രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തോറ്റ് തുടങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റിലും വമ്പന്‍ ജയത്തോടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിലവില്‍ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയെ തകര്‍ത്തടുക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തിലും ഇന്ത്യ തകര്‍പ്പന്‍ പ്രകടനം നടത്തുന്നു.
യുവതാരങ്ങളെല്ലാം അവസരത്തിനൊത്ത് ഉയരുന്നുവെന്നതാണ് ഇന്ത്യയുടെ കരുത്ത്. നാലാം ടെസ്റ്റിലും ജയിച്ച് പരമ്പര ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യ പരമ്പരയില്‍ മുന്നിലാണെങ്കിലും ടീമിനെ ചില പ്രശ്നങ്ങള്‍ വേട്ടയാടുകയാണ്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ജസ്പ്രീത് ബുംറയുടെ ജോലിഭാരമാണ്. ഇന്ത്യ ബുംറക്ക് വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
എന്നാല്‍ കോലിയും രാഹുലും ഇല്ലാത്ത ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയെ നയിക്കാന്‍ ബുംറയുടെ സേവനം അത്യാവശ്യമാണ്. മുഹമ്മദ് ഷമി ടീമിലുണ്ടായിരുന്നെങ്കില്‍ ബുംറക്ക് വിശ്രമം അനുവദിക്കാമായിരുന്നു. എന്നാല്‍ ഷമിയും ടീമിലില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യക്ക് ബുംറയെ കളിപ്പിക്കാതെ മറ്റ് വഴികളില്ല. പക്ഷെ ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കെ ബുംറ വിശ്രമമില്ലാതെ കളിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും.
പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ബുംറ. ഇപ്പോള്‍ മടങ്ങിവരവിന് ശേഷം തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ട് ജയത്തിലും ബുംറയുടെ പങ്ക് വളരെ വലുതായിരുന്നു. ഈ സാഹചര്യത്തില്‍ ബുംറയെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ജോലി ഭാരം നിയന്ത്രിക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍ ഇന്ത്യയെ വെട്ടിലാക്കിയിരിക്കുന്ന പ്രശ്നമാണിത്.

രണ്ടാമത്തെ പ്രശ്നം ആക്രമണ ബാറ്റിങ്ങിനെതിരേ ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ പതറുന്നുണ്ടെന്നതാണ്. ഇംഗ്ലണ്ടിന്റെ കടന്നാക്രമണം ഉണ്ടാവുമ്പോള്‍ സ്പിന്നര്‍മാര്‍ സമ്മര്‍ദ്ദത്തിലാവുന്നു. വഴങ്ങുന്ന റണ്‍സ് കൂടുതലാണ്. ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ് ഷോട്ടുകളാണ് കൂടുതല്‍ പയറ്റുന്നത്.
ബെന്‍ ഡക്കെറ്റ് മൂന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയപ്പോള്‍ സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ കളിച്ചത് സ്വീപ് ഷോട്ടാണ്. ഇംഗ്ലണ്ടിന്റെ പല താരങ്ങളും ഫോമിലല്ലാത്തത് ഇന്ത്യക്ക് അനുഗ്രഹമാണ്. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കുഴപ്പത്തിലാവാന്‍ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ജോ റൂട്ടാണ്. ഇന്ത്യയില്‍ മികച്ച റെക്കോഡും താരത്തിനുണ്ട്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം താരത്തിന് നടത്താനാവാത്തത് ഇന്ത്യക്ക് ഗുണം ചെയ്യുന്നു.
മൂന്നാമത്തെ പ്രശ്നം ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരുടെ പ്രകടനമാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങളും പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളതായി കാണാനാവും. ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റിങ് നിരയെ ചെറുക്കാന്‍ ഇന്ത്യ പ്രയാസപ്പെടുകയാണെന്നതാണ് വസ്തുത. ഇതിന് പരിഹാരം കാണേണ്ടതും ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. പരമ്പരയില്‍ രണ്ട് ടെസ്റ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് തിരിച്ചുവരവ് അവസരമുണ്ട്.
ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ച് പരമ്പര നേടുമെന്ന് നായകന്‍ ബെന്‍ സ്റ്റോക്സ് വ്യക്തമാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും വലിയ ആത്മവിശ്വാസത്തിലാണുള്ളത്. ഈ അവസരത്തില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് നിസംശംയ പറയാം. നാലാം ടെസ്റ്റും ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.