
ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനമാണ് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത്. വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ സമീപകാല പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ലീഡ്‌സില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ പുജാരക്കും കോലിക്കും സാധിച്ചിരുന്നു. എന്നാല്‍ ഇന്നിങ്‌സില്‍ തോല്‍വി ഒഴിവാക്കാനായില്ല. നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തുമെന്നുറപ്പാണ്. ഹനുമ വിഹാരി, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ ഇന്ത്യന്‍ ടീമിലേക്ക് അധിക ബാറ്റ്‌സ്മാനായി എത്തുമെന്നാണ് സൂചന.
എന്നാല്‍ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള എളുപ്പത്തിലുള്ള പരിഹാരം മായങ്ക് അഗര്‍വാളിനെ ഓപ്പണറക്കുകയെന്നതാണ്. നിലവിലെ സാഹചര്യത്തില്‍ വിഹാരിയേക്കാളും സൂര്യകുമാറിനെക്കാളും മുന്‍ഗണന ലഭിക്കേണ്ടത് മായങ്കിനാണ്. കെ എല്‍ രാഹുലിന് ന്യൂബോളില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയെങ്കിലും മൂന്നാം ടെസ്റ്റില്‍ നിരാശപ്പെടുത്തി. രാഹുലിനെ ഓപ്പണറാക്കുന്നതില്‍ നേരത്തെ തന്നെ ടീം മാനേജ്‌മെന്റിന് താല്‍പ്പര്യക്കുറവുണ്ടായിരുന്നു. എന്നാല്‍ മായങ്ക് അഗര്‍വാളിന് പരിക്കേറ്റതോടെ രാഹുലിനെ ഇറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഫോമിലുള്ള രാഹുലിനെ ഒഴിവാക്കാന്‍ സാധിക്കില്ല. എന്നാല്‍ മായങ്ക് അഗര്‍വാളിനെ രോഹിതിനൊപ്പം ഓപ്പണറാക്കി രാഹുലിനെ അഞ്ചാം നമ്പറില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ഇറക്കിയാല്‍ മധ്യനിര കൂടുതല്‍ ശക്തിപ്പെടും. മായങ്കിനെ മധ്യനിരയില്‍ പരിഗണിച്ചാല്‍ തിളങ്ങാന്‍ സാധ്യത കുറവാണ്. എന്നാല്‍ മധ്യനിരയില്‍ രാഹുലിന് മികവ് കാട്ടാനാവും. ഓപ്പണിങ്ങില്‍ രോഹിത്-മായങ്ക് കൂട്ടുകെട്ട് ഇതിനോടകം മികവ് തെളിയിച്ചിട്ടുള്ളതാണ്.
മായങ്ക് ടീമിലെത്തിയാല്‍ പേസര്‍ ഇഷാന്ത് ശര്‍മക്ക് വിശ്രമം നല്‍കണം. മൂന്നാം മത്സരത്തില്‍ പൂര്‍ണ്ണ ഫിറ്റനസോടെയല്ല ഇഷാന്തിനെ കാണപ്പെട്ടത്. കൂടാതെ വിക്കറ്റ് നേടാനും അദ്ദേഹത്തിനായില്ല. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകുമെന്നുറപ്പാണ്. ഇഷാന്തിന് പകരം പേസറേക്കാള്‍ ഇന്ത്യക്ക് ആവിശ്യം ഒരു മികച്ച ബാറ്റ്‌സ്മാനെയാണ്. അതിനാല്‍ത്തന്നെ മായങ്കിനെ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കുക ടീമിന്റെ ടോപ് ഓഡറിനും മധ്യനിരക്കും കൂടുതല്‍ ശക്തി നല്‍കും.

രവീന്ദ്ര ജഡേജക്ക് മൂന്നാം ടെസ്റ്റിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റിരുന്നു. അതിനാല്‍ത്തന്നെ നാലാം മത്സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ആദ്യ മൂന്ന് മത്സരവും കളിക്കാതിരുന്ന ആര്‍ അശ്വിനെ നാലാം മത്സരത്തില്‍ പരിഗണിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറായ അശ്വിനെ പരിഗണിക്കാത്തതിനെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. ഈ അവസരത്തില്‍ ഇനിയും അദ്ദേഹത്തെ പുറത്തിരുത്താനാവില്ല.
14 ടെസ്റ്റില്‍ നിന്ന് 45.74 ശരാശരിയില്‍ 1052 റണ്‍സ് മായങ്കിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും നേടിയ മായങ്കിന്റെ പേരില്‍ രണ്ട് അര്‍ധ സെഞ്ച്വറിയുമുണ്ട്. തുടക്കം മുതല്‍ ആക്രമിക്കുന്ന ശൈലിയാണ് മായങ്കിന്റേത്. നിലയുറപ്പിച്ച് കിട്ടിയാല്‍ ഇന്ത്യക്ക് മികച്ച അടിത്തറ പാകാന്‍ മായങ്കിന് സാധിക്കും. വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള മായങ്കിനെ ഓപ്പണറാക്കി രാഹുലിനെ മധ്യനിരയില്‍ ഇറക്കിയാല്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ ലഭിക്കും.


Click it and Unblock the Notifications











