട്ടം നടത്താനും തോല്‍വി ഭാരം കുറക്കാനുമുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഇത് മുതലാക്കാനാവാതെ പോയി. ഒന്നാം ഇന്നിങ്‌സില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനും ഇംഗ്ലണ്ടിനായില്ല. 2 വിക്കറ്റിന് 182 എന്ന നിലയില്‍ നിന്ന് 319 ന് ഓള്‍ഔട്ട് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.