ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബാറ്റിങ് പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കളി നിര്‍ത്തുമ്പോള്‍ 19 റണ്‍സെടുത്ത ജസ്പ്രീത് ബുംറയോടൊപ്പം 27 റണ്‍സുമായി കുല്‍ദീപ് ക്രീസിലുണ്ട്. 55 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുള്‍പ്പെട്ടിരുന്നു. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപ്- ബുംറ ജോടി 45 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ഇതാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാന്‍ സഹായിച്ചത്.
സ്വീപ്പ് ഷോട്ടുകളടക്കം മികച്ച ചില ഷോട്ടുകള്‍ കളിച്ചാണ് കുല്‍ദീപ് ബാറ്റിങിലും മിന്നിച്ചത്. നേരത്തേ ബൗളിങില്‍ അഞ്ചു വിക്കറ്റുകള്‍ താരം പിഴുതിരുന്നു. കുല്‍ദീപിന്റെ ബാറ്റിങ് പ്രകടനത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്. ഇന്ത്യയുടെ പുതിയ ഓള്‍റൗണ്ടറായി താരത്തെ പ്രഖ്യാപിക്കാന്‍ സമയമായെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഈ പരമ്പരയില്‍ ഇതാദ്യമായല്ല കുല്‍ദീപ് ബാറ്റിങില്‍ മിടുക്ക് തെളിയിക്കുന്നത്. നേരത്തേ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ടീം ബാറ്റിങില്‍ പതറവെ വാലറ്റത്ത് വിലപ്പെട്ട 28 റണ്‍സ് സംഭാവന ചെയ്യാന്‍ താരത്തിനു കഴിഞ്ഞിരുന്നു. 131 ബോളുകളില്‍ നിന്നായിരുന്നു ഇത്. വീണ്ടുമൊരിക്കല്‍ കൂടി ബാറ്റിങില്‍ കുല്‍ദീപ് മിന്നിച്ചതോടെയാണ് ആരാധകര്‍ ആവേശത്തിലായത്.
ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി കുല്‍ദീപ് യാദവ് മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനു രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ പുറത്താക്കാന്‍ സാധിക്കും. പക്ഷെ കുല്‍ദീപ് യാദവിനെ പൂട്ടാന്‍ അവരെക്കൊണ്ട് പറ്റില്ലെന്നു ഉറപ്പാണെന്നായിരുന്നു ഒരു പ്രതികരണം.
ഇന്ത്യയുടെ വാലറ്റക്കാര്‍ ബാസ്‌ബോളിനേക്കാള്‍ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു കുല്‍ദീപ് യാദവിന്റെയും ജസ്പ്രീത് ബുംറയുടെയും ബാറ്റിങിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു പ്രതികരണം. ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്ററായ ജോണി ബെയര്‍സ്‌റ്റോ നേരിട്ടത് 259 ബോളുകളാണ്. കുല്‍ദീപ് യാദവാകട്ടെ ഇതിനകം 348 ബോളുകളും കളിച്ചുകഴിഞ്ഞു. കുല്‍ദീപ് ഒരു മികച്ച ഓള്‍റൗണ്ടറായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന് ഇതിനേക്കാള്‍ നല്ലൊരു തെളിവ് വേണ്ടെന്നും ആരാധകര്‍ പ്രശംസിക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വലിയ മുതല്‍ക്കൂട്ടായി കുല്‍ദീപ് യാദവ് മാറിയിരിക്കുകയാണ്. ചേതേശ്വര്‍ പുജാരയുടെ വിക്കറ്റ് പോലും എതിരാളികള്‍ക്കു എളുപ്പം വീഴ്ത്താന്‍ സാധിച്ചേക്കും. പക്ഷെ കുല്‍ദീപിന്റേത് അത്ര എളുപ്പം കിട്ടില്ല. ബാറ്റിങിന്റെ കാര്യമെടുത്താല്‍ അദ്ദേഹം എതിര്‍ ടീം ബൗളര്‍മാരെ കരയിക്കുമെന്നും ആരാധകര്‍ പുകഴ്ത്തി.

കുല്‍ദീപ് യാദവ് ഒരു ബാറ്ററെന്ന നിലയില്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുകയാണ്. രവീന്ദ്ര ജഡേജയേക്കാള്‍ നന്നായി സ്വീപ്പ് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ടെന്നായിരുന്നു ഒരു പ്രതികരണം.
ഈ പരമ്പരയില്‍ എത്ര ഉജ്ജ്വലമായിട്ടാണ് കുല്‍ദീപ് യാദവ് ബാറ്റ് ചെയ്തിട്ടുള്ളത്. മികച്ച ചില ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും കാണാന്‍ സാധിച്ചു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പ്രതിരോധത്തിലെ മിടുക്ക് എടുത്തു പറയേണ്ടതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ധരംശാല ടെസ്റ്റില്‍ ഇന്ത്യ വ്യക്തമായ മേധാവിത്വം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 218 റണ്‍സിനു മറുപടിയില്‍ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റിനു 473 റണ്‍സെടുത്തിട്ടുണ്ട്.
രണ്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യ ഇപ്പോള്‍ 255 റണ്‍സിനു മുന്നിലാണ്. ശുഭ്മന്‍ ഗില്‍ (110), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (103) എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരനായ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യന്‍ ബാറ്റിങിനു കരുത്തായത്.