ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ റണ്‍മെഷീനായി മാറിയിരിക്കുകയാണ് യുവ ഓപ്പണിങ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാള്‍. വെള്ളിയാഴ്ച മുതല്‍ റാഞ്ചിയില്‍ നാലാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്കാണ്. ജയ്‌സ്വാള്‍ വീണ്ടും ടീം ഇന്ത്യക്കായി റണ്‍വേട്ട നടത്തി ഇംഗ്ലണ്ടിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
രാജ്‌കോട്ടില്‍ ഇന്ത്യ 434 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം കൊയ്ത മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ജയ്‌സ്വാള്‍ ഇടിവെട്ട് ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. 236 ബോളില്‍ പുറത്താവാതെ 214 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 12 സിക്‌സറുകളടക്കമായിരുന്നു ഇത്. പാകിസ്താന്റെ മുന്‍ ഇതിഹാസം വസീം അക്രമിന്റെ ലോക റെക്കോര്‍ഡിനൊപ്പവും ജയ്‌സ്വാള്‍ ഇതോടെ എത്തിയിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും താരം ഇതിനകം വാരിക്കൂട്ടിയത് 22 സിക്‌സറുകളാണ്.

നാലാം ടെസ്റ്റിലും തന്റെ മാജിക്കല്‍ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് 22 കാരനായ ജയ്‌സ്വാള്‍. മൂന്നു വമ്പന്‍ ലോക റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ റാഞ്ചി ടെസ്റ്റില്‍ കാത്തിരിക്കുകയാണ്. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം. ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പിന്റെ (ഡബ്ല്യുടിസി) ചരിത്രത്തില്‍ ഏറ്റവും വേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ആദ്യത്തേത്.
വെറും ഏഴു ടെസ്റ്റുകളില്‍ നിന്നും ജയ്‌സ്വാള്‍ ഇതിനകം വാരിക്കൂട്ടിയത് 861 റണ്‍സാണ്. നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലുമായി 139 റണ്‍സ് നേടാനായാല്‍ ജയ്‌സ്വാളിനു പുതിയ ലോക റെക്കോര്‍ഡിടാം. ഇതു മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിക്കിയ ലോകത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു സ്വന്തമാക്കാം.
നിലവില്‍ ഈ ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് സ്വന്തമാണ്. ഏഴു ടെസ്റ്റുകളിലാണ് അദ്ദേഹം നാലക്കത്തിലെത്തിയത്. ഏറ്റവും വേഗമേറിയ 1000 റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡിന്റെ അവകാശി മുന്‍ താരം വിനോദ് കാംബ്ലിയാണ്. അദ്ദേഹത്തെയും പിന്തള്ളാന്‍ ജയ്‌സ്വാളിനു കഴിഞ്ഞേക്കും.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഡബിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യത്തെ താരമെന്ന ലോക റെക്കോര്‍ഡും ജയ്‌സ്വാളിനെ റാഞ്ചിയില്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകളില്‍ താരം ഡബിളടിച്ചു കഴിഞ്ഞു.
വിശാഖപട്ടണത്തു നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 209 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. 290 ബോളുകള്‍ നേരിട്ട താരം 19 ഫോറും ഏഴു സിക്‌സറുമടിച്ചു. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിഭങ്‌സിലാവട്ടെ പുറത്താവാതെ 214 റണ്‍സും ജയ്‌സ്വാള്‍ കുറിക്കുകയായിരുന്നു.

ആറു ബാറ്റര്‍മാര്‍ മാത്രമേ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ഡബിളടിച്ചിട്ടുള്ളൂ. വാലി ഹാമണ്ട് (ഇംഗ്ലണ്ട്), ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), വിനോദ് കാംബ്ലി (ഇന്ത്യ), കുമാര്‍ സങ്കക്കാര (ശ്രീലങ്ക), മൈക്കല്‍ ക്ലാര്‍ക്ക് (ഓസ്‌ട്രേലിയ), വിരാട് കോലി (ഇന്ത്യ) എന്നിവരാണിത്. ഇവര്‍ക്കൊപ്പം ഇപ്പോള്‍ ജയ്‌സ്വാളും നില്‍ക്കുകയാണ്. അടുത്ത ടെസ്റ്റിലും ഡബിളടിച്ചാല്‍ ഇവരെയെല്ലാം അദ്ദേഹത്തിനു ഓവര്‍ടേക്ക് ചെയ്യാം.
ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച രണ്ടാമത്തെ താരമെന്ന ലോക റെക്കോര്‍ഡും ജയ്‌സ്വാളിനെ റാഞ്ചിയില്‍ കാത്തിരിക്കുന്നു. ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ ടെസ്റ്റ് ചരിത്രത്തില്‍ നേരത്തേ ഒരു പരമ്പരയില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ചിട്ടുള്ളൂ.
1930കളില്‍ ഇംഗ്ലണ്ടുമായുള്ള ആഷസ് പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്രനേട്ടം. റാഞ്ചി ടെസ്റ്റിലും ഡബിള്‍ നേടുകയാണെങ്കില്‍ ബ്രാഡ്മാനോടൊപ്പം ഈ അപൂര്‍വ്വ ലോക റെക്കോര്‍ഡില്‍ ജയ്‌സ്വാളിനും പങ്കാളിയാവാം.