ഇന്ത്യൻ ക്രിക്കറ്റ് പുതിയൊരു ഘട്ടത്തിലേക്ക്, നിർണായകമായ തലമുറ കൈമാറ്റത്തിലേക്ക് നീങ്ങുന്ന സമയമാണ് ഇത്. വളരെയേറെ ആശങ്കയോടും അതിലേറെ പ്രതീക്ഷയോടെയും തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയെ നോക്കി കാണുന്നത്. അതിന് വ്യക്തവും വടിവൊത്തതുമായ കാരണങ്ങൾ ഏറെയാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മോഹം പൊലിഞ്ഞ ശേഷം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് ഇത്.
എന്നാൽ അതൊന്നുമല്ല ഈ പരമ്പരയെ വേറിട്ട് നിർത്തുന്ന ഘടകം. ഇന്ത്യൻ യുവനിര ആദ്യമായി ഒറ്റയ്ക്ക് പരീക്ഷണം നേരിടാൻ വിദേശ മണ്ണിലേക്ക് ഇറങ്ങുകയാണ്. അതും ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിലേക്ക് ആവുമ്പോൾ അതിന് പ്രാധാന്യം ഏറെയാണ്. നിർണായക മാറ്റങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ നടന്ന ചില ദിവസങ്ങൾക്ക് ശേഷമാണ് എല്ലാം കലങ്ങി തെളിയുന്നത്.

ഐപിഎൽ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്ന വേളയിൽ ഇന്ത്യയുടെ മുതിർന്ന താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും ഏതാണ്ട് ഒരേസമയം ടെസ്‌റ്റ് ക്രിക്കറ്റ് ഉപേക്ഷിച്ച സവിശേഷമായ സാഹചര്യമാണ് ഇന്ത്യൻ ക്യാമ്പ് നേരിട്ട ഷോക്ക്. എന്നാൽ അതിനെ കൃത്യമായി നേരിട്ട ബിസിസിഐ യുവനിരയെ ഭാവി മുന്നിൽ കണ്ടുകൊണ്ട് ഒരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് വ്യക്തം.
രോഹിത് ശർമ്മയുടെ വിടവാങ്ങലോടെ ഇന്ത്യൻ ടെസ്‌റ്റ് ടീമിന് പുതിയൊരു നായകനെ കണ്ടത്തേണ്ട ആവശ്യം വന്നു, പിന്നാലെ കോലിയും പാഡഴിച്ചതോടെ നാലാം നമ്പറിൽ ഒരു പുതിയ ആളെ പരീക്ഷിക്കുകയും ചെയ്യേണ്ട ആവശ്യം വരുന്ന സാഹചര്യമാണ്. ഈ രണ്ട് ചോദ്യങ്ങൾക്കും ബിസിസിഐ കണ്ടെത്തിയ ഉത്തരമാണ് ഗിൽ എന്നാണ് സൂചന.
നായകനായി ഗിൽ പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യയുടെ സാധ്യത ഇലവനെ കുറിച്ചുള്ള ചർച്ചകൾ നടക്കവെയാണ് നാലാം നമ്പറിൽ യുവതാരം തന്നെ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാക്കുന്നത്.അങ്ങനെയെങ്കിൽ ഇന്ത്യയുടെ സാധ്യതാ ഇലവനിൽ ആരൊക്കെ ഉണ്ടാവുമെന്ന് നോക്കാം. നായകനായതിനാൽ തന്നെ ഗിൽ ഉണ്ടാവുമെന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.
ഇന്ത്യയുടെ ആദ്യ നിയുക്ത ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആയിരിക്കും എന്നത് ഉറപ്പാണ്. രോഹിതിന് പകരം കെഎൽ രാഹുൽ ആയിരിക്കും രണ്ടാമത്തെ ഓപ്പണർ. സായ് സുദർശൻ മൂന്നാം സ്ഥാനത്തും ഗിൽ നാലാം സ്ഥാനത്തും കോലിക്ക് പകരം സ്ഥാനം ഏറ്റെടുക്കും. ബാറ്റിംഗ് പൊസിഷനുകളിൽ മാറ്റമുണ്ടായാൽ പോലും, ഈ നാല് പേരും ആദ്യ നാലിൽ തുടരും.
നിലവിൽ ഇന്ത്യയുടെ അഞ്ചാം നമ്പർ കളിക്കാരൻ കരുൺ നായർ മാത്രമാണ്. നോർത്താംപ്ടൺഷെയറിനെ പ്രതിനിധീകരിച്ചതിനാൽ ഇംഗ്ലണ്ടിലും കളിച്ച പരിചയമുണ്ട് കരുണിന്. വാഷിംഗ്‌ടൺ സുന്ദറിനെയോ നിതീഷ് കുമാർ റെഡ്ഡിയെയോ പോലുള്ള ഒരാളെ അഞ്ചാം നമ്പറിൽ പരീക്ഷിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ റിസ്‌ക് ആയിരിക്കും നൽകുക.
റിഷഭ് പന്തും രവീന്ദ്ര ജഡേജയും കുറച്ചുകാലമായി ഇന്ത്യയുടെ ആറാം നമ്പറിലും ഏഴാം നമ്പറിലും കളിക്കുന്നുണ്ട്, അത് തുടരും. ഇരുവരും മുമ്പ് ഇംഗ്ലണ്ടിലും ഇതേ സ്ഥാനങ്ങളിൽ വിജയം കൈവരിച്ചവരാണ്. നിതീഷിന് പകരം ശാർദുൽ താക്കൂർ എട്ടാം നമ്പറിൽ കളിക്കും. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ഇംഗ്ലണ്ടിൽ കളിക്കുമെന്ന് ഉറപ്പാണ്. പ്രസിദ്ധ് കൃഷ്‌ണയാവും നാലാമത്തെ പേസർ.
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ & വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്.