ചെന്നൈ: ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ കസറുകയാണ്. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ പതറുമ്പോഴും ടി20യില്‍ എല്ലാ എതിരാളികളേയും വീഴ്ത്താന്‍ ഇന്ത്യക്കാവുകയാണ്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലുള്ള യുവതാരനിരയാണ് മിന്നിക്കുന്നത്. ശ്രീലങ്കയേയും ബംഗ്ലാദേശിനേയും ദക്ഷിണാഫ്രിക്കയേയുമെല്ലാം തകര്‍ത്ത ഇന്ത്യ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയും ജയിച്ച് തുടങ്ങിയിരിക്കുകയാണ്.
ഇന്ത്യ ഈ പരമ്പരയും സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ സമീപകാലത്തെ ടി20 പ്രകടനങ്ങളെല്ലാം മികച്ചതായി മാറവെ ഗംഭീറും സൂര്യകുമാറും കൈയടി അര്‍ഹിക്കുന്നു. മികച്ച യുവതാരങ്ങളെയടക്കം പരിഗണിച്ചാണ് ഇന്ത്യ കെട്ടുറപ്പുള്ള ടി20 ടീമിനെ സൃഷ്ടിക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനെ ശക്തമാക്കുന്നത് ചില കാര്യങ്ങളാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
തുടക്കം മുതലുള്ള ആക്രമണോത്സക പദ്ധതി
നേരത്തെയുള്ള ഇന്ത്യന്‍ ടീമിന്റെ പദ്ധതി നോക്കിയാല്‍ ഒരാള്‍ ആക്രമിക്കുമ്പോള്‍ മറ്റൊരു താരം ആംഗര്‍ റോളിലേക്ക് ഒതുങ്ങുന്നതാണ് കാണാനാവുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ പദ്ധതികള്‍ വളരെയധികം മാറിയിരിക്കുകയാണ്. എല്ലാ താരങ്ങളും ആക്രമണോത്സകത കാട്ടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ ശൈലി ഇന്ത്യയുടെ കുതിപ്പിന് കരുത്താവുന്നത്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും തുടങ്ങി വെക്കുന്ന ബാറ്റിങ് വെടിക്കെട്ട് വാലറ്റംവരെ തുടരുമെന്നതാണ് എടുത്തു പറയേണ്ടത്.
കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറാവുന്നുണ്ട്. ഇതും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ്. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ആക്രമണത്തിലേക്ക് എത്തുമ്പോള്‍ ടീമിന്റെ പ്രകടനം വളരെയധികം മെച്ചപ്പെടുകയാണ്. നിലവിലെ ആക്രമണോത്സക പദ്ധതി ഇന്ത്യക്ക് വളരെയധികം കരുത്ത് പകരുന്നുണ്ടെന്ന് തന്നെ പറയാം.

കൃത്യമായ റോളിലേക്ക് താരങ്ങളെ നിയോഗിച്ചു
ഇന്ത്യയുടെ ടി20യിലെ മുന്നേറ്റത്തിന് കരുത്താവുന്ന മറ്റൊരു കാര്യം താരങ്ങളെ കൃത്യമായ റോളുകളിലേക്ക് ഉപയോഗിക്കുന്നതാണ്. സഞ്ജു സാംസണെ ഓപ്പണര്‍ റോളിലേക്ക് കൊണ്ടുവന്നത് മികച്ച നീക്കമാണ്. മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെയാണ് സഞ്ജു സമീപകാലത്തായി മിന്നിച്ചത്. അഭിഷേക് ശര്‍മയെ ഓപ്പണര്‍ റോളിലേക്ക് പിന്തുണക്കുകയും ചെയ്യുന്നു. താരങ്ങളെ കൃത്യമായ റോളിലേക്ക് പിന്തുണക്കുന്നത് ഇന്ത്യയുടെ വിജയ കുതിപ്പിന് കരുത്താകുന്നു.
വരുണ്‍ ചക്രവര്‍ത്തിയെ ടീമിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ശോഭിക്കുന്നു. ഇതിന് പിന്നില്‍ ഗംഭീറിന്റെ തീരുമാനമാണ് നിര്‍ണ്ണായകം. ഇന്ത്യ തഴഞ്ഞ പല പ്രതിഭകളേയും ടീമിലേക്ക് കൊണ്ടുവരാനും ഗംഭീര പ്രകടനത്തിലേക്കെത്തിക്കാനും ഗംഭീറിന് സാധിച്ചു. ഫിനിഷര്‍ റോളില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം റിങ്കു സിങ്ങിനേയും നിതീഷ് കുമാര്‍ റെഡ്ഡിയേയും ഇന്ത്യ പിന്തുണക്കുന്നു. ഈ റോളുകളിലേക്കെല്ലാം കൃത്യമായ താരങ്ങളെ തന്നെ കണ്ടെത്തി വളര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.
താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു
ഇന്ത്യയുടെ പല പരിശീലകരും നിര്‍ബന്ധ ബുദ്ധിയോടെ താരങ്ങള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നവരായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ ഇത്തരമൊരു ശൈലിയില്‍ മുന്നോട്ട് പോകുന്ന പരിശീലകനല്ല. താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നവനാണ് ഗംഭീര്‍. ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ക്കൊണ്ട് അദ്ദേഹം താരങ്ങളെ തള്ളിപ്പറയുന്നില്ല. താരങ്ങള്‍ക്ക് ഇത്തരത്തില്‍ പിന്തുണ ലഭിക്കുമ്പോള്‍ അവരുടെ ആത്മവിശ്വാസം ഉയരുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്യുന്നു.
ഇത്തരത്തില്‍ നായകനും പരിശീലകനും നല്‍കുന്ന വലിയ പിന്തുണ ഇന്ത്യയുടെ കുതിപ്പിന് ഊര്‍ജമാകുന്നുണ്ട്. ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ ടീം തിരഞ്ഞെടുപ്പും പദ്ധതികളും ഇന്ത്യയുടെ സമീപകാലത്തെ മുന്നേറ്റത്തിന് കരുത്താവുന്നുണ്ടെന്ന് തന്നെ പറയാം. നിലവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് വരുന്ന ടി20 ലോകകപ്പ് കിരീടവും നേടാന്‍ സാധിക്കുമെന്ന തരത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ് നിലവിലെ പ്രകടനങ്ങളെന്ന് പറയാം.