ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. 1 വിക്കറ്റിന് 135 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 83 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. യശ്വസി ജയ്‌സ്വാളിനെയാണ് (57) ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മയും (52) ശുബ്മാന്‍ ഗില്ലുമാണ് (26) ക്രീസില്‍.
ഇംഗ്ലണ്ടിന്റെ 218 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കമാണ് രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. 104 റണ്‍സിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 58 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിനെ ഷൊയ്ബ് ബഷീറാണ് പുറത്താക്കിയത്. ക്രീസില്‍ നിന്ന് കയറിക്കളിച്ച ജയ്‌സ്വാളിനെ ബെന്‍ ഫോക്‌സ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു.
ആദ്യത്തെ 14 ഓവറും പേസര്‍മാരെ ഏല്‍പ്പിച്ച രോഹിത് പിന്നീട് സ്പിന്നര്‍മാരെ കളത്തിലിറക്കി. ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയെ വിളിക്കാതെ കുല്‍ദീപ് യാദവിനെ പന്തേല്‍പ്പിച്ച രോഹിത്തിന് തെറ്റിയില്ല. ബെന്‍ ഡക്കെറ്റിനെ (27) പുറത്താക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു.
4 ബൗണ്ടി നേടിയ ഡക്കെറ്റ് ക്രീസില്‍ നിന്ന് കയറി കുല്‍ദീപിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ചപ്പോള്‍ എഡ്ജായി. ഉയര്‍ന്ന പന്തിനെ റണ്ണിങ് ക്യാച്ചിലൂടെ ശുബ്മാന്‍ കൈയിലാക്കുകയായിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് വീണതോടെ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായി. മൂന്നാമന്‍ ഒലി പോപ്പ് 24 പന്തില്‍ 11 റണ്‍സുമായി മടങ്ങി. ക്രീസില്‍ നിന്ന് കയറിക്കളിച്ച പോപ്പിന് കൃത്യമായി കണക്ട് ചെയ്യാനായില്ല. വിക്കറ്റ് കീപ്പര്‍ ദ്രുവ് ജുറേല്‍ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ പോപ്പിനെ മടക്കി.

എന്നാല്‍ ഒരു വശത്ത് സാക്ക് ക്രോളി ജോ റൂട്ടിനെ കൂട്ടുപിടിച്ച് റണ്‍സുയര്‍ത്തി. നായകന്‍ രോഹിത് ശര്‍മയുടെ പിഴവില്‍ ഒരു ലൈഫും ക്രോളിക്ക് ലഭിച്ചു. ക്രോളിയുടെ ബാറ്റിലുരസിയ പന്ത് സര്‍ഫറാസ് ഖാന്‍ കൈയിലൊതുക്കി. എന്നാല്‍ അംപയര്‍ നോട്ടൗട്ട് വിളിച്ചു.
സര്‍ഫറാസ് ആവശ്യപ്പെട്ടിട്ടും രോഹിത് റിവ്യു എടുത്തില്ല. ഇതോടെ ഈ വിക്കറ്റവസരം നഷ്ടപ്പെടുത്തി. പക്ഷം ക്രോളിക്ക് വലിയ ആയുസുണ്ടായില്ല. 108 പന്ത് നേരിട്ട് 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 79 റണ്‍സ് നേടിയ ക്രോളിയെ കുല്‍ദീപ് യാദവ് ക്ലീന്‍ബൗള്‍ഡാക്കി.
സ്റ്റംപിലേക്ക് കുത്തിത്തിരിഞ്ഞ പന്തില്‍ ക്രോളിക്ക് കാഴ്ചക്കാരനാവാനെ സാധിച്ചുള്ളു. ആദ്യ മത്സരങ്ങളില്‍ സംഭവിച്ചതുപോലെ ഇത്തവണയും മധ്യനിര ഇംഗ്ലണ്ടിനെ ചതിച്ചു. 100ാം ടെസ്റ്റ് കളിക്കുന്ന ജോണി ബെയര്‍സ്‌റ്റോ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 18 പന്തില്‍ 2 വീതം സിക്‌സും ഫോറും പറത്തിയ ബെയര്‍സ്റ്റോയെ കുല്‍ദീപ് യാദവ് പുറത്താക്കി. കുല്‍ദീപിന്റെ മികച്ച പന്തില്‍ ദ്രുവ് ജുറേലിന്റെ ക്യാച്ചിലാണ് ബെയര്‍സ്റ്റോയുടെ മടക്കം.
പിന്നാലെ ജോ റൂട്ടും മടങ്ങി. 26 റണ്‍സുമായി നിലയുറപ്പിച്ചുവരികയായിരുന്ന റൂട്ടിനെ രവീന്ദ്ര ജഡേജ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. റിവ്യൂ എടുത്തെങ്കിലും ഫലമുണ്ടായില്ല.
നായകന്‍ ബെന്‍ സ്റ്റോക്‌സ് ഫ്‌ളോപ്പ് ഷോ തുടരുകയാണ്. 6 പന്ത് നേരിട്ട സ്റ്റോക്‌സിനെ അക്കൗണ്ട് തുറക്കും മുമ്പ് കുല്‍ദീപ് എല്‍ബിയില്‍ കുടുക്കി. ടോം ഹാര്‍ട്ട്‌ലി (6) അശ്വിനെ സിക്‌സറിന് ശ്രമിച്ചപ്പോള്‍ ദേവ്ദത്ത് പടിക്കലിന്റെ കൈയില്‍ അവസാനിച്ചു.
മാര്‍ക്ക് വുഡിനെ (0) അശ്വിന്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈയിലുമെത്തിച്ചു. ഇതോടെ 100ന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്ന് 83 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമാകുന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു.
അല്‍പ്പനേരം ചെറുത്തുനിന്ന ബെന്‍ ഫോക്‌സ് (24) ആര്‍ അശ്വിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. ജെയിംസ് ആന്‍ഡേഴ്‌സനെ അശ്വിന്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കിയതോടെ 57.4 ഓവറില്‍ 218 റണ്‍സില്‍ ഇംഗ്ലണ്ട് അവസാനിച്ചു. കുല്‍ദീപ് യാദവ് അഞ്ചും ആര്‍ അശ്വിന്‍ നാലും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
പ്ലേയിങ് 11: ഇന്ത്യ- യശ്വസി ജയ്സ്വാള്‍, രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (c), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സന്‍, ഷൊയ്ബ് ബഷീര്‍