വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തകര്‍പ്പന്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കുകയാണ്. ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കമെങ്കിലും ബാസ്‌ബോള്‍ ശൈലിയിലൂടെ എന്തും അസാധ്യമാണെന്നു തെളിയിക്കാന്‍ തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട്. അതിനിടെ മൂന്നാംദിനം അവസാനത്തെ സെഷനിലെ അവസാന ഓവറിലെ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത് കളിക്കിടെ നടത്തിയ ഒരു പ്രവചനം കിറു കൃത്യമായി വന്നതിനെക്കുറിച്ചാണിത്.
മൂന്നാംദിനത്തിലെ അവസാനത്തെ ഓവര്‍ ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തത് അക്ഷര്‍ പട്ടേലായിരുന്നു. ക്രീസിലുണ്ടായിരുന്നത് ഓപ്പണര്‍ സാക്ക് ക്രോളിയും നൈറ്റ് വാച്ച്മാനായെത്തിയ രെഹാന്‍ അഹമ്മദുമായിരുന്നു. ഓവറിലെ ആദ്യത്തെ ബോള്‍ നേരിട്ടത് രെഹാനായിരുന്നു. സ്‌ക്വയര്‍ ലെഗിലേക്കി കളിച്ച താരം സിംഗിളെടുക്കകയും ചെയ്തു. അടുത്ത ബോള്‍ ലോങ് ഓഫിലേക്കാണ് ക്രോളി കളിച്ചത്. തുടര്‍ന്ന് വീണ്ടുമൊരു സിംഗിള്‍.

അടുത്ത ബോളില്‍ രെഹാനു റണ്ണൊന്നുമില്ല. താരം ഡ്രൈവ് ചെയ്‌തെങ്കിലും മിഡ് ഓഫില്‍ നേരെ ഫീല്‍ഡറുടെ കൈകളിലേക്കാണ് വന്നത്. അടുത്ത ബോള്‍ രെഹാന്‍ ബൗണ്ടറി കടത്തി. മിഡ് വിക്കറ്റിന്റെ വലതു ഭാഗത്തേക്കു താരം ഫ്ളിക്ക് ചെയ്ത ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു. അടുത്തത് ഒരു ഫ്‌ളാറ്റ് ബോളായിരുന്നു. ഈ ബോളില്‍ രെഹാന് റണ്ണൊന്നും ലഭിച്ചില്ല.
കെഎസ് ഭരതിന്റെ പ്രവചനത്തെക്കുറിച്ചുള്ള വീഡിയോ കാണാം
അക്ഷര്‍ അവസാനത്തെ ബോള്‍ എറിയുന്നതിനു തൊട്ടുമുമ്പായിരുന്നു എന്താവും സംഭവിക്കുകയെന്നു വിക്കറ്റിനു പിന്നിലുണ്ടായിരുന്ന ഭരത് പ്രവചനം നടത്തിയത്. താരം വിളിച്ചുപറഞ്ഞ കാര്യം സ്റ്റംപ് മൈക്കിലൂടെ പുറത്തുവന്നതോടെയാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ കണക്കുകൂട്ടല്‍ എത്ര മാത്രം കൃത്യമായിരുന്നുവെന്നു ലോകമറിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പക്കലേക്കായിരിക്കും ബോൾ വരികയെന്നാണ് ഭരത് ഉറക്കെ വിളിച്ചുപറഞ്ഞത്. ഈ സമയത്തു രോഹിത് സ്ലിപ്പിലുണ്ടായിരുന്നു.
ഭരതിന്റെ പ്രവചനം കൃത്യമായിരുന്നുവെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. ഫ്‌ളാറ്റ് ബോളായിരുന്നു അക്ഷര്‍ പരീക്ഷിച്ചത്. രെഹാന്‍ ബാക്ക് ഫൂട്ടില്‍ ഒരു കട്ട് ഷോട്ടായിരുന്നു കളിച്ചത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ടായതുമില്ല. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പിലേക്കാണ് വന്നത്. സ്ലിപ്പിലുണ്ടായിരുന്ന രോഹിത്തിന്റെ വലതു ഭാഗത്തു കൂടിയായിരുന്നു ഇത്.

രോഹിത് ഉടന്‍ തന്നെ ക്യാച്ചിനു വേണ്ടി വലതു വശത്തേക്കു ഡൈവ് ചെയ്തു നോക്കിയെങ്കിലും നേരിയ വ്യത്യാസത്തില്‍ അതു മിസ്സാവുകയായിരുന്നു. ദുഷ്‌കരമായ ക്യാച്ച് തന്നെയായിരുന്നു ഇത്. രോഹിത്തില്‍ നിന്നും വഴുതിപ്പോയ ബോള്‍ നേരെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. രോഹിത് അതു പിടികൂടിയിരുന്നെങ്കില്‍ വളരെ മികച്ചൊരു ക്യാച്ചായി മാറുമായിരുന്നു. മാത്രമല്ല രണ്ടാമത്തെ വിക്കറ്റോടെ കളിയില്‍ ഒന്നുകൂടി പിടിമുറുക്കാവും ഇന്ത്യക്കു സാധിക്കുമായിരുന്നു.
അതേസമയം, ബാറ്ററെന്ന നിലയില്‍ ഭരത് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയെ ടെസ്റ്റാണിത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റായതിനാല്‍ തന്നെ മികച്ചൊരു ഇന്നിങ്‌സുമായി അദ്ദേഹം വിമര്‍ശകരുടെ വായടപ്പിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ബാറ്റിങില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ 23 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 17 റണ്‍സാണ് ഭരത് സ്‌കോര്‍ ചയ്തത്.
രണ്ടാമിന്നിങ്‌സിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 28 ബോളുകളില്‍ നിന്നും ആറു റണ്‍സ് മാത്രമേ ഭരത് നേടിയുള്ളൂ. ഇതോടെ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചനകള്‍. ഭരതിന്റെ കരിയറിലെ എട്ടാമത്തെ ടെസ്റ്റാണിത്. പക്ഷെ ഒരു ഫിഫ്റ്റി പോലും ഈ ഫോര്‍മാറ്റില്‍ അദ്ദേഹം ഇനിയും നേടിയിട്ടില്ല.