മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരിക്കെ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടി. പിന്നീട് അദ്ദേഹം പടിയിറങ്ങിയതോടെ ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായി. ഇതോടെ ഇന്ത്യയുടെ പ്രകടനം നിലവാരം താഴോട്ട് പോയിരിക്കുകയാണെന്ന് പറയാം. നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയും കൈവിട്ടു.
ഇതോടെ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എന്നാല്‍ ഗംഭീര്‍ തുടരാനാണ് സാധ്യത കൂടുതല്‍. ഇനി വരാനിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയുമാണ്. ഇതിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തിയാവും ഗംഭീറിന്റെ ഭാവി തീരുമാനിക്കുക. ഇപ്പോഴിതാ ഇന്ത്യ ഗംഭീറിനെ പരിശീലകനാക്കിയത് മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മനോജ് തിവാരി.
ഐപിഎല്ലല്ല ദേശീയ ക്രിക്കറ്റ്
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗൗതം ഗംഭീര്‍. നായകനായും പരിശീലകനായും ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവായിരുന്ന് ടീമിനെ കപ്പിലേക്കെത്തിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അദ്ദേഹത്തിന് വിളിയെത്തുന്നത്. എന്നാല്‍ ഐപിഎല്ലിലെ കണക്ക് നോക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലകനാക്കിയത് ശരിയായ രീതിയല്ലെന്നാണ് മനോജ് തിവാരി പറയുന്നത്. കെകെആറിലും ഗംഭീറിന്റെ സഹതാരമായിരുന്നു മനോജ് തിവാരി.
'ഇന്ത്യയുടെ സമീപകാലത്തെ മത്സരഫലങ്ങള്‍ നോക്കുക. കണക്കുകള്‍ കള്ളം പറയില്ല. രാഹുല്‍ ദ്രാവിഡ് ടീമിനെ മുന്നോട്ട് കൊണ്ടുപോയതുപോലെ ഗംഭീറിന് സാധിക്കില്ല. ട്രാക്കിലേക്കെത്താന്‍ ഗംഭീറിന് കുറച്ചധികം സമയം ആവശ്യമായി വരും. ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തക്ക അനുഭവസമ്പത്ത് ഗംഭീറിനുണ്ടെന്ന് കരുതാനാവില്ല. സത്യസന്ധമായി പറഞ്ഞാല്‍ പരിശീലകനെന്ന നിലയില്‍ കാര്യമായ അനുഭവസമ്പത്ത് ഗംഭീറിനില്ല' മനോജ് തിവാരി പറഞ്ഞു.

ലക്ഷ്മണെ പരിശീലകനാക്കണം
ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായ സാഹചര്യത്തില്‍ വരുന്ന പരമ്പരകള്‍ ഗൗതം ഗംഭീറിന് നിര്‍ണ്ണായകമാണ്. ഗംഭീറിനെ പുറത്താക്കേണ്ട സാഹചര്യം വന്നാല്‍ പകരം ആരാണ് വരേണ്ടതെന്നും മനോജ് തിവാരി പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണെ പരിശീലകനാക്കണമെന്നാണ് മനോജ് ആവശ്യപ്പെടുന്നത്. 'വിവിഎസ് ലക്ഷ്മണെ അടുത്ത പരിശീലകനാക്കണമെന്നാണ് ഞാന്‍ കരുതുന്നത്.
ദേശീയ ക്രിക്കറ്റ് അക്കാദമിയെ മുന്നോട്ട് നയിക്കുന്നയാളാണ് ലക്ഷ്മണ്‍. ദ്രാവിഡ് പോയപ്പോള്‍ ലക്ഷ്മണെ കോച്ചാക്കണമായിരുന്നു. ഈ രീതിയില്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഗംഭീര്‍ വരുന്നത്. അദ്ദേഹം വളരെ ആക്രമണോത്സകതയുള്ള വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഐപിഎല്ലില്‍ മികവ് കാട്ടാന്‍ സാധിച്ചെങ്കിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി പരിഗണിച്ചത് തെറ്റായ തീരുമാനം ആണെന്നാണ് കരുതുന്നത്' മനോജ് പറഞ്ഞു.
ഗംഭീറിന് മികച്ച പദ്ധതികളില്ല
ടീം പ്രതിസന്ധി നേരിടുന്ന സമയത്ത് മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗൗതം ഗംഭീറിന് സാധിക്കുന്നില്ല. ഗംഭീര്‍ താരമെന്ന നിലയില്‍ വലിയ സാങ്കേതിക മികവുള്ളയാളല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളെ സാങ്കേതികമായി സഹായിക്കുകയെന്നത് ഗംഭീറിനെ സംബന്ധിച്ച് പ്രയാസമാണ്. എന്നാല്‍ അനുഭവസമ്പത്തുള്ള പരിശീലകനെ കൊണ്ടുവന്നിരുന്നെങ്കില്‍ അല്‍പ്പം കൂടി മികവ് കാട്ടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.
ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യ പിന്നോട്ട് പോവുകയാണ്. എന്നാല്‍ ടി20യില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യ മിന്നിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് നേടാനായാല്‍ ഗംഭീറിന് മുന്നോട്ട് പോകാന്‍ സാധിച്ചേക്കും. അല്ലാത്ത പക്ഷം വഴിമാറേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.