ലോര്‍ഡ്‌സ്: ചെറിയൊരു ബ്രേക്കിനു ശേഷം ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിക്കായുള്ള പരമ്പരയിലെ മൂന്നാമങ്കം വ്യാഴാഴ്ച (നാളെ) മുതല്‍ വിഖ്യാത വേദിയായ ലോര്‍ഡ്‌സില്‍ ആരംഭിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ 1-1നു ഒപ്പമായതിനാല്‍ ലോര്‍ഡ്‌സിലെ പോരാട്ടം തീപാറുമെന്നുറപ്പായിരിക്കുകയാണ്.
നേരത്തേ ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ എജ്ബാസ്റ്റണില്‍ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരാണ് കണ്ടത്. ശുഭ്മന്‍ ഗില്ലും സംഘവു 336 റണ്‍സിനു എതിരാൡകളെ നാണംകെടുത്തുകയായിരുന്നു. ലോര്‍ഡ്‌സില്‍ ശക്തമായൊരു തിരിച്ചുവരവിനായിരിക്കും അവര്‍ ശ്രമിക്കുക. എന്നാല്‍ വിജയം തുടരാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഗില്ലിന്റെ ഇന്ത്യന്‍ ടീം.
എജ്ബാസ്റ്റണില്‍ വിശ്രമമനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ലോര്‍ഡ്‌സില്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നുറപ്പായിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തുടരെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പുറത്തിരുത്തിയേക്കും. രണ്ടാം ടെസ്റ്റിലെ വിജയത്തിനു ശേഷം നായകന്‍ ഗില്ലിന്റെ വാക്കുകളും ഈ സൂചന തന്നെയാണ് നല്‍കുന്നത്.

കുല്‍ദീപിന് വീണ്ടും ചാന്‍സില്ല?
ഇന്ത്യന്‍ ബൗളിങിനു മൂര്‍ച്ച കൂട്ടുന്നതിനായി മാച്ച് വിന്നര്‍ കൂടിയായ കുല്‍ദീപ് യാദവിനെ
ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ആദ്യ ടെസ്റ്റിനു ശേഷം തന്നെ അദ്ദേഹം ടീമില്‍ വേണമെന്നു മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എജ്ബാസ്റ്റണിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്താനായെങ്കിലും ലീഡ്‌സില്‍ ഇന്ത്യ ശരിക്കും പതറി.
വാഷിങ്ടണ്‍ സുന്ദറിനെയാണ് കഴിഞ്ഞ ടെസ്റ്റില്‍ രണ്ടാം സ്പിന്നറായി ഇന്ത്യ കളിപ്പിച്ചത്. പക്ഷെ ബൗളിങില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ടു തന്നെ ലോര്‍ഡ്‌സില്‍ വാഷിങ്ടണിനു പകരം കുല്‍ദീപ് വരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ അതിനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നു തന്നെയാണ് സൂചനകള്‍.
എജ്ബാസ്റ്റണില്‍ കുല്‍ദീപിനു പകരം വാഷിങ്ടണിനെ കളിപ്പിച്ച തീരുമാനത്തെ ഗില്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കാനും ആദ്യ ഇന്നിങ്‌സിലെ ലീഡ് 180ല്‍ എത്തിക്കാനും ഇതു സഹായിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കുല്‍ദീപ് യാദവിനെ പോലെയൊരു ബൗളറുള്ളപ്പോള്‍ അതു നിങ്ങളെ തീര്‍ച്ചയായും പ്രലോഭിപ്പിക്കും. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുമെന്നതാണ് വാഷിങ്ടണിനെ ഞാന്‍ കളിപ്പിക്കാനുള്ള ഒരു കാരണം.
ഒന്നാമിന്നിങ്‌സില്‍ ഞാനും വാഷിങ്ടണും തമ്മിലുള്ള കൂട്ടുകെട്ട് വളരെയധികം പ്രധാനപ്പെട്ടതായിരുന്നുവെന്നു ഞാന്‍ കരുതുന്നു. അങ്ങനെയൊരു കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ലീഡ് 70-90 റണ്‌സില്‍ ഒതുങ്ങേണ്ടതായിരുന്നു. 180 റണ്‍സിന്റെ ലീഡിനേക്കാള്‍ മാനസികമായി അതു തികച്ചും വ്യത്യസ്തവുമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗില്‍ വ്യക്തമാക്കിയിരുന്നു.

അഞ്ചാം ദിവസം പോലും എജ്ബാസ്റ്റണിലെ പിച്ചില്‍ ബോള്‍ അത്ര നന്നായി അത്ര നന്നായി മൂവ് ചെയ്തിരുന്നില്ല. വിക്കറ്റില്‍ നിന്നു ബോള്‍ മൂവ് ചെയ്യുകയാണെങ്കില്‍ അഞ്ചാം ദിനം ഒരു സ്പിന്നര്‍ ഞങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം നല്‍കുമെന്നും ചിന്തിച്ചു.
പ്രത്യേകിച്ചും ഇതുപോലെയുള്ള ഫ്‌ളാറ്റായിട്ടുള്ള വിക്കറ്റുകളില്‍ ഫാസ്റ്റ് ബൗളിങിനേക്കാള്‍ നിങ്ങള്‍ക്കു നിയന്ത്രണം നല്‍കിയേക്കുക സ്പിന്നായിരിക്കുമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി ലോര്‍ഡ്‌സിലും വാഷിങ്ടണ്‍ തുടര്‍ന്നേക്കുമെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നത്.
പക്ഷെ എജ്ബാസ്റ്റണില്‍ വാഷിങ്ടണ്‍ ബൗളിങില്‍ തികഞ്ഞ പരാജമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 14 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. 5.20 എന്ന വളരെ മോശം ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ 73 റണ്‍സും വാഷിങ്ടണ്‍ വിട്ടുനല്‍കി.
രണ്ടാമിന്നിങ്‌സില്‍ ആറോവര്‍ ബൗള്‍ ചെയ്ത അദ്ദേഹം രണ്ടു മെയ്ഡനുള്‍പ്പെടെ 28 റണ്‍സിനു ഒരു വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ബാറ്റിങില്‍ ആദ്യ ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ 42 റണ്‍സ് സംഭാവന ചെയ്തിരുന്നു.